ലോകത്താകമാനമുള്ള എസ്.യു.വി. വിപണിയില്‍ ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ എത്തിച്ച എസ്.യു.വി. മോഡലാണ് ടിഗ്വാന്‍ ഓള്‍സ്‌പേസ്. 2020-ല്‍ അരങ്ങേറ്റം കുറിച്ച ഈ വാഹനത്തിന്റെ മുഖം മിനിക്കിയ പതിപ്പ് വീണ്ടും നിരത്തുകളില്‍ എത്തിക്കുകയാണ് ഫോക്‌സ്‌വാഗണ്‍. വരവിന് മുന്നോടിയായി ഈ വാഹനം ആഗോള തലത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്. 

മുഖം മിനുക്കിയ പുതിയ ടിഗ്വാന്‍ ഓള്‍സ്‌പേസ് 2022-ഓടെ നിരത്തുകളില്‍ എത്തുമെന്നാണ് സൂചന. ആദ്യ മോഡലിലുണ്ടായിരുന്ന തലയെടുപ്പിനൊപ്പം തികച്ചും പുത്തന്‍ ഡിസൈനിലും ഫീച്ചര്‍ അപ്പ്‌ഡേഷനിലും പുതിയ ഒരു വാഹനത്തിന്റെ പകിട്ടോടെയായിരുന്നു ഒള്‍സ്‌പേസിന്റെ മുഖം മിനുക്കിയ മോഡല്‍ എത്തുകയെന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. 

മാറ്റം വരുത്തിയെത്തിയിട്ടുള്ള ബമ്പറാണ് മുഖഭാവത്തിലെ പ്രധാന പുതുമ. ബ്ലാക്ക് ആക്‌സെന്റുകള്‍ നല്‍കി മസ്‌കുലര്‍  ഭാവത്തിലാണ് ബമ്പര്‍ ഒരുങ്ങിയിട്ടുള്ളത്. ഇല്ലുമിനേറ്റഡ് ലൈറ്റുകള്‍ നല്‍കിയുള്ള ലോഗോയാണ് റേഡിയേറ്റര്‍ ഗ്രില്ലില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ഹെഡ്‌ലൈറ്റ്, ഡി.ആര്‍.എല്‍ എന്നിവ മുന്‍ മോഡലിലേത് നിലനിര്‍ത്തിയാണ് 2022 ടിഗ്വാന്‍ എത്തിയിരിക്കുന്നത്. 

നിലവിലെ മോഡലില്‍ നിന്ന് നിരവധി മാറ്റങ്ങള്‍ വരുത്തിയാണ് പിന്‍ഭാഗം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ടെയ്ല്‍ഗേറ്റിലെ ലോഗോയുടെ താഴെയായി ടിഗ്വാന്‍ ബാഡ്ജിങ്ങ് നല്‍കിയിട്ടുണ്ട്. ഡിഫ്യൂസറും ക്രോമിയം സ്ട്രിപ്പും നല്‍കിയിട്ടുള്ള ബമ്പറാണ് പിന്നില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ടെയ്ല്‍ലാമ്പ് എല്‍.ഇ.ഡിയിലാണ് തീര്‍ത്തിരിക്കുന്നത്. 17, 20 ഇഞ്ച് ടയറുകളും ഇതില്‍ നല്‍കും. 

അകത്തളത്തിന്റെ ലേഔട്ടും ഫീച്ചറുകളും മുന്‍ മോഡലുകള്‍ക്ക് സമാനമാണ്. സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റിയുള്ള പത്ത് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ മുന്‍നിര സീറ്റുകള്‍, ആംബിയന്റ് ലൈറ്റിനുള്ളുകള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍ എന്നിവയാണ് അകത്തളത്തെ ആകര്‍ഷകമാക്കുന്നത്. 

വിദേശ നിരത്തുകള്‍ ഈ വാഹനം പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ എത്തുന്നുണ്ടെങ്കിലും ഇന്ത്യയില്‍ 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് എത്തുന്നത്. ഇത് 190 പി.എസ്. പവറാണ് ഉത്പാദിപ്പിക്കുന്നത്. ഏഴ് സ്പീഡ് ഡയറക്ട് ഷിഫ്റ്റ് ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്. എ.ബി.എസ്, ഇ.ബി.ഡി, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷ ഫീച്ചറുകളും ഇതിലുണ്ട്.

Content Highlights: Volkswagen Tiguan Allspace Facelift Unveiled