സ്വീഡിഷ് ആഡംബര വാഹന നിര്‍മാതാക്കളായ വോള്‍വോ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് മോഡലായ XC 40 റീച്ചാർജ്  അവതരിപ്പിച്ചു. പുതിയ റീച്ചാർജ് ബ്രാന്‍ഡില്‍ വോള്‍വോയുടെ ആദ്യ മോഡല്‍ കൂടിയാണിത്. രൂപത്തില്‍ റഗുലര്‍ XC 40 മോഡലില്‍നിന്ന് ചെറിയ മാറ്റങ്ങള്‍ മാത്രമേ XC 40 ഇലക്ട്രിക്കിനുള്ളൂ. 

റീച്ചാർജ് ബ്രാന്‍ഡിങ്, ഡ്യുവല്‍ ടോണ്‍ റൂഫ്, റേഡിയേറ്റര്‍ ഗ്രില്ലിന് പകരം മൂടപ്പെട്ട ഗ്രില്‍ ഡിസൈന്‍, പിന്നിലെ പില്ലറിലെ ചാര്‍ജിങ് സോക്കറ്റ് എന്നിവ പുറംമോടിയില്‍ XC 40 റീച്ചാര്‍ജിനെ വ്യത്യസ്തമാക്കും. ഗൂഗിള്‍ ആന്‍ഡ്രോയ്ഡ്‌ അടിസ്ഥാനത്തിലുള്ള ടച്ച് സ്‌ക്രീന്‍ ഹെഡ് യൂണിറ്റാണ് അകത്തെ പ്രധാന ആകര്‍ഷണം. ഗൂഗിള്‍ മാപ്പ്, ഗൂഗിള്‍ അസിസ്റ്റന്റ്, പ്ലേ സ്റ്റോറേജ്, വോള്‍വോ ഓണ്‍ കോള്‍ തുടങ്ങിയ ഫീച്ചേഴ്‌സില്‍ ഇതില്‍ ലഭിക്കും. എന്‍ജിന്‍ ഇല്ലാത്തതിനാല്‍ മുന്‍ഭാഗത്തെ ബോണറ്റിനടിയില്‍ ചെറിയ സ്‌റ്റോറേജ് സ്‌പേസുമുണ്ട്. വാഹനത്തിന്റെ നീളവും വീതിയും ഉയരവുമെല്ലാം റഗുലര്‍ മോഡലിന് സമാനമാണ്.

XC 40 recharge

വാഹനത്തിനടിയില്‍ നിരപ്പായാണ് ബാറ്ററിയുടെ സ്ഥാനം. 78 kWh ബാറ്ററിയാണ് ഇതിലുള്ളത്. 408 എച്ച്പി പവറും 660 എന്‍എം ടോര്‍ക്കുമേകുന്ന ട്വിന്‍ ഇലക്ട്രിക് മോട്ടോര്‍ കരുത്തിലാണ് റീച്ചാര്‍ജിന്റെ ഓട്ടം. ഒറ്റച്ചാര്‍ജില്‍ 400 കിലോമീറ്ററിലേറെ ദൂരം സഞ്ചരിക്കാന്‍ XC 40 റീച്ചാർജിന് സാധിക്കും. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് നാല്‍പത് മിനിറ്റിനുള്ളില്‍ ബാറ്ററി പത്ത് ശതമാനത്തില്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം. 4.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാനും വോള്‍വോയുടെ ആദ്യ ഇലക്ട്രിക് മോഡലിന് സാധിക്കും. 

അതേസമയം വാഹനത്തിന്റെ വില സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല. അടുത്ത വര്‍ഷത്തോടെ മാത്രമേ XC 40 റീച്ചാര്‍ജ് ആഗോളതലത്തില്‍ വില്‍പനയ്‌ക്കെത്തുകയുള്ളൂ. 2025ഓടെ 50 ശതമാനം കാര്‍ വില്‍പനയും ഇലക്ട്രിക്കാക്കി മാറ്റാനാണ് വോള്‍വോ ലക്ഷ്യമിടുന്നത്. ഇതിനുള്ള ആദ്യ ചുവടുവയ്പ്പാണ് XC 40 റീച്ചാർജ്. ആറ് വര്‍ഷത്തിനുള്ളില്‍ വോള്‍വേ 50 ശതമാനം ഇലക്ട്രിക്കിലേറ്റ് മാറുന്നതിന് പുറമേ ബാക്കിയുള്ള 50 ശതമാനം കാറുകള്‍ ഹൈബ്രിഡുമായിരിക്കും.

Content Highlights; Volvo XC 40 Recharge electric car unveiled