ഫോക്‌സ്‌വാഗൺ ടിഗ്വാൻ | Photo: Volkswagen India
ടൈഗൂണ്‍ എന്ന എസ്.യു.വി. അവതരിപ്പിച്ചതിന് പിന്നാലെ ഫോക്‌സ്‌വാഗണ്‍ നടത്തിയ പ്രഖ്യാപനമാണ് ടിഗ്വാന്‍ അഞ്ച് സീറ്റര്‍ മോഡല്‍ ഇന്ത്യയില്‍ എത്തുന്നു എന്നത്. മേയ് മാസത്തോടെ ഈ വാഹനത്തെ പ്രതീക്ഷിക്കാമെന്നും ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഈ വാഹനത്തിന്റെ വരവ് അല്‍പ്പം വൈകുമെന്നാണ് പുതിയ വിവരം.
സ്ഥിതിഗതികള്‍ ശാന്തമായാല്‍ ജൂലൈ മാസത്തോടെ ടിഗ്വാന്റെ പുതിയ പതിപ്പ് എത്തിക്കാനാണ് ഫോക്‌സ്‌വാഗണ്‍ ശ്രമിക്കുന്നതെന്നും സൂചനയുണ്ട്. 2020-ല്‍ ടിഗ്വാന്‍ അഞ്ച് സീറ്റര്‍ പതിപ്പ് ഇന്ത്യയില്‍നിന്ന് പിന്‍വലിക്കുകയായിരുന്നു. എന്നാല്‍, ടി-റോക്ക്, ടൈഗൂണ്‍ തുടങ്ങിയ വാഹനങ്ങളുടെ സ്വീകാര്യത പരിഗണിച്ച് ഈ വാഹനം വീണ്ടും അവതരിപ്പിക്കാന്‍ കമ്പനി തീരുമാനിക്കുകയായിരുന്നു.
2020-ല്‍ ഇന്ത്യയില്‍നിന്ന് പോയത് പോലെ അല്ല, കിടിലന്‍ ഗെറ്റപ്പിലാണ് ഈ വാഹനം മടങ്ങിയെത്തുന്നത്. എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, ഇതിന് സമാന്തരമായുള്ള ക്രോമിയം ഗ്രില്ല്, വലയ എയര്‍ഡാം, സ്‌കിഡ് പ്ലേറ്റ് നല്‍കിയുള്ള ഡ്യുവല്‍ ടോണ്‍ ബമ്പര്‍ എന്നിവയാണ് മുന്‍വശത്തുള്ളത്. വശങ്ങളും പിന്‍ഭാഗവും ടിഗ്വാന്‍ ഓള്‍സ്‌പേസിന് സമാനമാണ്. എന്നാല്‍ അലോയി വീല്‍ പുതുമയുള്ളതാണ്.
ടിഗ്വാന്‍ ഓള്‍സ്‌പേസിനോട് സമാനമായ അകത്തളമാണ് പുതിയ ടിഗ്വാനിലും ഉള്ളത്. സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റിയുള്ള എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇലക്ട്രിക് പനോരമിക് സണ്‍റൂഫ്, ത്രീ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, എട്ട് രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ എന്നിവയാണ് അകത്തളത്തിലുള്ളത്.
പെട്രോള്‍ എന്‍ജിനിലാണ് ടിഗ്വാന്റെ അഞ്ച് സീറ്റര്‍ പതിപ്പ് നിരത്തുകളില്‍ എത്തുന്നത്. 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഇതില്‍ നല്‍കുക. ഇത് 187 ബി.എച്ച്.പി. പവറും 320 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. ഫോര്‍മോഷന്‍ ഓള്‍ വീല്‍ സംവിധാനത്തിനൊപ്പം ഏഴ് സ്പീഡ് ഡയറക്ട് ഷിഫ്റ്റ് ഗിയര്‍ബോക്‌സ് ആയിരിക്കും ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുക.
Content Highlights: Volkswagen Tiguan Launch May Delay Due To Corona Virus pandemic
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..