ടൈഗൂണ്‍ എന്ന വാഹനത്തിലൂടെ ഇന്ത്യയിലെ കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണ് ജര്‍മ്മന്‍ വാഹനനിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍. വരവറിയിക്കുന്നതിന്റെ ഭാഗമായി ടൈഗൂണ്‍ എസ്‌യുവിയുടെ കണ്‍സെപ്റ്റ് മോഡല്‍ നിര്‍മാതാക്കള്‍ അവതരിപ്പിച്ചു. ഈ വാഹനത്തിന്റെ പ്രൊഡക്ഷന്‍ പതിപ്പ് 2021-ല്‍ നിരത്തിലെത്തുമെന്നാണ് സൂചന.
ഫോക്‌സ്‌വാഗണ്‍ പ്രദേശികമായി വികസിപ്പിച്ച MQB AO IN പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. സ്‌കോഡയുടെ വിഷന്‍ ഇന്‍ കണ്‍സെപ്റ്റ് എസ്‌യുവിയുടെയും അടിസ്ഥാനം ഈ പ്ലാറ്റ്‌ഫോമാണ്. ഫോക്‌സ്‌വാഗണ്‍ എസ്‌യുവി മോഡലായ ടിഗ്വാനില്‍ നിന്നും ടി-ക്രോസില്‍ നിന്നും കടമെടുത്ത ഡിസൈന്‍ ശൈലിയാണ് ടൈഗൂണിലും അവലംബിച്ചിരിക്കുന്നത്.
മസ്‌കുലര്‍ ഭാവമുള്ള ഡ്യുവല്‍ ടോണ്‍ ബമ്പറാണ് മുന്‍വശത്തെ ആകര്‍ഷകമാക്കുന്നത്. ക്രോം ആവരണമുള്ള ഫോക്‌സ്‌വാഗണ്‍ സിഗ്നേച്ചര്‍ ഗ്രില്ലും, ഡ്യുവല്‍ ബീം ഹെഡ്‌ലാമ്പും, എല്‍ഇഡി ഡിആര്‍എല്ലും, ക്ലാഡിങ്ങുകളുടെ അകമ്പടിയില്‍ നല്‍കിയിട്ടുള്ള ഫോഗ് ലാമ്പും, വലിയ എയര്‍ ഡാമും സ്‌കിഡ് പ്ലേറ്റുമാണ് ടൈഗൂണിന്റെ മുഖ സൗന്ദര്യത്തിന് മുതല്‍കൂട്ടാവുന്നത്.
An #SUVW which compliments your never-give-up style. The Volkswagen Taigun is here for your hustle.#AutoExpo2020 #VolkswagenTaigun #VWxAutoExpo #TheFutureIsComing #AutoExpo #Volkswagen #VolkswagenIndia pic.twitter.com/ya3L7DlYzA
— Volkswagen India (@volkswagenindia) February 4, 2020
ബ്ലാക്ക് ഫിനീഷ് വീല്‍ ആര്‍ച്ചും, 19 ഇഞ്ച് ഡ്യുവല്‍ ടോണ്‍ ഡയമണ്ട് കട്ട് അലോയി വീലുകളും, ബ്ലാക്ക് ഫിനീഷ് ബി പില്ലറും, വിന്‍ഡോ ഫ്രെയിമും, റൂഫ് റെയിലും വശങ്ങളില്‍ നല്‍കിയിട്ടുണ്ട്. രണ്ട് ടെയില്‍ ലാമ്പുകളെയും ബന്ധിപ്പിക്കുന്ന എല്‍ഇഡി സ്ട്രിപ്പ്, സ്‌കിഡ് പ്ലേറ്റ് നല്‍കിയുള്ള ഡ്യുവല്‍ ടോണ്‍ ബമ്പറുമാണ് പിന്‍വശത്തെ ഹൈലൈറ്റ്. ഡ്യുവല്‍ ടോണിലാണ് റൂഫ്.
ബ്ലാക്ക്-ബോഡി കളര്‍ ഡ്യുവല്‍ ടോണിലാണ് കണ്‍സെപ്റ്റ് മോഡലിന്റെ ഇന്റീരിയര്‍ തീര്‍ത്തിരിക്കുന്നത്. ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോണ്‍, ലെതര്‍ സീറ്റുകള്‍, ഡ്യുവല്‍ സോണ്‍ എസി, പിന്‍നിര എസി വെന്റുകള്‍, മൊബൈല്‍ ചാര്‍ജിങ്ങ് സ്ലോട്ട് എന്നിവയാണ് ഇന്റീരിയറില്‍ നല്‍കിയിട്ടുള്ളത്.
ഈ വാഹനത്തിന്റെ മെക്കാനിക്കല്‍ ഫീച്ചറുകള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, സ്‌കോഡയുടെ വിഷന്‍ ഇന്‍ എസ്‌യുവില്‍ നല്‍കിയിട്ടുള്ള 148 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ടിഎസ്ഐ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിലും നല്‍കുക. ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക്കായിരിക്കും ട്രാന്‍സ്മിഷന്‍.
Content Highlights: Volkswagen Unveils Taigun Compact SUV Concept In India