സ്വീഡിഷ് ആഡംബര വാഹന നിര്‍മാതാക്കളായ വോള്‍വോയുടെ ഇലക്ട്രിക് മോഡലായ XC 40 റീച്ചാര്‍ജ് ഇന്ത്യയിലെത്തുന്നു. വോള്‍വോയുടെ ജനപ്രിയ കോംപാക്ട് എസ്.യു.വി മോഡലായ XC40-യുടെ ഇലക്ട്രിക് പതിപ്പാണ് ഈ വാഹനം. ഇതിനോടകം നിര്‍മാണം ആരംഭിച്ച ഇലക്ട്രിക് എസ്.യു.വി 2021-ഓടെ നിരത്തുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
78 കിലോവാട്ട് ബാറ്ററി പാക്കും ട്വിന്‍ ഇലക്ട്രിക് മോട്ടോറുകളുമാണ് XC40 ഇലക്ട്രിക്കിലുള്ളത്. ഇത് 408 ബി.എച്ച്.പി പവര്‍ ഉത്പാദിപ്പിക്കും. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 400 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും. 4.7 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത 180 കിലോമീറ്ററായിരിക്കും.
11 കിലോവാട്ട് റെഗുലര്‍ ചാര്‍ജറും 150 കിലോവാട്ട് ഫാസ്റ്റ് ചാര്‍ജറും ഈ വാഹനത്തില്‍ നല്‍കും. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 40 മിനിറ്റിനുള്ളില്‍ ബാറ്ററി 10 ശാതമാനത്തില്‍ നിന്ന് 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നാണ് വോള്‍വോ അറിയിച്ചിരിക്കുന്നത്.
വോള്‍വോ XC40-യുടെ റെഗുലര്‍ മോഡലിന് സമാനമാണ് ഇലക്ട്രിക് പതിപ്പും. ഡ്യുവല്‍ ടോണ്‍ റൂഫ്, റേഡിയേറ്റര്‍ ഗ്രില്ലിന് പകരം മൂടപ്പെട്ട ഗ്രില്‍ ഡിസൈന്‍, റെഗുലര്‍ മോഡലിലെ പെട്രോള്‍ ലിഡിന് സ്ഥാനത്ത് നല്‍കിയിട്ടുള്ള ചാര്‍ജിങ്ങ് സോക്കറ്റ്, എന്നിവ പുറംമോടിയില്‍ XC 40 റീച്ചാര്‍ജിനെ വ്യത്യസ്തമാക്കും.
ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് അടിസ്ഥാനത്തിലുള്ള ടച്ച് സ്‌ക്രീന്‍ ഹെഡ് യൂണിറ്റാണ് അകത്തെ പ്രധാന ആകര്‍ഷണം. ഗൂഗിള്‍ മാപ്പ്, ഗൂഗിള്‍ അസിസ്റ്റന്റ്, പ്ലേ സ്റ്റോറേജ്, വോള്‍വോ ഓണ്‍ കോള്‍ തുടങ്ങിയ ഫീച്ചേഴ്സില്‍ ഇതില്‍ ലഭിക്കും. എന്‍ജിന്‍ ഇല്ലാത്തതിനാല്‍ മുന്‍ഭാഗത്തെ ബോണറ്റിനടിയില്‍ ചെറിയ സ്റ്റോറേജ് സ്പേസുമുണ്ട്. വലിപ്പത്തില്‍ റഗുലര്‍ മോഡലിന് സമാനമാണ്.
Content Highlights: volvo Electric SUV XC40 Recharge Coming To India In 2021