ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ഷവോമി വാഹന നിര്‍മാണത്തിന് ഒരുങ്ങുന്നു എന്നത് കഴിഞ്ഞ ദിവസം വരെ അഭ്യൂഹം മാത്രമായിരുന്നു. എന്നാല്‍, ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ ഷവോമിയുടെ സി.ഇ.ഒ. ലേയ് ജുന്‍ നടത്തിയ പ്രഖ്യാപനത്തിലൂടെ ഓട്ടോമൊബൈല്‍ നിര്‍മാണ മേഖലയിലേക്കുള്ള ഷവോമിയുടെ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. 

2024-ന്റെ ആദ്യ പകുതി മുതല്‍ ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണം തുടങ്ങുമെന്നാണ് ഷവോമി സി.ഇ.ഒ. അറിയിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ മാസ് പ്രൊഡക്ഷനാണ് ഷവോമി ആരംഭിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ഉറപ്പ്. സമൂഹമാധ്യമങ്ങളിലൂടെയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയിട്ടുള്ളതെങ്കിലും കമ്പനിയുടെ വിവിധ വേരിഫൈസ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ഇക്കാര്യം പങ്കുവയ്ക്കുകയും ചെയ്തു.

അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണത്തിനായി പത്ത് മില്ല്യണ്‍ ഡോളിന്റെ നിക്ഷേപം നടത്തുമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ഷവോമി പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെ ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഇലക്ട്രിക് കാര്‍ ബിസിനസിന് ആവശ്യമായ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും, നിയമനങ്ങള്‍ നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, വാഹ നിര്‍മാണത്തില്‍ ഏതെങ്കിലും പങ്കാളികളുടെ പിന്തുണയുണ്ടോയെന്ന വ്യക്തമല്ല. 

ചൈനയിലെ ഏറ്റവും വലിയ പിക്കപ്പ് ട്രക്ക് നിര്‍മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സുമായി സഹകരിച്ചായിരിക്കും ഷവോമി ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുകയെന്നായിരുന്നു മുമ്പ് പുറത്തുവന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഷവോമിക്ക് ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാനുള്ള എന്‍ജിനീയറിങ്ങ് സംവിധാനങ്ങള്‍ ഗ്രേറ്റ് വാള്‍ മോട്ടോഴ്സ് ഒരുക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, പിന്നീട് ഇത് സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടില്ല. 

എട്ട് വര്‍ഷത്തെ പാരമ്പര്യമുള്ള സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ഷവോമി വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മറ്റ് ബിസിനസുകളിലേക്കും ചുവടുവയ്ക്കുന്നതെന്നാണ് വിലയിരുത്തല്‍. ആഗോള ചിപ്പ് ക്ഷാമത്തെ തുടര്‍ന്ന് ലാഭവിഹിതത്തില്‍ ഗണ്യമായ കുറവുണ്ടായതിനെ തുടര്‍ന്നാണ് മറ്റ് വ്യവസായ മേഖലകളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഓട്ടോണമസ് പോലുള്ള വാഹനങ്ങളും ഭാവിയില്‍ ഷവോമിയില്‍ നിന്നും പ്രതീക്ഷിക്കാം.

Content Highlights: Xiaomi Entering To Electric Vehicle Manufacturing, First Model To Launch in 2024