പ്രമുഖ ആഡംബര വാഹന നിര്‍മ്മാതാക്കളായ വോള്‍വോയുടെ പുതിയ പ്ലഗ് ഇന്‍ എസ്.യു.വി XC 90 ഇന്ത്യന്‍ വിപണിയിലെത്തി. 1.25 കോടിയാണ് ഹൈബ്രിഡ് വാഹനമായ എക്സിയുടെ വില. ഇന്ത്യയില്‍ ഹൈബ്രിഡ് വിഭാഗത്തില്‍പ്പെട്ട വലിപ്പമേറിയ എസ്.യു.വികളിലൊന്നാണ് XC 90. മൂന്ന് തരത്തില്‍ വാഹനം ഓടിക്കാം. ഒറ്റ ചാര്‍ജിംഗില്‍ 40 കിലോ മീറ്റര്‍ വാഹനം ഓടിക്കാന്‍ സാധിക്കും.150 മിനിറ്റ് കൊണ്ട് ചാര്‍ജിംഗ് പൂര്‍ത്തിയാക്കാം.

ഹൈബ്രിഡ് മോഡില്‍ വാഹനം ഓടിക്കുമ്പോള്‍ ലിറ്ററിന്  47.6 കിലോ മീറ്റര്‍ മൈലേജ് ലഭിക്കും. പൂര്‍ണമായും പെട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ 5.6 സെക്കന്റ് കൊണ്ട് 100 കിലോ മീറ്റര്‍ വേഗം കൈവരിക്കാന്‍ XC 90 ടി 8 എക്സലന്‍സിന് സാധിക്കും. വാഹനം വാങ്ങുമ്പോള്‍ രണ്ട് ചാര്‍ജിംഗ് പോയിന്റുകള്‍ ഉപഭോക്താവിന് സൗജന്യമായി വോള്‍വോ സജ്ജമാക്കി കൊടുക്കും. കേരള വിപണിയില്‍ വലിയ പ്രതീക്ഷയാണുള്ളതെന്ന് വോള്‍വോ ഇന്ത്യ ഡയറ്കടര്‍ സുദീപ് നാരായണ്‍ പറഞ്ഞു.

സുരക്ഷക്കും വാഹനം അതീവ പ്രാധാന്യം നല്‍കുന്നുണ്ട്. അത്യാധുനിക റഡാര്‍ സിസ്റ്റം വഴി റോഡില്‍ കൂട്ടിയിടി ഒഴിവാക്കാന്‍ സാധിക്കും. കാല്‍ നടയാത്രക്കാരോ, സൈക്കിള്‍ യാത്രക്കാരോ  കുറുകെ ചാടിയാന്‍ വാഹനം സ്വയം നില്‍ക്കും. ആറ് നിറങ്ങളില്‍ പുതിയ എസ്.യു.വി ലഭിക്കും.

ഇന്ത്യയില്‍ വോള്‍വോ പുറത്തിറക്കുന്ന ഏറ്റവും വില കൂടിയ വാഹനങ്ങളിലൊന്നു കൂടിയാണ്  XC 90 ടി 8 എക്സലന്‍സ്. ആധുനികമായ ഇന്റീരിയറാണ് മറ്റൊരു പ്രത്യേകത. യാത്രക്കാര്‍ക്ക് സീറ്റിംഗ് സംവിധാനം സ്വിച്ചുകള്‍ വഴി ക്രമീരിക്കാം.