ടിഗ്വാന്‍ ഓള്‍സ്‌പേസ് എന്ന ഏഴ് സീറ്റര്‍ എസ്.യു.വിയുടെ വരവോടെ ഇന്ത്യന്‍ നിരത്തുകളില്‍ നിന്ന് പിന്‍വലിഞ്ഞ വാഹനമാണ് അഞ്ച് സീറ്റര്‍ ടിഗ്വാന്‍. എന്നാല്‍, ജ്യേഷ്ഠ സഹോദരനായ ഓള്‍സ്‌പേസും പിന്നാലെ എത്തിയ അഞ്ച് സീറ്റര്‍ എസ്.യു.വിയായ ടൈഗൂണും വിപണിയില്‍ മികച്ച വിജയം സ്വന്തമാക്കുന്നതിന് സാക്ഷ്യം വഹിച്ചതോടെ ഇന്ത്യന്‍ നിരത്തുകളില്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഫോക്‌സ്‌വാഗണിന്റെ അഞ്ച് സീറ്റര്‍ എസ്.യു.വി. മോഡലായ ടിഗ്വാന്‍. 

2021-മേയ് മാസത്തില്‍ തന്നെ ഈ വാഹനം വിപണിയില്‍ അവതരിപ്പിക്കുമെന്നായിരുന്നു ആദ്യ സൂചനകള്‍. എന്നാല്‍, കോവിഡ് രണ്ടാം തരംഗം ശക്തമായതോടെ ടിഗ്വാന്റെ വരവ് വീണ്ടും നീളുകയായിരുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഡിസംബര്‍ ഏഴിന് ഈ വാഹനം ഇന്ത്യന്‍ വിപണികളില്‍ അവതരിപ്പിക്കുമെന്നാണ് വിവരം. നിരത്തുകളില്‍ സ്വാധീനം അറിയിക്കുന്നതിനായി ഔറംഗാബാദിലെ ഫോക്‌സ്‌വാഗണ്‍ പ്ലാന്റില്‍ ഈ വാഹനത്തിന്റെ നിര്‍മാണം ആരംഭിച്ചു.

2020-ലാണ് ടിഗ്വാന്‍ അഞ്ച് സീറ്റര്‍ പതിപ്പ് നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ നിന്ന് പിന്‍വലിച്ചത്. ഇതിനുപിന്നാലെ ടിഗ്വാന്‍ ബാഡ്ജിങ്ങില്‍ ഏഴ് സീറ്റര്‍ എസ്.യു.വിയായി ഓള്‍സ്‌പേസ് എത്തുകയായിരുന്നു. പിന്നീട് അഞ്ച് സീറ്റര്‍ എസ്.യു.വികളായി ഫോക്‌സ്‌വാഗണ്‍ വിപണിയില്‍ എത്തിച്ച ടി-റോക്ക്, ടൈഗൂണ്‍ തുടങ്ങിയ വാഹനങ്ങള്‍ ലഭിച്ച വലിയ സ്വീകാര്യതയോടെയാണ് അഞ്ച് സീറ്ററായി തന്നെ ഈ വാഹനം തിരിച്ചെത്തിക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചത്. 

2020-ല്‍ നിരത്തൊഴിഞ്ഞ മോഡലിനെക്കാള്‍ കിടിലന്‍ ഗെറ്റപ്പിലാണ് ടിഗ്വാന്റെ റീ-എന്‍ട്രി. ഫോക്‌സ്‌വാഗണ്‍ പുതുതലമുറ വാഹനങ്ങളിലെ ഡിസൈന്‍ ശൈലിയിലും ഓള്‍സ്‌പേസില്‍ നിന്ന് കടമെടുത്ത ഫീച്ചറുകളുടെയും അകമ്പടിയിലായിരിക്കും ടിഗ്വാന്‍ എത്തുന്നത്. എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, ഇതിന് സമാന്തരമായുള്ള ക്രോമിയം ഗ്രില്ല്, വലയ എയര്‍ഡാം, സ്‌കിഡ് പ്ലേറ്റ് നല്‍കിയുള്ള ഡ്യുവല്‍ ടോണ്‍ ബമ്പര്‍ എന്നിവ മുഖഭാവത്തിന് ഭംഗിയേകും. മറ്റുള്ളവ ഓള്‍സ്‌പേസിന് സമമാണ്. 

ഫോക്‌സ്‌വാഗണ്‍ അടുത്തിടെ വിപണിയില്‍ എത്തിച്ചിട്ടുള്ള വാഹനങ്ങളിലെ ഫീച്ചറുകള്‍ ഇതിലും ഒരുങ്ങും. ഡിസൈന്‍ ഓള്‍സ്‌പേസിനോട് സമമായിരിക്കും. സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റിയുള്ള എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇലക്ട്രിക് സണ്‍റൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, എട്ട് രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ തുടങ്ങിയ അകത്തളത്തിന് കൂടുതല്‍ പ്രീമിയം ഭാവമൊരുക്കും.

മുമ്പ് കരുത്തേകിയിരുന്ന ഡീസല്‍ എന്‍ജിനെ പാടെ ഉപേക്ഷിച്ചാണ് ടിഗ്വാന്‍ തിരിച്ചെത്തുന്നത്. ടിഗ്വാന്‍ ഓള്‍സ്‌പേസില്‍ നല്‍കിയിട്ടുള്ള 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും അഞ്ച് സീറ്റര്‍ ടിഗ്വാനും കുതിപ്പേകുന്നതെന്നാണ് റിപ്പോര്‍ട്ട്. 2.0 ലിറ്റര്‍ ടി.എസ്.ഐ. എന്‍ജിന്‍ 190 ബി.എച്ച്.പി. പവറും 320 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഏഴ് സ്പീഡ് ഡി.എസ്.ജി. ആയിരിക്കും ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുക. കമ്പനിയുടെ ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനം ഫോര്‍ മോഷനും ഇതില്‍ നല്‍കും.

Content Highlights: Volkswagen Tiguan Five Seater Model Starts Productions, Launch Soon, Volkswagen Tiguan