പ്രതീകാത്മക ചിത്രം | Photo: Facebook|Ford Canada
വൈദ്യുതവാഹന മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ഉത്പാദന അനുബന്ധപദ്ധതിയില്‍ (പി.എല്‍.ഐ. പദ്ധതി) ഇന്ത്യയില്‍നിന്ന് പ്രവര്‍ത്തനം അവസാനിച്ച് പിന്മാറിയ യു.എസ്. കമ്പനി ഫോര്‍ഡ് മോട്ടോഴ്സും. വൈദ്യുതവാഹനങ്ങള് കയറ്റുമതിക്കായി ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നത് കമ്പനി പരിഗണിക്കുന്നതായി ഫോര്‍ഡ് മോട്ടോര്‍ കമ്പനി വക്താവ് സൂചിപ്പിച്ചു. ഇന്ത്യയില്‍ വാഹനോത്പാദനവും വിപണനവും നിര്‍ത്തി പിന്മാറി ഏതാനും മാസങ്ങള്‍ക്കകമാണ് പുതിയ നീക്കമെന്നത് ശ്രദ്ധേയമാണ്.
ഇന്ത്യയില്‍ ഏകദേശം 15,000 കോടി രൂപയുടെ നഷ്ടമുണ്ടായതായും ലാഭകരമായി പ്രവര്‍ത്തിക്കാന്‍ വഴി കാണുന്നില്ലെന്നും പറഞ്ഞാണ് ഫോര്‍ഡ് മോട്ടോഴ്സ് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിക്ക് ഇതിന്റെപേരില്‍ വലിയവിമര്‍ശനം നേരിടേണ്ടതായും വന്നിരുന്നു. ഇന്ത്യയില്‍ തമിഴ്നാട്ടിലും ഗുജറാത്തിലുമായി ഫോര്‍ഡിന് രണ്ടുപ്ലാന്റുകളാണുള്ളത്. ഇതില്‍ വൈദ്യുതവാഹനങ്ങള് നിര്‍മിച്ച് ആഗോള വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്നതാണ് ഇപ്പോള്‍ പരിഗണനയിലുള്ളത്.
ആഗോളതലത്തില്‍ വൈദ്യുത വാഹനമേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഫോര്‍ഡ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിനായി 3,000 കോടി ഡോളറിന്റെ നിക്ഷേപത്തിനാണ് കമ്പനി തയ്യാറെടുക്കുന്നത്. ഇന്ത്യയില്‍ വലിയനിക്ഷേപം നടത്തിയിട്ടുണ്ടെന്നതിനാല്‍ ചെലവുകുറഞ്ഞ രീതിയില്‍ വൈദ്യുതവാഹന ഉത്പാദനം കമ്പനിക്കുസാധ്യമാകും. പി. എല്‍.ഐ. പദ്ധതിയില്‍ ഇതിനായി ഇളവുകളും ലഭിക്കും.
വൈദ്യുതവാഹനം: പി.എല്‍.ഐ. പദ്ധതിയില്‍ 20 കമ്പനികള്‍ക്ക് അംഗീകാരം
വൈദ്യുത - ഹൈഡ്രജന്‍ വാഹനങ്ങള്‍ക്കും ഘടക നിര്‍മാണത്തിനും പ്രാമുഖ്യംനല്‍കി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പി.എല്‍.ഐ. പദ്ധതിയില്‍ 20 കമ്പനികള്‍ക്ക് അംഗീകാരം. അഞ്ചുവര്‍ഷംകൊണ്ട് ആകെ 25,938 കോടി രൂപയുടെ ഇളവുകളാണ് കേന്ദ്രസര്‍ക്കാര്‍ ഈ സ്കീമില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 115 അപേക്ഷകള്‍ ഇതിനായി ലഭിച്ചെന്നും ഇതില്‍ 20 കമ്പനികള്‍ക്ക് അനുമതി നല്‍കിയെന്നുമാണ് കേന്ദ്ര ഘനവ്യവസായ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
ടാറ്റ മോട്ടോഴ്സ്, സുസുക്കി മോട്ടോര്‍ ഗുജറാത്ത്, ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ, കിയ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഫോര്‍ഡ് ഇന്ത്യ, അശോക് ലെയ്ലാന്‍ഡ്, ഐഷര്‍ മോട്ടോഴ്സ്, പി.സി.എ. ഓട്ടോമൊബൈല്‍സ് ഇന്ത്യ, പിന്നാക്കിള്‍ മൊബിലിറ്റി സൊലൂഷന്‍സ്, ബജാജ് ഓട്ടോ, ഹീറോ മോട്ടോ കോര്‍പ്പ്, പിയാജിയോ, ടി.വി.എസ്. മോട്ടോര്‍ കമ്പനി എന്നിവയാണ് പട്ടികയിലുള്ള പ്രധാന കമ്പനികള്‍. വൈദ്യുതി, ഹൈഡ്രജന്‍ എന്നിവ ഇന്ധനമാക്കിയുള്ള വാഹനങ്ങളാണ് പദ്ധതിക്കുകീഴില്‍ വരിക.
Content Highlights: Will Ford India return by electric vehicle, Ford in central government PLI Project
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..