പഴയ ബസും പുതുതായി വാങ്ങിയ കാറും അവയുടെ നമ്പറുകളും | Photo: News18
ചെറുപ്പകാലത്ത് ഭൂരിഭാഗം ആണ്‍കുട്ടികളുടെയും ആഗ്രഹം ഡ്രൈവര്‍ ആകണമെന്നും പലരുടെയും ഹീറോ സ്‌കൂള്‍ ബസിലേയൊ അല്ലെങ്കില്‍ സ്ഥിരമായി യാത്ര ചെയ്യുന്ന ബസിലേയോ ഡ്രൈവറുമായിരിക്കും. സ്ഥിരമായി യാത്ര ചെയ്യുന്ന ബസിന്റെ നമ്പര്‍ പോലും ഭൂരിഭാഗം കുട്ടികള്‍ക്കും മനപാഠവുമായിരിക്കും. പ്രായമേറുന്നതോടെ ഇത്തരം വാഹനപ്രേമവും ചെറിയ ആഗ്രഹങ്ങളുമൊക്കെ മാറുന്നതാണ് പതിവ്. എന്നാല്‍, കുട്ടിക്കാലത്ത് സ്ഥിരമായി യാത്ര ചെയ്തിരുന്ന ബസും അതിലെ ഡ്രൈവറിനെയും മറക്കാത്ത രണ്ട് പ്രവാസികളുടെ കഥയാണിത്.
1990-കളാണ് ഈ സംഭവത്തിന്റെ പശ്ചാത്തലം. ചെങ്കപ്പ, ആദിത്യ എന്നിവരുടെ പ്രൈമറി സ്‌കൂള്‍ കാലഘട്ടം. ബെംഗളൂരുവിലെ വിദ്യാരണ്യപുരയില്‍ നിന്ന് യശ്വന്തപുര വരെ ബി.എം.ടി.സിയുടെ ബസില്‍ യാത്ര ചെയ്തായിരുന്നു സ്‌കൂളില്‍ പോയിരുന്നത്. സാധാരണ ചെറിയ കുട്ടികള്‍ ബസില്‍ കയറിയാല്‍ ചെയ്യുന്നത് പോലെ ഏറ്റവും മുന്നിലെ പെട്ടിസീറ്റില്‍ തന്നെ സ്ഥാനം ഉറപ്പിക്കും. വെറുതെ ഇരിക്കുക മാത്രമായിരുന്നില്ല. യാത്രസമയം അത്രയും സ്ഥിരം ഡ്രൈവറായിരുന്ന ധന്‍പാലുമായി സംസാരിച്ചായിരുന്നു ഇവരുടെ സ്‌കൂള്‍ യാത്ര.
സ്‌കൂളിലെ വിശേഷങ്ങളും കൂട്ടുക്കാരുടെ കുസൃതികളും ഇഷ്ടപ്പെട്ട വിനോദങ്ങളും എല്ലാം ഡ്രൈവറായ ധന്‍പാലിനോട് വിവരിക്കുന്നതിനൊപ്പം ബസിന്റെ വിശേഷങ്ങള്‍ അറിയുകയും തങ്ങള്‍ മനസിലാക്കാന്‍ സാധിക്കുന്ന ബസിന്റെ പ്രവര്‍ത്തനങ്ങള്‍ ചോദിക്കുകയും ചെയ്തായിരുന്നു അവരുടെ യാത്ര. ഒരിക്കല്‍ പോലും ദേഷ്യം കാണിക്കാതെ തന്റെ അറിവിന് അനുസരിച്ച് കുട്ടികള്‍ക്ക് ബസിനെ കുറിച്ച് പറഞ്ഞ് കൊടുക്കാനും ആ ഡ്രൈവറിന് മടിയുണ്ടായിരുന്നില്ല. അദ്ദേഹവും ഏറ്റവും ആസ്വദിച്ചിരുന്ന ഒന്നായിരുന്നു കുട്ടികളുമായുള്ള സംഭാഷണം.
പതിറ്റാണ്ടുകള്‍ പലതും കഴിഞ്ഞ് പോയെങ്കിലും ഈ ഡ്രൈവറും കുട്ടികളും തമ്മിലുള്ള ബന്ധത്തിന് മങ്ങൽ ഏറ്റിട്ടില്ല. 31 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ന് ആദ്യത്യ ജര്‍മനിയിലും ചെങ്കപ്പ അമേരിക്കയിലുമാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്. ഇന്നും പഴയകാല ഓര്‍മകള്‍ക്കൊപ്പം പഴയ ബസും അന്നത്തെ ഡ്രൈവറും അവരുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്നു. സര്‍വീസില്‍ നിന്ന് വിരമിച്ച ധന്‍പാലിനെ മിക്കപ്പോഴും അവര്‍ ഫോണില്‍ വിളിക്കുകയും അദ്ദേഹവുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്.
അമേരിക്കയില്‍ താമസമാക്കിയിട്ടുള്ള ചെങ്കപ്പ അടുത്തിടെ പുതിയ ടെസ്‌ല കാര്‍ വാങ്ങിയതും അതിനായി തിരഞ്ഞെടുത്ത നമ്പറുമാണ് ഇവരുടെ സൗഹൃദം പുറത്തുവരാന്‍ കാരണമായത്. പണ്ട് താന്‍ സ്ഥിരമായി സഞ്ചരിച്ചിരുന്ന ബി.എം.ടി.സി. ബസിന്റെ നമ്പറായ കെ.എ.01 എഫ് 232 എന്ന നമ്പറാണ് അമേരിക്കയില്‍ അദ്ദേഹത്തിന്റെ വാഹനത്തിനായി സ്വന്തമാക്കിയത്. തന്റെ പുതിയ വാഹനവും അതിനായി സ്വന്തമാക്കിയ നമ്പറും ഉള്‍പ്പെടുന്ന വീഡിയോ ചെങ്കപ്പ ധന്‍പാലിന് അയയ്ച്ച് നല്‍കുകയും ചെയ്തിട്ടുണ്ട്.
വിദ്യാരണ്യപുരിയില്‍ നിന്ന് യശ്വന്തപുരയിലേക്കുള്ള എഫ് 232 ബസിലെ യാത്രയും നിങ്ങളോടുള്ള സംസാരവുമാണ് എന്നെ ഒരു ബസ്‌പ്രേമിയാക്കിയത്. നിങ്ങള്‍ ഏപ്പോഴും വളരെ സ്‌നേഹത്തോടെയും എളിമയോടേയുമാണ് ഞങ്ങളോട് സംസാരിച്ചിരിക്കുന്നത്. ബസ് യാത്രയിലൂടെ നിങ്ങള്‍ ഞങ്ങള്‍ക്ക് സമ്മാനിച്ച നല്ല ഓര്‍മകള്‍ക്കുള്ള ആദരമായിട്ടാണ് എന്റെ കാറിന് ഞാന്‍ ഈ നമ്പര്‍ തിരഞ്ഞെടുത്തത്. സന്തോഷകരമായ ജീവിതം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്ന വീഡിയോയും ചെങ്കപ്പ ധന്‍പാലിന് അയച്ചിട്ടുണ്ട്.
Source: News18
Content Highlights: Young man chose KA01F232 Number for his tesla car, His All time favorite bus number


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..