2026-ന് ശേഷം പുതിയ പെട്രോള്‍-ഡീസല്‍ കാറുകള്‍ പുറത്തിറക്കില്ലെന്ന് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ്. ഔഡി, ബെന്റ്‌ലി, ബുഗാട്ടി, ഫോക്‌സ്‌വാഗണ്‍, പോര്‍ഷെ, ലംബോര്‍ഗിനി തുടങ്ങി ഫോക്‌സ് വാഗണ്‍ ഗ്രൂപ്പിന് കീഴിലുള്ള എല്ലാ കമ്പനികളും ഇതോടെ പെട്രോള്‍ ഡീസല്‍ കാറുകളോട് വിടപറയും. 

പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുന്ന സമ്പൂര്‍ണ ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമാണ് തുടര്‍ന്നങ്ങോട്ട് ഫോക്‌സ്‌വാണ്‍ ഗ്രൂപ്പ് നിര്‍മിക്കുക. ജര്‍മനിയിലെ വോല്‍സ്ബര്‍ഗില്‍ നടന്ന ഒരു ഓട്ടോമോട്ടീവ് കോണ്‍ഫറന്‍സില്‍ ഫോക്‌സ് വാഗണ്‍ സ്ട്രാറ്റെജി ചീഫ് മൈക്കല്‍ ജൊസ്റ്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

2026-ല്‍ നിര്‍മിക്കുന്ന എന്‍ജിന്‍ കമ്പനിയുടെ അവസാന തലമുറ പെട്രോള്‍-ഡീസല്‍ എന്‍ജിനായിരിക്കുമെന്നും ജൊസ്റ്റാ പറഞ്ഞു. നിലവില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് എട്ട് വര്‍ഷങ്ങള്‍ക്കപ്പുറം ഇ-കാറുകള്‍ മാത്രമാണ് പുതുതായി നിരത്തിലെത്തിക്കുക. 

Content Highlights;Volkswagen to stop development of combustion engines by 2026