ടി-റോക്ക്, ടൈഗൂണ്‍, ടിഗ്വാന്‍ ഈ മൂന്ന് വാഹനങ്ങളായിരുന്നു ഫോക്‌സ്‌വാഗണ്‍ 2021-ല്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കിയ വാഹനങ്ങള്‍. വര്‍ഷം അവസാനിക്കുന്നതിന് മുമ്പുതന്നെ മൂന്ന് വാഹനങ്ങളും നിരത്തുകളില്‍ എത്തിക്കുകയും ചെയ്തിരുന്നു. 2022-ലും ഇന്ത്യയിലെ വാഹന വിപണിക്കായി പുത്തന്‍ മോഡലുകള്‍ എത്തിക്കാനുള്ള നീക്കത്തിലാണ് ഫോക്‌സ്‌വാഗണ്‍. ഇതിന്റെ ഭാഗമായി ആദ്യം പ്രഖ്യാപിച്ചിട്ടുള്ള മോഡലാണ് വെര്‍ടൂസ്‌ എന്ന മിഡ്-സൈസ്ഡ് സെഡാന്‍ വാഹനം.

ഇന്ത്യയിലെ വാഹനനിര ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഫോക്‌സ്‌വാഗണ്‍ പ്രഖ്യാപിച്ചിട്ടുള്ള ഇന്ത്യ പ്ലാന്‍ 2.0-യുടെ ഭാഗമായി എത്തുന്ന നാലാമത്തെ മോഡലായിരിക്കും വെര്‍ടൂസ്‌ എന്നാണ് വിവരം. 2022 മേയ് മാസത്തോടെ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാഹനം ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡ അടുത്തിടെ പ്രദര്‍ശിപ്പിച്ച സ്ലാവിയ എന്ന മോഡലിന്റെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഒരുങ്ങുകയെന്നാണ് സൂചനകള്‍. 

ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാക്, സ്ലാവിയ എന്നീ വാഹനങ്ങള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന MQB AO IN പ്ലാറ്റ്‌ഫോമിലായിരിക്കും വെര്‍ടൂസും എത്തുക. ഫോക്‌സ്‌വാഗണും സ്‌കോഡയും പ്രദേശികമായി വികസിപ്പിച്ചെടുത്ത പ്ലാറ്റ്‌ഫോമാണിത്. ഫോക്‌സ്‌വാഗണ്‍ നിലവില്‍ നിരത്തുകളില്‍ എത്തിക്കുന്ന വെന്റോയിക്ക് പകരക്കാരനായായിരിക്കും വെര്‍ടൂസ്‌ എത്തുകയാണെന്ന് വിവരം. ഹോണ്ട സിറ്റി, ഹ്യൂണ്ടായി വെര്‍ണ, മാരുതി സിയാസ് എന്നിവയാണ് വെര്‍ടൂസിന്റെ എതിരാളികള്‍.

Volkswagen Virtus
ഫോക്‌സ്‌വാഗണ്‍ വെര്‍ടൂസ്‌ | Photo: Volkswagen Newsroom

വിദേശ നിരത്തുകളില്‍ എത്തിയിട്ടുള്ള വെര്‍ടൂസിന്റെ അഴകളവുകളിലായിരിക്കും ഈ വാഹനത്തിന്റെ ഇന്ത്യന്‍ പതിപ്പും എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. 4482 എം.എം. നീളം, 1751 എം.എം. വീതി, 1472 എം.എം. ഉയരവുമാണ് ഈ വാഹനത്തിന്റെ അളവുകള്‍ 2651 എം.എം. ആണ് ഇതിന്റെ വീല്‍ബേസ്. എല്‍.ഇ.ഡി. പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, ഡി.ആര്‍.എല്‍, ക്രോമിയം ആവരണമുള്ള ഗ്രില്ല്, എല്‍.ഇ.ഡി.ടെയ്ല്‍ലാമ്പ് തുടങ്ങിയവ ഈ വാഹനത്തിന് അഴകേകും.

ഫോക്‌സ്‌വാഗണ്‍ അടുത്തിടെ നിരത്തുകളില്‍ എത്തിച്ച ടൈഗൂണുമായി അകത്തളം പങ്കിട്ടായിരിക്കും വെര്‍ടൂസ്‌ എത്തുക. പത്ത് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി സംവിധാനം, എട്ട് ഇഞ്ച് വലിപ്പമുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഫുള്ളി ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ്, ഫ്‌ളാറ്റ് ബോട്ടം മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, ഇലക്ട്രിക് സണ്‍റൂഫ് തുടങ്ങിയ ഫീച്ചറുകള്‍ ഇന്റീരിയറിനെ കൂടുതല്‍ സമ്പന്നമാക്കും.

ടൈഗൂണിലേതിന് സമാനമായി രണ്ട് പെട്രോള്‍ എന്‍ജിനുകളില്‍ തന്നെയായിരിക്കും വെര്‍ടൂസും എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. 108 ബി.എച്ച്.പി. പവറും 175 എന്‍.എം. ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും, 148 ബി.എച്ച്.പി. പവറും 250 എന്‍.എം. ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുമായിരിക്കും ഇതില്‍ നല്‍കുക. ആറ് സ്പീഡ് മാനുവലും ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍, ഏഴ് സ്പീഡ് ഡി.എസ്.ജി. എന്നീ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഇതില്‍ നല്‍കും.

Content Highlights; Volkswagen Virtus Mid Size Sedan To Be Launch On May 2022, Honda City, Hyundai Verna