വാഹനങ്ങളുടെ ഭാവി ഇലക്ട്രിക്കാണ്. ഇത് അടിവരയിടുന്ന തീരുമാനങ്ങളാണ് ആഗോള വാഹന നിര്‍മാതാക്കളില്‍ പലരും പ്രഖ്യാപിക്കുന്നത്. ജഗ്വാര്‍ ലാന്‍ഡ് റോവറിന് പിന്നാലെ 2030-ഓടെ പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ സ്വീഡിഷ് വാഹന നിര്‍മാതാക്കളായ വോള്‍വോ. വാഹനങ്ങള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തിക്കാതെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ വിറ്റഴിക്കുമെന്നും വോള്‍വോ അറിയിച്ചു. 

സീറോ എമിഷന്‍ വാഹനങ്ങള്‍ എന്ന ആശയം ശക്തമാകുകയും അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ ലോകമെമ്പാടുമുള്ള പോരാട്ടത്തിന് പിന്തുണ നല്‍കുന്നതിനുമായാണ് പരമ്പരാഗത ഇന്ധനങ്ങളിലുള്ള വാഹനങ്ങളുടെ ഉത്പാദനം അവസാനിപ്പിക്കാന്‍ വോള്‍വോ ഒരുങ്ങുന്നത്. 2030-ഓടെ വോള്‍വോയില്‍ നിന്ന് ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമായിരിക്കും നിരത്തിലെത്തുക. 2030 മുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമേ നിര്‍മിക്കൂവെന്ന് ഫോര്‍ഡും പ്രഖ്യാപിച്ചിരുന്നു. 

ഇലക്ട്രിക് വാഹനങ്ങള്‍ക്കൊപ്പം ഹൈബ്രിഡ് വാഹനങ്ങളും നിര്‍മിക്കുമെന്നാണ് മറ്റ് വാഹന നിര്‍മാതാക്കള്‍ അറിയിച്ചിട്ടുള്ളത്. എന്നാല്‍, 2030-ന് ശേഷം വോള്‍വോയുടെ ഹൈബ്രിഡ് വാഹനങ്ങളും നിരത്തുകളില്‍ എത്തില്ലെന്ന് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നു. 2025-ഓടെ ഭാഗികമായി ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണം ആരംഭിക്കും. ഇതിനൊപ്പം വാഹനങ്ങളുടെ വില്‍പ്പനയും ഓണ്‍ലൈനിലേക്ക് മാറും. 2030-ന് ശേഷം വോള്‍വോ വാഹനങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ മാത്രമായിരിക്കും ലഭ്യമാക്കുക. 

ചൈനീസ് വാഹന നിര്‍മാതാക്കളായ ഗീലി 2010-ലാണ് ഫോര്‍ഡില്‍ നിന്ന് വോള്‍വോയെ ഏറ്റെടുത്തത്. എന്നാല്‍, വോള്‍വോയുമായുള്ള ലയനം സാധ്യമല്ലെന്നും ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണത്തിനായി ശക്തമായ സഹകരണം ഉറപ്പാക്കുമെന്നുമാണ് ഗീലി അടുത്തിടെ അറിയിച്ചത്. ചൊവ്വാഴ്ചയാണ് വോള്‍വോയുടെ രണ്ടാമത്തെ ഇലക്ട്രിക് എസ്.യു.വിയായ സി40 അവതരിപ്പിച്ചത്. ഇതിനുപുറമെ, ചെറിയ ഇലക്ട്രിക് കാറിന്റെ പണിപ്പുരയിലാണ് വോള്‍വോ ഇപ്പോള്‍. 

വാഹനം തിരഞ്ഞെടുക്കുന്നതിലും വാങ്ങുന്നതിലും ഏറെ സങ്കീര്‍ണതകളുണ്ട്. എന്നാല്‍, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറുന്നതോടെ ഈ പ്രക്രിയ ഏറെ സുതാര്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വോള്‍വോ അഭിപ്രായപ്പെട്ടു. വാഹനം തിരഞ്ഞെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ നടപടി ക്രമങ്ങള്‍ കൂടുതല്‍ ലഘുവാക്കുന്നതിനൊപ്പം കൂടുതല്‍ ഓപ്ഷനുകള്‍ നല്‍കാനുള്ള പദ്ധതികളും ഒരുക്കുമെന്നും വോള്‍വോ അറിയിച്ചു.

Source: AFP

Content Highlights: Volvo Will Produce Only Electric Vehicles By 2030