
എം.ജി. സൈബസ്റ്റർ | Photo: MG Motors India
എം.ജി. മോട്ടോഴ്സ് നിരത്തുകളില്‍ എത്തിക്കുമെന്ന് ഉറപ്പുനല്കിയിട്ടുള്ള ഹൈ-ടെക് ഇലക്ട്രിക് സൂപ്പര്‍ കാര്‍ സൈബസ്റ്റര്‍ അവതരിപ്പിച്ചു. ഇന്റീരിയറിന്റെയും എക്സ്റ്റീരിയറിന്റെയും ടീസര്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തി വാഹനപ്രേമികളില്‍ ജനിപ്പിച്ച കൗതുകം അവസാനിക്കും മുമ്പെയാണ് സൈബസ്റ്റര്‍ സൂപ്പര്‍ കാറിന്റെ യഥാര്‍ഥ രൂപം എം.ജി. മോട്ടോഴ്സ് വെളിപ്പെടുത്തിയത്. ഫ്യൂച്ചറിസ്റ്റിക് ഡിസൈനിലൂടെ സൂപ്പര്‍ കാറുകള്‍ക്ക് പുതിയ നിര്‍വചനം നല്കുന്ന ഡിസൈനിലാണ് സൈബസ്റ്റര്‍ ഒരുങ്ങിയിട്ടുള്ളത്.
ഈ വാഹനത്തിന്റെ ഹൈലൈറ്റുകള്‍ സംബന്ധിച്ച സൂചനകള്‍ എം.ജി. മോട്ടോഴ്സ് ആദ്യം തന്നെ വെളിപ്പെടുത്തിയിരുന്നു. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 800 കിലോമീറ്റര്‍ റേഞ്ച്, 5G ഇന്റര്‍നെറ്റ് കണക്ഷന്, മൂന്ന് സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള കരുത്ത്, ഗെയിമിങ്ങ് കോക്പിറ്റ് തുടങ്ങിയ അത്യാധുനിക ഫീച്ചറുകളുമായി ആയിരിക്കും ഈ വാഹനം എത്തുകയെന്നാണ് ആദ്യം പുറത്തുവിട്ട ടീസറില്‍ എം.ജി. വിശദീകരിച്ചിരുന്നത്.
ഒടുവില്‍ വാഹനത്തിന്റെ യഥാര്‍ഥ രൂപവും എം.ജി. വെളിപ്പെടുത്തിയിരിക്കുകയാണ്. ഐതിഹാസിക എം.ജി.ബി. റോഡ്സ്റ്ററിന്റെ ക്ലാസിക് യൂറോപ്യന്‍ കണ്‍വേര്‍ട്ടബിള്‍ ബോഡി സ്റ്റൈലിലാണ് ഈ വാഹനം ഒരുങ്ങിയിട്ടുള്ളത്. നേര്‍ത്ത ലൈനുകള്‍ പോലെയുള്ള ഹെഡ്ലാമ്പ്, റോഡിനോട് പറ്റിയിരിക്കുന്ന മുന്‍വശം, കര്‍വുകള്‍ നല്‍കിയുള്ള ബമ്പര്‍, വലിയ എയര്‍ ഇന്‍ടേക്കും, ഷാര്‍പ്പ് ആയിട്ടുള്ള ലോവര്‍ ലിപ്പും നല്‍കിയാണ് സൈബസ്റ്ററിന്റെ മുഖം അലങ്കരിച്ചിരിക്കുന്നത്.

സ്പോര്‍ട്സ് കാറുകള്‍ക്ക് സമാനമാണ് വശങ്ങള്. ബോള്‍ഡ് ലൈനുകളും കര്‍വുകളും നല്‍കിയാണ് ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നത്. വലിയ അലോയി വീലുകളും വശങ്ങളെ ആകര്‍ഷകമാക്കും. മുഖഭാവം പോലെ ആകര്‍ഷകമാണ് പിന്‍വശവും. സ്റ്റൈലിഷായി ഡിസൈന്‍ ചെയ്തിട്ടുള്ള ടെയ്ല്‍ലാമ്പ്, എല്‍.ഇ.ഡി. ലൈറ്റുകള്‍, ലൈറ്റ് സ്ട്രിപ്പ്, ഇല്ലുമിനേറ്റിങ്ങ് എം.ജി. ലോഗോ, സ്പോര്‍ട്ടി ഭാവം ഉയര്‍ത്തുന്ന ബമ്പര്‍ എന്നിവ പിന്‍ഭാഗത്തെയും സ്റ്റൈലിഷാക്കുന്നുണ്ട്.
അകത്തളം വെളിപ്പെടുത്തുന്ന ടീസറും എം.ജി. കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഡിജിറ്റല്‍ ഫൈബര്‍ തീമിലാണ് ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ലൈറ്റ് ബാന്‍ഡ്, തിളക്കമുള്ള മെറ്റലുകള്‍, വലിയ എല്‍.ഇ.ഡി. സ്ക്രീന്‍ എന്നിവയുടെ കോമ്പിനേഷനാണ് ഇന്റീരിയറിലെ മറ്റൊരു ആകര്‍ഷണം. ഗെയിമിങ്ങ് കോക്പിറ്റ് ആശയത്തോട് നീതി പുലര്‍ത്തി ഗെയിം പാഡ് സ്റ്റീയറിങ്ങ് വീല്‍, സീറോ ഗ്രാവിറ്റി സ്പോര്‍ട്സ് സീറ്റ് എന്നിവയും ഇന്റീരിയറിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.

എം.ജിയുടെ മാതൃകമ്പനിയായ സായികാണ് ഈ വാഹനത്തിന്റെ ഡിസൈനിങ്ങ് നിര്‍വഹിച്ചിട്ടുള്ളത്. ടീസര്‍ ചിത്രങ്ങളില്‍ സായിക് ഡിസൈന്‍ എന്നും സൈബസ്റ്റര്‍ എന്ന ബാഡ്ജിങ്ങും ആലേഖനം ചെയ്തിട്ടുണ്ട്. സൈബസ്റ്ററിന് കരുത്തേകുന്ന ഇലക്ട്രിക് മോട്ടോറിനെയും ബാറ്ററിയേയും കുറിച്ചുള്ള വിവരങ്ങളാണ് ഇനി വെളിപ്പെടുത്താനുള്ളത്. ഇതുവരെ ഒരു ഇലക്ട്രിക് വാഹനവും നല്കിയിട്ടില്ലാത്ത റേഞ്ചും പരമ്പരാഗത സൂപ്പര്‍ കാറുകളെ വെല്ലുന്ന വേഗതയുമാണ് സൈബസ്റ്റര്‍ ഉറപ്പുനല്‍കുന്നത്.
Content Highlights: World's First pure electric super sports gaming cockpit MG Cyberster Unveiled
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..