സ്വീഡിഷ് വാഹന നിര്‍മാതാക്കളായ വോള്‍വോയുടെ ആദ്യ മേക്ക് ഇന്‍ ഇന്ത്യ മോഡല്‍ XC 90 ബെഗളൂരു പ്ലാന്റില്‍ പുറത്തിറക്കി. ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ട ആദ്യ വോള്‍വോ കാറാണിത്. കേന്ദ്ര സര്‍ക്കാറിന്റെ 'മേക് ഇന്‍ ഇന്ത്യ'യുടെ പിന്‍ബലത്തില്‍ വോള്‍വോയുടെ എസ്.പി.എ. മോഡുലാര്‍ വെഹിക്കിള്‍ ആര്‍ക്കിടെക്ചര്‍ അടിസ്ഥാനമാക്കിയുള്ള മറ്റ് മോഡല്‍ കാറുകളും ഭാവിയില്‍ ബെംഗളൂരു ഫാക്ടറിയില്‍ ഉത്പാദിപ്പിക്കപ്പെടുമെന്ന് പുതുതായി നിയമിതനായ വോള്‍വോ ഓട്ടോ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ ചാള്‍സ് ഫ്രമ്പ് പറഞ്ഞു.

XC 90
XC 90. Courtesy; Volvo

രാജ്യത്തെ ആഡംബര വാഹന വിപണിയില്‍ നിലവില്‍ വോള്‍വോയുടെ വിഹിതം അഞ്ച് ശതമാനമാണ്. ഇന്ത്യയില്‍ അസംബ്ലിങ് തുടങ്ങിയതോടെ 2020 ആവുമ്പോഴേക്ക് ഇത് 10 ശതമാനമായി വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി കരുതുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി വില്‍പനയില്‍ 32 ശതമാനം വളര്‍ച്ചയാണ് കമ്പനി ഇന്ത്യയില്‍ കൈവരിച്ചത്. നടപ്പ് വര്‍ഷം മുന്‍ വര്‍ഷത്തേതിനെക്കാള്‍ 25 ശതമാനം വില്‍പന വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.

ബെംഗളൂരു പ്ലാന്റില്‍നിന്ന് ട്രക്ക്, ബസ് എന്നിവയ്ക്കു വേണ്ട ഭാഗങ്ങള്‍ ഉത്പാദിപ്പിക്കുന്നുണ്ടായിരുന്നു. ഈ പ്ലാന്റിലെ പശ്ചാത്തല സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് കാറുകള്‍ നിര്‍മിക്കുന്നത്. നിലവില്‍ വോള്‍വോയ്ക്ക് കൊച്ചിയിലടക്കം 18 നഗരങ്ങളില്‍ ഡീലര്‍ഷിപ്പുകളുണ്ട്. കോഴിക്കോട്ട് ഉടന്‍തന്നെ ഡീലര്‍ഷിപ്പാരംഭിക്കും. XC 90 എക്‌സലെന്‍സ്, V90 ക്രോസ് കണ്‍ട്രി, V40, V40 ക്രോസ് കണ്‍ട്രി, S60 ക്രോസ് കണ്‍ട്രി, S60, S90,  XC60, XC40 എന്നീ മോഡലുകളാണ് വോള്‍വോ ഇന്ത്യയില്‍ വിറ്റഴിക്കുന്നത്.