ലോകത്തെ ഏറ്റവും സുരക്ഷിത വാഹനങ്ങള്‍ പുറത്തിറക്കുന്ന കമ്പനിയാണ് സ്വീഡിഷ് ബ്രാന്‍ഡായ വോള്‍വോ. ഉപഭോക്താക്കളുടെ സുരക്ഷാ കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത വോള്‍വോ കുറച്ചുകാലമായി സ്വയം നിയന്ത്രിത കാറുകള്‍ക്ക് പിന്നാലെയാണ്. വിയോനീര്‍ കമ്പനിയുമായി ചേര്‍ന്നാണ് വോള്‍വോ സെല്‍ഫ് ഡ്രൈവിങ് കാറുകള്‍ യഥാര്‍ഥ്യമാക്കാനൊരുങ്ങുന്നത്. ഒടുവിലിപ്പോള്‍ സ്വീഡിഷ് നിരത്തില്‍ സ്വയം നിയന്ത്രിത കാറുകളുടെ പരീക്ഷണ ഓട്ടത്തിനുള്ള അനുമതിയും വോള്‍വോ-വിയോനീര്‍ കൂട്ടായ്മയിലുള്ള സംരംഭമായ സിനൂറ്റിക്ക് ലഭിച്ചു.

ഡ്രൈവര്‍ ഇല്ലാതെ ഓടുമെങ്കിലും ഡ്രൈവിങ് സീറ്റില്‍ പരിശീലനം ലഭിച്ച ഡ്രൈവറുടെ സാന്നിധ്യത്തോടെ പരീക്ഷണ ഓട്ടം നടത്താനുള്ള അനുമതിയാണ് സ്വീഡിഷ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി നല്‍കിയിരിക്കുന്നത്. മണിക്കൂറില്‍ പരമാവധി 80 കിലോമീറ്റര്‍ വേഗതയിലേ പരീക്ഷണ ഓട്ടം നടത്താന്‍ പാടുള്ളു. ലെവല്‍ 4 ഓട്ടോണമസ് ഡ്രൈവിങ്ങിനുള്ള സോഫ്റ്റ്‌വെയറാണ് വാഹനത്തിലുള്ളത്. നേരത്തെ യൂബര്‍ ഉപയോഗിച്ചിരുന്ന വോള്‍വോ ഓട്ടോണമസ് കാര്‍ കാലിഫോര്‍ണിയയില്‍ അപകടത്തില്‍പ്പെട്ടിരുന്നു. ഇതിന് ശേഷമാണ് സ്വീഡനില്‍ പരീക്ഷണ ഓട്ടത്തിനുള്ള അനുമതി വോള്‍വോയ്ക്ക് ലഭിച്ചിരിക്കുന്നത്. 

സ്വയം നിയന്ത്രിത വാഹനങ്ങള്‍ക്കായി 2017-ലാണ്‌ വോള്‍വോയും വിയോനീറും ചേര്‍ന്ന് സിനൂറ്റിക്ക് രൂപംനല്‍കിയത്. 2021-ലായിരിക്കും ആദ്യ ഓട്ടോണമസ് കാര്‍ വോള്‍വോ വിപണിയിലെത്തിക്കുക. 2025-ഓടെ ആകെ വില്‍പനയില്‍ മൂന്ന് ഭാഗം വാഹനങ്ങളും ഓട്ടോണമസാക്കാനാണ് വോള്‍വോ ലക്ഷ്യമിടുന്നത്‌. 

Content Highlights; Volvo To Start Test Self-Driving Cars On Swedish Roads