ഒടുവില്‍ സ്വീഡിഷ് ആഡംബര വാഹന നിര്‍മാതാക്കളായ വോള്‍വോയുടെ പെര്‍ഫോമെന്‍സ് സബ്-ബ്രാന്‍ഡ് പോള്‍സ്റ്റാര്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചു. വോള്‍വോയുടെ വേഗരാജാവ് S60 പോള്‍സ്റ്റാര്‍ പെര്‍ഫോമെന്‍സ് സെഡാന് 52.50 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. ആഗോളതലത്തില്‍ ആകെ 1500 S60 പോള്‍സ്റ്റാര്‍ യൂണിറ്റാണ് വോള്‍വോ നിര്‍മിച്ചിട്ടുള്ളത്. മെഴ്‌സിഡിസ് ബെന്‍സ് AMG, ഔഡി RS, ബിഎംഡബ്യു-M എന്നീ മുന്‍നിരക്കാരുമായാണ് S60 പോള്‍സ്റ്റാര്‍ ഇന്ത്യയില്‍ മത്സരത്തിനിറങ്ങുക.
റഗുലര്‍ S60 മെക്കാനിക്കല്‍ ഫീച്ചേര്‍സ് അതേപടി S60 പോള്‍സ്റ്റാര്‍ തുടര്‍ന്നിട്ടില്ല. 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 362 ബിഎച്ച്പി കരുത്തും 470 എന്‍എം ടോര്‍ക്കുമേകും. 8 സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്. റഗുലര്‍ S60-യെക്കാള്‍ 60 ബിഎച്ച്പി കരുത്തും 67 എന്‍എം ടോര്‍ക്കും പോള്‍സ്റ്റാര്‍ S60 ആധികം നല്‍കും. വെറും 4.7 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഈ വേഗരാജാവിന് സാധിക്കും. മണിക്കൂറില്‍ 250 കിലോമീറ്ററാണ് പരമാവധി വേഗത.
പൂര്‍ണമായും നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്നതാണ് പോള്‍സ്റ്റാറിന്റെ വില ഇത്രയധികം ഉയരാന്‍ കാരണം. ഉയര്‍ന്ന വകഭേദം T6 ട്രിമ്മില്‍ മാത്രമാണ് S 60 പോള്‍സ്റ്റാര്‍ ലഭ്യമാകുക. മുന്‍ മോഡലിനെക്കാള്‍ 20 കിലോഗ്രാം ഭാരം 2017 പോള്‍സ്റ്റാര്‍ S60-ക്ക് കുറവാണ്. R ഡിസൈന്‍ ശൈലിയും വലിയ 20 ഇഞ്ച് അലോയി വീലും വാഹനത്തിന്റെ രൂപം ആകെമൊത്തം മാറ്റിമറിച്ചു. ഇന്റീരിയര്‍ സ്റ്റാന്റേര്‍ഡ് മോഡുലുമായി ചേര്‍ന്നുനില്‍ക്കുന്നതാണ്.
സുരക്ഷയില്‍ പണ്ടേ കേമനായ വോള്‍വോ, എല്ലാവിധ ആധുനിക സുരക്ഷാ സംവിധാനങ്ങളും പോള്‍സ്റ്റാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 50 കിലോമീറ്റര്‍ വേഗതയില്‍ വരെ അപകടം ഉണ്ടായാല്‍ വാഹനത്തെ സ്വയം നിര്‍ത്താന്‍ വോള്‍വോ സിറ്റി സേഫ്റ്റി സംവിധാനം സഹായിക്കും. എല്ലാ യാത്രികര്‍ക്കും എയര്‍ബാഗും കമ്പനി ഒരുക്കിയിട്ടുണ്ട്. പെര്‍ഫോമെന്‍സ് പോള്‍സ്റ്റാറിലൂടെ വരും വര്‍ഷങ്ങളില്‍ വോള്‍വോയുടെ കൂടുതല്‍ കരുത്തുറ്റ മോഡലുകള്‍ ഇന്ത്യന്‍ തീരത്തെത്തും.