സ്വീഡിഷ് ആഡംബര വാഹന നിര്‍മാതാക്കളായ വോള്‍വോ ലക്ഷ്വറി സെഡാന്‍ ശ്രേണിയില്‍ പുതിയ S 90 പുറത്തിറക്കാനൊരുങ്ങുന്നു. S 80 സെഡാനുകള്‍ക്ക് പകരക്കാരനായെത്തുന്ന പുതിയ മോഡലിനെ അടുത്ത മാസം നാലിന് ഔദ്യോഗികമായി വോള്‍വോ അവതരിപ്പിക്കും. XC 90 മോഡലിന് ശേഷം SPA പ്ലാറ്റ്‌ഫോമില്‍ വോള്‍വോ അവതരിപ്പിക്കുന്ന ആദ്യ വാഹനമാണ് S 90. മെഴ്‌സിഡസ് ബെന്‍സ് E ക്ലാസ്, ബിഎംഡബ്യൂ 5 സീരിസ്, ജാഗ്വര്‍ XF ഔഡി A 6 എന്നീ മോഡലുകളാകും നിരത്തില്‍ S 90 സെഡാന്റെ പ്രധാന എതിരാളികള്‍.

ആദ്യ ഘട്ടത്തില്‍ D 4 ഡീസല്‍ എഞ്ചിനില്‍ മാത്രമാണ് വാഹനമെത്തുക. ഒറ്റ നോട്ടത്തില്‍ XC 90 മോഡലുമായി രൂപത്തില്‍ പല സാമ്യതകളും സെഡാനുണ്ട്. സ്റ്റൈലിഷ് എല്‍ഇഡി ഡേ ടൈം റണ്ണിംങ് ലൈറ്റ്, ക്രോം നിറത്തില്‍ ഒരുക്കിയ ഫ്രണ്ട് ഗ്രില്‍ ഡിസൈന്‍, വൈഡ് എയര്‍ഡാം, ചെറിയ എല്‍ഇഡി ഫോക് ലാംപ് എന്നിവ മുന്‍വശത്തെ ഗാഭീര്യം എടുത്തു പറയുന്നവയാണ്. 

volvo s 90

ഉള്‍വശത്തിലും XC 90 -യില്‍ നിന്ന് കടമെടുത്ത രൂപഭംഗിയാണ്. വലിയ ക്യാബിന്‍ സ്‌പേസില്‍ ഡ്രൈവര്‍ക്ക് മുന്‍തൂക്കം നല്‍കിയാണ് മുന്‍ നിര സീറ്റ്. ഇലക്ട്രിക്കല്‍ അഡ്ജസ്റ്റബിളാണ് സീറ്റുകള്‍. വലുപ്പമേറിയ 9 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെന്‍മെന്റ് സിസ്റ്റം, ത്രീ സ്‌പോക്ക് മള്‍ട്ടി ഫങ്ഷണല്‍ സ്റ്റിയറിങ് വീല്‍, മികച്ച നിലവാരം പുലര്‍ത്തുന്ന 19 സ്പീക്കര്‍ സൗണ്ട് സിസ്റ്റം, നാവിഗേഷന്‍ സിസ്റ്റം, ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം എന്നിവ ഉള്‍വശത്തെ ആഡംബരവും വിളിച്ചോതുന്നു. 

volvo s 90

സുരക്ഷാ മാനദണ്ഡത്തിലും വ്യക്തമായ പരിഗണന നല്‍കിയാണ് വോള്‍വോ പുതുതാരത്തെ എത്തിക്കുന്നത്. എയര്‍ബാഗ്, എബിഎസ്, എമര്‍ജന്‍സി ബ്രേക്ക് അസിസ്റ്റ്, പാര്‍ക്ക് അസിസ്റ്റ്, ലൈന്‍ കീപ്പ് അസിസ്റ്റ് തുടങ്ങി സുരക്ഷ സൗകര്യങ്ങള്‍ S 90-ലുണ്ട്. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ D4 എഞ്ചിന്‍ 190 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കും നല്‍കും. 

volvo s 90

വിപണി വില സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല, എകദേശം 55-60 ലക്ഷത്തിനിടയിലാകും വില. ഓള്‍ വീല്‍ ഡ്രൈവില്‍ D 5 എഞ്ചിനില്‍ അധികം വൈകാതെ പുതിയൊരു മോഡലും വോള്‍വോ പുറത്തിറക്കും. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ ഈ എഞ്ചിന്‍ 235 ബിഎച്ച്പി കരുത്തും 480 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.