ഒരു വളയത്തിനുള്ളില്‍ ഇംഗ്ലീഷിലെ രണ്ടക്ഷരങ്ങള്‍, 'വി', 'ഡബ്ല്യു'... മറ്റൊരു വാഹനത്തിനും ലഭിക്കാത്ത വിശ്വാസം ഫോക്‌സ്വാഗണിന്റെ പ്രതീകമായ ആ രണ്ടക്ഷരം സൃഷ്ടിച്ചു. അതുകൊണ്ടുതന്നെ യൂറോപ്പിലും അമേരിക്കയിലും ചൈനയിലുമെല്ലാം ഫോക്‌സ്വാഗണുകള്‍ നിറഞ്ഞോടി. ഇന്ത്യയിലും ഇപ്പോള്‍ കാര്യങ്ങള്‍ വ്യത്യസ്തമാകുന്നില്ല. വാഹനമെന്നാല്‍ നാലു ചക്രത്തില്‍ ഓടുന്ന, കൂടുതല്‍ മൈലേജ് തരുന്ന യന്ത്രം എന്ന ചിന്താഗതിയില്‍ നിന്ന് പുതിയ തലമുറ വഴിമാറി ഓടിയപ്പോള്‍ 'ഫോക്‌സ്വാഗണ്‍' ഇവിടെയും കണ്ടുതുടങ്ങി.
പറഞ്ഞുവരുന്നത്, ഫോക്‌സ്വാഗണിന്റെ പുതിയ ഒരു ജനുസിനെക്കുറിച്ചാണ്... 'ടിഗ്വാന്‍ ഓള്‍സ്‌പേസി'നെക്കുറിച്ച്. ടിഗ്വാന്‍ എന്നത് ഇവിടെ അത്ര കേട്ടുകേള്‍വിയില്ലെങ്കിലും ഫോക്‌സ്വാഗണിന്റെ ഏറ്റവും ഡിമാന്‍ഡുള്ള വാഹനങ്ങളിലൊന്നാണ്. വിദേശ റോഡുകളിലെ നിത്യസാന്നിധ്യമാണ് 2007-ല്‍ ഇറങ്ങിയ ഈ എസ്.യു.വി. അവസാനം നടന്ന ഡല്‍ഹി ഓട്ടോഷോയിലാണ് ടിഗ്വാന്റെ നീളം കൂടിയ ജനുസായ ഓള്‍സ്‌പേസ് ഇന്ത്യയിലേക്ക് വരുന്നത്. പിന്നിലെ രണ്ട് കുട്ടിസീറ്റുകളായി 335 മില്ലിമീറ്റര്‍ വളര്‍ച്ചയാണ് ഇക്കാലത്തുണ്ടായത്.
ഔഡിയും പോര്‍ഷെയും ഫോക്‌സ്വാഗണുമെല്ലാം ഒരമ്മ പെറ്റ മക്കളാകുമ്പോള്‍ ചേട്ടാനുജന്‍മാരുടെ സിരകളില്‍ ഒഴുകുന്നത് ഒരേ രക്തമാകുന്നത് സ്വാഭാവികം. അതിനാല്‍, ഫോക്‌സ്വാഗണ്‍ വാഹനങ്ങളിലും ഈ ഉന്നതകുലജാതര്‍ നല്‍കുന്ന എല്ലാം കുറഞ്ഞവിലയ്ക്ക് നല്‍കുന്നുവെന്ന് സാരം. ടിഗ്വാന്റെ ഓള്‍സ്‌പേസ് ഓടിച്ചുനോക്കിയപ്പോള്‍ പ്രീമിയം ക്ലാസ് ഫീലിങ് തന്നെയാണ് അനുഭവപ്പെട്ടത്.
പുതിയ ടിഗ്വാന്‍ ഓള്‍സ്‌പേസിനെ പരിചയപ്പെടാം... ആകാരത്തില്‍ ഒരിക്കലും ഒരു ഭീമാകാരന്‍ എസ്.യു.വി.യല്ല ഇത്. ഒതുങ്ങിയ രൂപമാണ്, ഒറ്റനോട്ടത്തില്‍. കാരണം, മുഖംനിറയെ നീണ്ടുകിടക്കുന്ന മുഖമുദ്രയായ ക്രോം ഗ്രില്ലും അതിനു ചേര്‍ന്നുള്ള വലിയ പ്രൊജക്ടഡ് ഹെഡ്ലൈറ്റുമാണ്. ഗ്രില്ലിന് നടുവില്‍ പ്രശസ്തമായ ഫോക്‌സ്വാഗണിന്റെ ലോഗോ ഇത്തവണ ത്രിമാന രൂപത്തിലാണ്.
കട്ട ഓഫ്‌റോഡിങ്ങൊന്നും ചിന്തിക്കരുത്. എന്നാല്‍, റോഡില്‍ ഒരുപക്ഷേ, മറ്റൊരു വാഹനത്തേക്കാളും ധൈര്യം നല്‍കുന്നതാണിത്. നാല് ടയറുകളുടെ റോഡിലുള്ള പിടിത്തം ശരിക്കും മനസ്സിലാക്കാം. എത്ര വേഗത്തില്‍ കുതിക്കുമ്പോഴും വണ്ടി ഒരിക്കലും കൈയില്‍നിന്ന് പോയതായി അനുഭവപ്പെടില്ല. ഡ്രൈവിങ് ഒരു മടുപ്പായി തോന്നുന്നില്ല. അത്രയ്ക്കും സ്മൂത്താണ് പെര്‍ഫോമന്‍സ്.
എന്‍ജിന്‍
പെട്രോളിലാണ് കളി. 2 ലീറ്റര്‍ ടി.എസ്.ഐ. പെട്രോള്‍ എന്‍ജിന്‍. ഇത് നമ്മള്‍ ചെറുതായി അനുഭവിച്ചിട്ടുണ്ട് 'പോളോ'യില്‍. കൂടുതല്‍ കരുത്തോടെ, 7 സ്പീഡ് ഡി.എസ്.ജി. ഗിയര്‍ബോക്‌സാണ് കൂട്ട്. ആക്‌സിലറേറ്ററില്‍ കാലമര്‍ത്തുമ്പോള്‍ ഗിയര്‍ കയറിപ്പോകുന്നത് അറിയില്ല. അമര്‍ത്തുമ്പോഴുള്ള മുരളല്‍ മതി പൈസ വസൂലാകാന്‍. 190 പി.എസ്. ആണ് കരുത്ത്. 'ഫോര്‍മോഷന്‍' എന്ന് ഫോക്‌സ് വാഗണ്‍ പേരിട്ടു വിളിക്കുന്ന നാല് വീല്‍ ഡ്രൈവ് സംവിധാനം ഓള്‍ടൈം ഫോര്‍ വീല്‍ മോഡിലാണ്. പുറമെ ഡ്രൈവര്‍ക്ക് മാനുവലായി മോഡുകള്‍ തിരഞ്ഞെടുക്കാം. കൂടാതെ, വിവിധ ടെറൈന്‍ മോഡുകളുമുണ്ട്.
യാത്രാസുഖം
ഓടിച്ച് ക്ഷീണിച്ചുവെന്ന് പറയേണ്ടിവരില്ല, അത് ദീര്‍ഘദുര യാത്രയിലും നഗരത്തിരക്കിലെ യാത്രയിലും. ഉയര്‍ന്ന ഇരിപ്പും കയറിയിറങ്ങാനുള്ള സൗകര്യവും എടുത്തുപറയണം. ഡോര്‍ പാനലുകള്‍ വരെ പ്രീമിയം ഫീല്‍ തരുന്നുണ്ട്. സോഫ്റ്റ് ടച്ച് ഡാഷ് ബോര്‍ഡ് സിമ്പിളാണ്. ഡ്രൈവര്‍ സീറ്റ് ഇലക്ട്രിക്കലി അഡ്ജസ്റ്റബിളാണ്. മൂന്നു നിര സീറ്റുകളില്‍ ആദ്യത്തെ രണ്ടു നിരകള്‍ ലാവിഷാണ്. മൂന്നാം നിര കുട്ടികള്‍ക്കായി റിസര്‍വ്ഡ് ആണ്.
എല്ലാ യാത്രക്കാര്‍ക്കും വ്യക്തിപരമായി ക്രമീകരിക്കാവുന്ന ത്രീ സോണ്‍ ക്ലൈമട്രോണിക് എ.സി.യും ഫോള്‍ഡബിള്‍ ട്രേ അടക്കമുള്ള സൗകര്യങ്ങളും. പനോരമിക് സണ്‍ റൂഫ്, പാഡില്‍ ഷിഫ്റ്റ്, വിയന്ന ലെതര്‍ സീറ്റ്, 18 ഇഞ്ച് അലോയ്, തിയേറ്റര്‍ സൗണ്ട് സിസ്റ്റം, പാര്‍ക്ക് അസിസ്റ്റ്, ഏഴ് എയര്‍ ബാഗ് എന്നിങ്ങനെ നീളുകയാണ് ആഡംബരവും സുരക്ഷയും. ഇതില്‍ കൗതുകമായി തോന്നിയത് സുരക്ഷാ സൗകര്യങ്ങളുടെ നീണ്ട ലിസ്റ്റാണ്. ആഡംബര സൗകര്യങ്ങള്‍ക്കൊപ്പം സുരക്ഷയ്ക്കും കൂടി മുന്‍ഗണന നല്‍കുകയാണ് ഫോക്‌സ്വാഗണ്‍. 33.24 ലക്ഷമാണ് ടിഗ്വാന്‍ ഓള്‍സ്‌പേസിന്റെ എക്‌സ്ഷോറൂം വില.
Content Highlights: Volkswagen Tiguan AllspaceTest Drive Review | Video