ങ്ങളുടെ വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും നല്‍കാത്തവരാണ് വോള്‍വോ. അതിനാല്‍തന്നെ ലോകത്തുള്ള സുരക്ഷിത വാഹനങ്ങളില്‍ മുന്‍നിരയിലുള്ള മിക്ക മോഡലുകളും ഈ സ്വീഡിഷ് തറവാട്ടില്‍ നിന്നുള്ളതാണ്. ഇക്കൂട്ടത്തിലെ ഏറ്റവും ഇളയ കുട്ടിയാണ് വോള്‍വോ XC 40.  ആഡംബരത്തിന്റെ സെഡാന്‍ രൂപങ്ങളില്‍ നിന്ന് വോള്‍വോയുടെ ചെറുകാറുകളിലേക്കുള്ള മാറ്റമാണ് XC 40. ദിവസങ്ങള്‍ക്ക് മുമ്പ് പുതിയ XC 60 ഇന്ത്യയില്‍ അവതരിപ്പിച്ചതിന് പിന്നാലെ വോള്‍വോ നിരയിലെ ഏറ്റവും ചെറിയ എസ്.യു.വിയായ XC 40 ഇന്ത്യയില്‍ എത്തിക്കുമെന്ന് കമ്പനി വ്യക്തമാക്കി കഴിഞ്ഞു. ഔദ്യോഗിക വെബ് സൈറ്റില്‍ വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങളും കമ്പനി വെളിപ്പെടുത്തി. 

XC 40

അടുത്ത വര്‍ഷം പകുതിയോടെ XC 40 ഇവിടെ അരങ്ങേറ്റം കുറിക്കാനാണ് സാധ്യത. ഔഡി Q3,  ബിഎംഡബ്യു X1, മെഴ്‌സിഡീസ് ബെന്‍സ് GLA എന്നീ കേമന്‍മാരോട് നേരിട്ട് മുട്ടാനാണ് XC 40-യുടെ വരവ്. 190 എച്ച്പി കരുത്തേകുന്ന 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍, 247 എച്ച്പി കരുത്തേകുന്ന 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനും ബോണറ്റിനടയില്‍ ഒളിപ്പിച്ചാണ് കുഞ്ഞന്‍ എസ്.യു.വി നിരത്തിലെത്തുക. രണ്ടിലും 8 സ്പീഡ് ഓട്ടോമാറ്റിക്കായിരിക്കും ട്രാന്‍സ്മിഷന്‍. രണ്ടാം ഘട്ടത്തില്‍ 150 എച്ച്പി കരുത്ത് പകരുന്ന 2.0 ലിറ്റര്‍ ഡീസല്‍ പതിപ്പും കമ്പനി ഇങ്ങോട്ടെത്തിക്കും. എന്നാല്‍ മോഡല്‍ പൂര്‍ണമായും നിര്‍മിച്ച് ഇറക്കുമതി ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അതിനാല്‍ വില അല്‍പം ഉയരും, ആദ്യസൂചനകള്‍ പ്രകാരം 37-42 ലക്ഷം രൂപ വരെയാകും വാഹനത്തിന്റെ വിപണി വില. 

വോള്‍വോയുടെ കോംപാക്ട് മോഡുലാര്‍ ആര്‍ക്കിടെക്ച്ചര്‍ പ്ലാറ്റ്‌ഫോമിലാണ് XC 40 അണിഞ്ഞൊരുങ്ങിയത്. മുന്‍ഭാഗത്തെ ഗ്രില്ലും എല്‍ഇഡി ഹെഡ്‌ലൈറ്റും XC 60-യെ ഓര്‍മ്മപ്പെടുത്തും. രൂപത്തില്‍ ചെറുതാണെങ്കിലും മുന്തിയ എസ്.യു.വികളുടെ ലക്ഷ്വറി രൂപഘടന ഉള്‍വശത്തും പ്രകടമാകും. 

XC 60

റോഡുകളിലേക്ക് നല്ലവണ്ണമുള്ള കാഴ്ചയ്ക്കായി ഉയര്‍ന്ന സീറ്റിങ്ങ് പൊസിഷന്‍, സുരക്ഷയ്ക്കായി പൈലറ്റ് അസിസ്റ്റ് സിസ്റ്റം, സിറ്റി സേഫ്റ്റി, റണ്‍ ഓഫ് റോഡ് പ്രൊട്ടക്ഷന്‍, ക്രോസ് ട്രാഫിക് അസിസ്റ്റ്, എബിഎസ്, ഇബിഡി, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ എന്നിവ നല്‍കിയിട്ടുണ്ട്. ഡ്രൈവിങ്ങിനിടയില്‍ സംഭവിക്കാവുന്ന അപകടങ്ങള്‍ മുന്‍കൂട്ടി കാണുന്നതാണ് വാഹനത്തിന്റെ പ്രത്യേകതകളിലൊന്ന്. കാല്‍നടയാത്രക്കാര്‍, റോഡ് തടസ്സമുണ്ടാക്കുന്ന വസ്തുക്കള്‍, എന്നിവയ്ക്ക് പുറമെ റോഡിന് കുറുകെചാടാനൊരുങ്ങുന്ന മൃഗങ്ങളെക്കുറിച്ച് പോലും മുന്നറിയിപ്പ് തരാന്‍ വാഹനത്തിന് കഴിയും. ഈ അവസ്ഥയില്‍ മുന്നറിയിപ്പ് തരുകയും വേണമെങ്കില്‍ സ്വയം വാഹനം നിയന്ത്രിക്കുകയും വരെ ചെയ്യും.