സ്വീഡിഷ് ആഡംബര വാഹന നിര്‍മാതാക്കളായ വോള്‍വോയുടെ പ്രീമിയം സെഡാന്‍ മോഡല്‍ എസ് 60-ന്റെ മൂന്നാം തലമുറ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 45.9 ലക്ഷം രൂപ എക്‌സ്‌ഷോറും വില വരുന്ന ഈ വാഹനത്തിന് ഔഡി എ4, ബി.എം.ഡബ്ല്യു ത്രി സീരീസ്, മെഴ്‌സ്ഡസ് ബെന്‍സ് സി-ക്ലാസ് എന്നീ വാഹനങ്ങളുമായാണ് ഇന്ത്യന്‍ നിരത്തില്‍ മത്സരിക്കേണ്ടത്.
എസ് 60 അവതരിപ്പിച്ചെങ്കിലും നിരത്തുകളില്‍ എത്താന്‍ അല്‍പ്പം കൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന. മാര്‍ച്ച് മാസം പകുതിയോടെ ആയിരിക്കും ഈ വാഹനത്തിന്റെ ഡെലിവറി ആരംഭിക്കുക. അതേസമയം, എസ്60-യുടെ ഓണ്‍ലൈന്‍ ബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ടെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.
വോള്‍വോയുടെ സ്‌കാലബിള്‍ പ്രൊഡക്ട് ആര്‍ക്കിടെക്ചര്‍ പ്ലാറ്റ്‌ഫോമിലാണ് പുതുതലമുറ എസ്60 ഒരുങ്ങിയിരിക്കുന്നത്. ഈ വാഹനം യൂറോ എന്‍ക്യാപ് ക്രാഷ്‌ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ്ങും സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ പ്രീമിയം സെഡാന്‍ വാഹനങ്ങളില്‍ മികച്ച സുരക്ഷ ഉറപ്പാക്കുന്ന മോഡലായിരിക്കും എസ്60 എന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
തോര്‍ ഹാമര്‍ എല്‍.ഇ.ഡി ഡി.ആര്‍.എല്‍ ആയിരിക്കും മുന്‍വശത്തെ പ്രധാന പുതുമ. ഇതിനൊപ്പം വോള്‍വോ സിഗ്‌നേച്ചര്‍ ഗ്രില്ല്, എല്‍.ഇ.ഡി ഹെഡ്ലാമ്പുകള്‍, മസ്‌കുലര്‍ ഭാവമുള്ള ബംമ്പര്‍ എന്നിവ മുഖഭാവത്തിനും, സി ഷേപ്പിലുള്ള ടെയ്ല്‍ലാമ്പ്, സ്പോര്‍ട്ടി ബംമ്പര്‍ തുടങ്ങിയവ പുതുതലമുറ എസ്60-യുടെ പിന്‍ഭാഗത്തെയും അലങ്കരിക്കും.
രണ്ടാം തലമുറ മോഡലിലേതിന് സമാനമായുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഹെഡ്-യൂണിറ്റ് ഇതിലും നല്‍കും. ഫോര്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജിങ്ങ്, പനോരമിക് സണ്‍റൂഫ്, ഹര്‍മാന്‍ കാര്‍ഡണ്‍ ഓഡിയോ സിസ്റ്റം തുടങ്ങിയ ഫീച്ചറുകള്‍ ഇന്റീരിയറിനെ കൂടുതല്‍ കാര്യക്ഷമാക്കും.
മൂന്നാം തലമുറ മോഡലില്‍ ഡീസല്‍ എന്‍ജിന്‍ നല്‍കിയേക്കില്ലെന്നാണ് സൂചന. 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനായിരിക്കും പുതിയ എസ്60-യില്‍ നല്‍കുക. ഇത് 160 ബി.എച്ച്.പി പവറും 300 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ഓട്ടോമാറ്റിക്കായിരിക്കും ഇതിലെ ട്രാന്‍സ്മിഷന്‍.
Content Highlights: Volvo S60 Third Generation Model Launched In India