സ്വീഡിഷ് വാഹന നിര്‍മാതാക്കളായ വോള്‍വോയുടെ ആഡംബര സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമായ XC 60 ഇന്ത്യന്‍ വിപണിയില്‍ അവതരിച്ചു. 55.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്‌ഷോറൂം വില. യൂറോപ്പിലെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മിഡ്സൈസ് ലക്ഷ്വറി എസ്.യു.വി എന്ന വിശേഷണത്തോടെ ഇന്ത്യയിലെത്തിയ ഈ മോഡല്‍ വോള്‍വോയുടെ എസ്.പി.എ പ്ലാറ്റ്ഫോമിലാണ് നിര്‍മിച്ചത്. അത്യാധുനിക സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കി സുരക്ഷ നല്‍കുന്ന ചുരുക്കം ചില കാറുകളിലൊന്നാണ് പുതിയ XC 60. ഡിസൈന്‍, ഫീച്ചര്‍, എന്‍ജിന്‍ എന്നിവയുടെ കാര്യത്തില്‍ XC60 തന്റെ വല്ല്യേട്ടനായ XC 90 ലക്ഷ്വറി എസ്.യു.വിയോട് കടപ്പെട്ടിരിക്കുന്നു. 2011 മുതല്‍ ഇന്ത്യന്‍ നിരത്തിലുള്ള ഒന്നാം തലമുറ XC 60-ക്ക് പകരക്കാരനാണ് പുതിയ അതിഥി. 

XC 60

വലിയ ഗ്രില്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, ബോഡിയിലെ ക്യാരക്ടര്‍ ലൈന്‍, 19 ഇഞ്ച് അലോയ് വീല്‍, പിറകിലെ ഡ്യുവല്‍ എക്സ്ഹോസ്റ്റ് എന്നിവ വാഹനത്തിന് മാസീവ് ലുക്ക് നല്‍കും. ഔഡി Q5, ബിഎംഡബ്യു X3, മെഴ്‌സിഡീസ് ബെന്‍സ് GLC, ജഗ്വാര്‍ എഫ്-പേസ് എന്നിവയാണ് പുതിയ XC 60-യെ കാത്തിരിക്കുന്ന എതിരാളികള്‍. കസ്റ്റമേഴ്‌സിന്റെ സുരക്ഷ മുന്‍നിര്‍ത്തി ഒട്ടനവധി സേഫ്റ്റി ഫീച്ചേഴ്‌സ് ആണ് വോള്‍വോ പുത്തന്‍ XC 60-യില്‍ ലഭ്യമാക്കിയിട്ടുള്ളത്. എബിഎസ്, സീറ്റ് ബെല്‍റ്റ്, സ്റ്റീര്‍ അസിസ്റ്റ് എന്നിങ്ങനെ സ്റ്റാന്റേഡ് ഫീച്ചേഴ്സിന് പുറമെ വോള്‍വോയുടെ റഡാര്‍ അധിഷ്ഠിത ബ്ലൈന്റ് സ്പോട്ട് ഇന്‍ഡിക്കേഷന്‍ സിസ്റ്റം, പൈലറ്റ് അസിസ്റ്റ്, ലൈന്‍ മിറ്റിഗേഷന്‍ സിസ്റ്റവും വാഹനത്തിലുണ്ട്. പൈലറ്റ് അസിസ്റ്റ് മുന്നിലെയും പിന്നിലെയും വാഹനങ്ങളില്‍ നിന്നും നിശ്ചിത അകലം പാലിക്കാന്‍ സഹായിക്കും. ലൈന്‍ മിറ്റിഗേഷന്‍ സിസ്റ്റം 130 കിലോമീറ്റര്‍ വേഗതയില്‍ പോകുമ്പോള്‍ പോലും XC 60 ലെ ലൈന്‍ മാറാതെ മുന്നേറാന്‍ സഹായിക്കും.

Xc 60

1969 സിസി ഫോര്‍ സിലിണ്ടര്‍ ട്വിന്‍-ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിന്‍ 4000 ആര്‍പിഎമ്മില്‍ 233 ബിഎ്ച്ച്പി പവറും 1750-2250 ആര്‍പിഎമ്മില്‍ 480 എന്‍എം ടോര്‍ക്കും നല്‍കും. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എല്ലാ വീലിലേക്കും ഒരുപോലെ ഊര്‍ജമെത്തിക്കും. മണിക്കൂറില്‍ 220 കിലോമീറ്ററാണ് പരമാവധി വേഗത. അധികം വൈകാതെ പെട്രോള്‍ എന്‍ജിനും ഇന്ത്യയിലെത്താന്‍ സാധ്യതയുണ്ട്. നാപ്പാ ലെതര്‍ സീറ്റുകള്‍, 9.0 ഇഞ്ച് സെന്റര്‍ സെന്‍സസ് ടച്ചസ്‌ക്രീന്‍ സിസ്റ്റം, 15 സ്പീക്കറോടു കൂടിയുള്ള ബോവേഴ്സ് ആന്‍ഡ് വില്‍ക്കിന്‍സ് സറൗണ്ട് സൗണ്ട് സിസ്റ്റം, എയര്‍ സസ്പെന്‍ഷന്‍, ഫോര്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 360 ഡിഗ്രി പാര്‍ക്കിങ് ക്യാമറ തുടങ്ങിയവയും XC 60-യില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

XC 60

Content Highlights: Volvo Safest Car XC 60 Launched In India