ലിനീകരണമുക്തമായ പരിസ്ഥിതി സൃഷ്ടിക്കുന്നതിനായി ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ ലോകരാജ്യങ്ങള്‍ സ്വീകരിച്ച് കഴിഞ്ഞു. എന്നാല്‍, ഇക്കാര്യത്തില്‍ ഒരു പടി കൂടി കടന്നിരിക്കുകയാണ് അമേരിക്ക. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പിന്നാലെ സോളാര്‍ കരുത്തിലോടുന്ന വാഹനങ്ങളും പുറത്തിറക്കാനൊരുങ്ങുകയാണ് യു.എസ്.എ. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹംപിള്‍ മോട്ടോഴ്‌സാണ് സോളാര്‍ എസ്.യു.വി. നിര്‍മിക്കുന്നത്. 

ഹംപിള്‍ വണ്‍ എന്ന പേരിലാണ് ലോകത്തിലെ തന്നെ ആദ്യ സോളാര്‍ എസ്.യു.വി. ഒരുങ്ങുന്നത്. സോളാര്‍ പവറില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ തന്നെ ഈ വാഹനത്തിലെ യാത്ര തികച്ചും സൗജന്യമാണെന്ന് തന്നെ പറയാന്‍ സാധിക്കും. സോളര്‍ വാഹനത്തിന്റെ കണ്‍സെപ്റ്റ് മോഡലാണ് ഹംപിള്‍ എന്ന ഇലക്ട്രിക് വെഹിക്കിള്‍ സ്റ്റാര്‍ട്ട് അപ്പ് നിര്‍മിച്ചിട്ടുള്ളത്. മറ്റ് വാഹനങ്ങളുമായി താരതമ്യമില്ലാത്ത ഫ്യൂച്ചറിസ്റ്റിക് ഡിസൈനിലാണ് ഹംപിളിന്റെ സോളാര്‍ എസ്.യു.വി. ഒരുങ്ങിയിട്ടുള്ളത്. 

വാഹനത്തിന്റെ റൂഫില്‍ 80 സ്‌ക്വയര്‍ ഫീറ്റ് വലിപ്പമുള്ള ഫോട്ടോവോള്‍ട്ടെയ്ക്ക് സെല്ലുകള്‍ നല്‍കിയാണ് സോളര്‍ കിരണങ്ങള്‍ ആഗിരണം ചെയ്യുന്നത്. ഇത് വാഹനം പ്രവര്‍ത്തിക്കാനുള്ള എനര്‍ജി ആകുകയും ചെയ്യും. 805 കിലോമീറ്റര്‍ റേഞ്ചാണ് കമ്പനി ഹംപിള്‍ വണ്ണിന് നല്‍കുന്നത്. ലഭിക്കുന്ന പവറിന്റെ അടിസ്ഥാനത്തില്‍ ഇത് 96 കിലോമീറ്റര്‍ വരെ വര്‍ധിക്കുകയും ചെയ്യാം. 1020 എച്ച്.പിയാണ് ഈ വാഹനം ഉത്പാദിപ്പിക്കുന്ന കരുത്ത് എന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 

നാല് പേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന വാഹനമായാണ് ഹംപിള്‍ വണ്‍ ഒരുങ്ങിയിട്ടുള്ളത്. എസ്.യു.വി. മോഡലാണെങ്കില്‍ പോലും പ്രീമിയം സെഡാന്‍ വാഹനത്തെക്കാള്‍ നീളം ഈ വാഹനത്തിനുണ്ടെന്നാണ് വിവരം. അഞ്ച് മീറ്റര്‍ നീളമുണ്ടാകുമെന്നാണ് പ്രതീക്ഷ. 1814 കിലോഗ്രാം ആണ് ഈ വാഹനത്തിന്റെ ഭാരം. വാഹനത്തിന്റെ വേഗത ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വൈകാതെ നിര്‍മാതാക്കള്‍ വെളിപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ഫെരാരി, പിയാജിയോ, ഫോണ്‍മുല വണ്‍, ഫോര്‍ഡ് തുടങ്ങിയവയിലെ ശസ്ത്രജ്ഞന്‍മാര്‍, എന്‍ജിനിയര്‍മാര്‍, ഡിസൈനര്‍മാര്‍ എന്നിവരുടെ കൂട്ടായ്മയിലാണ് ഹംപിള്‍ ടീം ഒരുങ്ങിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇലക്ട്രിക് വാഹനങ്ങള്‍ പോലെ, സോളാര്‍ വാഹനങ്ങളും ഭാവിയുടെ ഗതാഗത സംവിധാനമാകും. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്ന ഗതാഗത സംവിധാനത്തില്‍ ഏറെ വൈകാതെ തന്നെ സോളര്‍ വാഹനങ്ങളും സാന്നിധ്യമാകുമെന്നാണ് ഹംപിളിന്റെ സ്ഥാപകനായി ദിമ സ്റ്റീസി അഭിപ്രായപ്പെടുന്നത്.

Source: NDTV Car and Bike

Content Highlights: World's First Solar Power SUV Humble One