എക്‌സ്.സി40 എന്ന ഫുള്ളി ഇലക്ട്രിക് വാഹനത്തിലൂടെ ഇന്ത്യയിലെ ഇലക്ട്രിക് വാഹന മേഖലയിലേക്ക് കടന്നിരിക്കുകയാണ് സ്വീഡിഷ് ആഡംബര വാഹന നിര്‍മാതാക്കളായ വോള്‍വോ. ഈ വാഹനം അവതരിപ്പിച്ചതിന് പിന്നാലെ ഇലക്ട്രിക് വാഹനം സംബന്ധിച്ച് സുപ്രധാന പ്രഖ്യാപനവും വോള്‍വോ നടത്തിയിട്ടുണ്ട്. 2021 മുതല്‍ എല്ലാ വര്‍ഷം ഓരോ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുമെന്നാണ് വോള്‍വോ അറിയിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യ പടിയായാണ് XC40-യുടെ വരവിനെ വിശേഷിപ്പിക്കുന്നത്. 

2025-ഓടെ വോള്‍വോ ഇന്ത്യയിലെ വില്‍പ്പനയുടെ 80 ശതമാനവും ഇലക്ട്രിക് വാഹനങ്ങളായിരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. അതേസമയം, ആഗോള വിപണിയില്‍ ഇത് 50 ശതമാനമായിരിക്കുമെന്നും വോള്‍വോ അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഇലക്ട്രിക് വാഹന ഉദ്യമത്തിന് ചുക്കാന്‍ പിടിക്കാനാണ് വോള്‍വോ ശ്രമിക്കുന്നതെന്നും കമ്പനി അഭിപ്രായപ്പെട്ടു. എസ്.യു.വി. ശ്രേണിയില്‍ തുടങ്ങിയെങ്കിലും എല്ലാ സെഗ്മെന്റിലും ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കുമെന്ന് 2018-ലാണ് വോള്‍വോ പ്രഖ്യാപിച്ചത്. ഇതിനുപിന്നാലെ 2021 നാല് ഇലക്ട്രിക് കാറുകള്‍ ഇന്ത്യയില്‍ എത്തിക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, ഇലക്ട്രിക് കാറുകളുടെ നിര്‍മാണത്തിനുള്ള പുതിയ പദ്ധതികളാണ് വോള്‍വോ ഇപ്പോള്‍ ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പരമ്പരാഗ വാഹനങ്ങളില്‍ നിന്ന് ഇലക്ട്രിക്കിലേക്ക് മാറാന്‍ ഒരുങ്ങുന്നവരുടെ പ്രഥമ പരിഗണന വോള്‍വോക്ക് ലഭിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നിര്‍മാതാക്കള്‍ ഒരുക്കുന്നത്. 

വോള്‍വോ അടുത്തിടെ അവതരിപ്പിച്ച XC40 റീചാര്‍ജ് വൈകാതെ തന്നെ വിപണിയില്‍ എത്തി തുടങ്ങും. ഈ വാഹനത്തിന് പുറമെ, വോള്‍വോയുടെ ശ്രദ്ധിക്കപ്പെട്ട മോഡലുകളായ s90, XC60 മോഡലുകളുടെയും ഇലക്ട്രിക് വാഹനങ്ങള്‍ എത്തിയേക്കും. നിലവില്‍ XC90 പ്ലഗ് ഇന്‍ ഹൈബ്രിഡ് വാഹനമായാണ് നിരത്തുകളില്‍ എത്തിയിട്ടുള്ളത്. എന്നാല്‍, മറ്റ് മോഡലുകള്‍ക്ക് പുറമെ, കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണ സാധ്യതയും കമ്പനി പരിശോധിക്കുന്നുണ്ട്. 

അതേസമയം, 2030-ന് ശേഷം വോള്‍വോയില്‍ നിന്ന് ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമായിരിക്കും നിര്‍മിക്കുകയെന്ന് കഴിഞ്ഞ ദിവസം എ.എഫ്.പി. റിപ്പോര്‍ട്ട് ചെയ്തിരുന്നു. സീറോ എമിഷന്‍ വാഹനങ്ങള്‍ എന്ന ആശയം ശക്തമാകുകയും അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ ലോകമെമ്പാടുമുള്ള പോരാട്ടത്തിന് പിന്തുണ നല്‍കുന്നതിനുമായാണ് പരമ്പരാഗത ഇന്ധനങ്ങളിലുള്ള വാഹനങ്ങളുടെ ഉത്പാദനം അവസാനിപ്പിക്കാന്‍ വോള്‍വോ ഒരുങ്ങുന്നത്.

Content Highlights: Volvo Planning To Launch One Electric Car Every Year In India