കപിൽ ദേവ്, ഋഷഭ് പന്തിന്റെ അപകടത്തിൽ പെട്ട കാർ | Photo: Mathrubhumi, ANI
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് വാഹനാപകടത്തില്‍ പരിക്കേറ്റത്. അദ്ദേഹം ഓടിച്ചിരുന്ന മെഴ്സിഡീസ് ബെന്‍സ് ഡല്‍ഹി-ദെഹ്റാദൂണ്‍ ഹൈവേയില്‍ ഡിവൈഡറില്‍ ഇടിക്കുകയും തീപിടിക്കുകയുമായിരുന്നു. അപകടത്തില്‍ അദ്ദേഹത്തിന്റെ നെറ്റിയില്‍ രണ്ട് മുറിവുകള്‍ ഉണ്ടാകുകയും വലതുകാല്‍ മുട്ടിന്റെ ലിഗ്മെന്റിന് പരിക്കേല്‍ക്കുകയും ചെയ്തു. ഈ സഹചര്യത്തില്‍ ഐ.പി.എല്ലിന്റെ ഈ സീസണ് അദ്ദേഹത്തിന് നഷ്ടപ്പെടുമെന്നാണ് വിലയിരുത്തലുകള്‍.
ഈ സാഹചര്യത്തില്‍ യുവ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഉപദേശവുമായി എത്തിയിരിക്കുകയാണ് മുതിര്‍ന്ന ക്രിക്കറ്റ് താരം കപില്‍ ദേവ്. നിങ്ങള്‍ക്ക് കാണാന്‍ സ്റ്റൈലിഷായ, നല്ല വേഗതയുള്ള കാര്‍ ഉണ്ടായിരിക്കാം. പക്ഷെ, അത് നിങ്ങള്‍ തന്നെ ഓടിക്കണമെന്നില്ല. ഒരു ഡ്രൈവറെ നിയോഗിക്കുന്നത് ഒരാള്‍ക്കും ബുദ്ധിമുട്ട് ഉള്ള കാര്യമാണെന്ന് കരുതുന്നില്ല. ഡ്രൈവിങ്ങ് ചില ആളുകള്‍ക്ക് ഹോബിയായിരിക്കും. എന്നാല്‍, നിങ്ങള്‍ക്ക് അതിലും വലിയ ഉത്തരവാദിത്വമുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
ഞാന്‍ ക്രിക്കറ്റ് കളിച്ചിരുന്ന കാലഘട്ടത്തില്‍ എനിക്ക് ഒരു മോട്ടോര്‍സൈക്കിള്‍ അപകടമുണ്ടായി. ഈ ദിവസം മുതല്‍ എന്റെ സഹോദരന് എന്ന ബൈക്കില്‍ തൊടാന്‍ പോലും അനുവദിച്ചിരുന്നില്ല. ഇക്കാര്യങ്ങളില്‍ നിങ്ങള്‍ സ്വയം തീരുമാനം എടുക്കണം. സുരക്ഷിതരായിരിക്കുക എന്നത് നിങ്ങളുടെ ഉത്തരവാദിത്വമാണെന്നും കപില്‍ ദേവ് അഭിപ്രായപ്പെട്ടു. ഋഷഭ് പന്ത് സുരക്ഷിതനാണെന്ന് അറിഞ്ഞതില്‍ ദൈവത്തിനോട് നന്ദി പറയുന്നുവെന്നും കപില്‍ ദേവ് കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹി-ദെഹ്റാദൂണ്‍ ഹൈവേയില്‍ ദെഹ്റാദൂണില്‍ നിന്ന് 90 കിലോ മീറ്റര്‍ അകലെ നര്‍സനില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. മാതാപിതാക്കളെ കാണുന്നതിനായാണ് വെള്ളിയാഴ്ച പുലര്‍ച്ചെ പന്ത് കാറുമായി ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടത്. മെഴ്സിഡസിന്റെ ജി.എല്‍.ഇ. കാറാണ് താരം ഉപയോഗിച്ചത്. എന്നാല്‍ ഡല്‍ഹി-ഹരിദ്വാര്‍ ദേശീയപാതയില്‍ വെച്ച് കാര്‍ ഡിവൈഡറിലിടിച്ചു. പുലര്‍ച്ചെ 5.30-ഓടെയാണ് അപകടമുണ്ടായത്. ഡിവൈഡറിലിടിച്ച വാഹനം പൂര്‍ണമായും കത്തി നശിച്ചു.
തീപിടിച്ചുകൊണ്ടിരുന്ന കാറിനുള്ളിലായിരുന്ന പന്തിനെ അതുവഴിവന്ന ഹരിയാണ റോഡ് വെയ്സ് ബസ് ഡ്രൈവര്‍ സുശീല്‍ മാന്നും കണ്ടക്ടര്‍ പരംജീത്തും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. അപകടത്തെ തുടര്‍ന്ന് ഇവര്‍ നടത്തിയ സമയോചിത ഇടപെടലിനെ ഉത്തരാഖണ്ഡ് പോലീസ് ആദരിച്ചിരുന്നു. ഇതിനുപിന്നാലെ ഇവരെ രണ്ടു പേരെയും ആദരിക്കാനൊരുങ്ങുകയാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. വരുന്ന റിപ്പബ്ലിക് ദിനത്തിലായിരിക്കും ഇവരെ ആദരിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlights: Young cricketers should not drive their vehicles says kapil dev, Rishabh Pant, Car accident
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..