ഫോക്സ്വാഗൺ ടൈഗൂൺ | Photo: Volkswagen
ഇന്ത്യയുടെ വിപണിമൂല്യത്തിന്റെ വിലയറിഞ്ഞപ്പോഴാണ് ജര്‍മന്‍ ആഗോള ഭീമനായ 'ഫോക്സ്വാഗണ്' പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചത്. മിഡ്സൈസ് എസ്.യു.വി.കളിലെ താരങ്ങള്‍ക്ക് ഒത്ത എതിരാളിയായിട്ടാണ് 'ടൈഗൂണി'ന്റെ വരവ്.
കാഴ്ചയ്ക്ക് സിംപിളാണ്
ഫോക്സ്വാഗണ് എന്നാല്‍ കാഴ്ചയ്ക്ക് വളരെ സിംപിളാണ്... അവരുടെ എല്ലാ വണ്ടികളിലും കാണുന്ന അതേ മിതത്വം 'ടൈഗൂണി'ലും കൊണ്ടുവന്നിട്ടുണ്ട്. അധികം ഉയരവും വലിപ്പവുമൊന്നും തോന്നില്ല. എന്നാല്‍, ഉള്ളില്‍ കയറിയാല്‍ അതിനൊന്നും കുറവുമില്ല. അവിടെയാണ് ജര്‍മന്‍ ഇന്ദ്രജാലം. മുഖം നിറയെ പരന്നുകിടക്കുന്നുണ്ട് ഗ്രില്ലും ഹെഡ്ലൈറ്റുമൊക്കെ. ഇന്ത്യയില്‍ പൂര്‍ണമായി നിര്‍മിക്കുന്ന ഫോക്സ് വാഗണിന്റെ വണ്ടിയാണിതെന്ന പ്രത്യേകതകൂടി എടുത്തുപറയണം.
മുന്‍വശം മുഴുവന്‍ ക്രോം മയമാണ്. ഗ്രില്‍, ഗ്രില്ലിനു താഴെ ഫോഗ് ലാമ്പിനെ പൊതിഞ്ഞുകൊണ്ടുള്ള കട്ടിയേറിയ ലൈനുകള്‍. ഇതൊക്കെ വെള്ളിനിറം പൊതിഞ്ഞിട്ടുണ്ട്. വശങ്ങളിലേക്ക് അല്‍പ്പം തള്ളിനില്‍ക്കുന്നതാണ് ഹെഡ് ലൈറ്റ് ക്ലസ്റ്റര്‍. അതിന് മുകളില്‍ ഡി.ആര്.എല്ലും താഴെ ഇന്‍ഡിക്കേറ്ററും നല്കിയിരിക്കുന്നു. എല്‍.ഇ.ഡി.യുടെ തിളക്കം ആരെയും ആകര്‍ഷിക്കും. ബോണറ്റിലെ വരമ്പുകളാണ് മറ്റൊരു ആകര്‍ഷണം. ഫോക്സ് വാഗണ്‍ എസ്.യു.വി.കള്‍ക്ക് കൂടുതല്‍ ഭംഗി നല്കുന്നുണ്ടിത്. വീല്‍ ആര്ച്ചുകളടക്കം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കറുത്ത ക്ലാഡിങ്ങും 'ടൈഗൂണി'ന് ഭംഗി കൂട്ടുന്നുണ്ട്. പതിനേഴിഞ്ച് അലോയ് വീലിലുള്ള എഴുന്നള്ളത്ത് തലയെടുപ്പോടെയാണ്. മുന്‍വശത്ത് ഗ്രില്ല് പരന്നുകിടക്കുന്നതുപോലെ പിന്‍വശത്ത് ടെയില്‍ ലാമ്പ് ക്ലസ്റ്ററാണ് പരന്നുകിടക്കുന്നത്. എല്‍.ഇ.ഡി. സ്ട്രിപ്പാണ് ഇത്.
അകം
അകത്തളവും ശരിയായ ഫോക്സ് വാഗണ്‍ പാരമ്പര്യം ഉള്‍ക്കൊള്ളുന്നതാണ്. വെള്ളയും ചാരനിറവുമാണ് മുന്നില്‍ നില്‍ക്കുന്നത്. വെന്റിലേറ്റഡ് സീറ്റുകളാണ്. ശരിക്കും പൊതിഞ്ഞുപിടിക്കുന്ന ഇവ ദീര്‍ഘദൂരയാത്രയ്ക്കും സൗകര്യപ്രദമാണ്. സെന്‍ട്രല്‍ കണ്‍സോളും അതുപോലെ സിംപിളാണ്. പത്തിഞ്ച് ഡിജിറ്റല്‍ എന്റര്ടെയ്ന്മെന്റ് സ്ക്രീനാണ്. അതില്‍ വാഹനത്തെക്കുറിച്ച് ആവശ്യത്തിനുള്ള വിവരങ്ങളും നല്‍കും. ക്ളൈമറ്റ് കണ്ട്രോളടങ്ങിയ ഭാഗവും ആധുനികവത്കരിച്ചിട്ടുണ്ട്. നോബുകള്‍ക്ക് പകരം ടച്ച് സ്ക്രീനാണ്. താഴെ ഗിയര്‍നോബും ചേര്‍ന്ന് സാധാരണ സ്റ്റോറേജ് സ്ഥലവുമുണ്ട്.
സ്റ്റിയറിങ്ങിലുള്ള സൗകര്യങ്ങള്‍ കൂട്ടിയിട്ടുണ്ട്. വിനോദോപാധികളുടെ നിയന്ത്രണത്തിനു പുറമേ ക്രൂയിസ് കണ്ട്രോളും വോയ്സ് കമാന്ഡുമെല്ലാം തുകല്കൊണ്ട് പൊതിഞ്ഞ ഡി കട്ട് സ്റ്റിയറിങ്ങിലുണ്ട്. ക്രമീകരിക്കാവുന്ന സ്റ്റിയറിങ്ങിന്റെ അടിഭാഗത്താണ് പാഡില്‍ ഷിഫ്റ്റ്. എട്ടിഞ്ചിന്റെ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് സ്ക്രീന്‍ വിവിധ തരത്തില്‍ രൂപംമാറ്റാന്‍ കഴിയും. ഹെഡ് ലൈറ്റ് സ്വിച്ചുകള്‍ വലതുഭാഗത്ത് ഡാഷ്ബോര്‍ഡിലാണ്. ഡ്രൈവര്‍ സീറ്റിന്റെ ക്രമീകരണമെല്ലാം മാനുവലാണ്. പിന്‍സീറ്റുകളിലും ഇരിപ്പ് വളരെ സുഖകരമാണ്.
ഇനി ഓട്ടം
'പോളോ'യില്‍ കണ്ട അതേ ഒരു ലിറ്റര്‍, മൂന്ന് സിലിന്‍ഡര്‍ എന്ജിന് തന്നയാണ് ടെസ്റ്റ് ഡ്രൈവിന് കിട്ടിയ 'ടൈഗൂണി'ലുമുള്ളത്. വലിയൊരു വണ്ടിക്കും മടുപ്പിക്കാത്ത വിധമുള്ള പ്രവര്‍ത്തനമാണ് ഈ എന്ജിന് കാഴ്ചവെച്ചത്. അത് സിറ്റിയിലും ഹൈവേയിലും ഒരുതരത്തിലുമുള്ള ലാഗും ഉണ്ടാവാതെനോക്കാന് വളരെ റിഫൈന്‍ഡായ എന്ജിന് കഴിഞ്ഞിട്ടുണ്ട്. ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ അടക്കമുള്ള ആറു സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്റെ പ്രവര്‍ത്തനവും ഗംഭീരം. 11 ലക്ഷം മുതല്‍ 16 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.
Content Highlights: Volkswagen Taigun Mid Size SUV Test Drive Review, Volkswagen Cars, Video Review, Taigun Price
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..