കാത്തിരിപ്പ് മാസങ്ങള്‍ പിന്നിട്ട് വര്‍ഷത്തിലേക്ക് കടന്നതിന് പിന്നാലെ അത് സംഭവിച്ചു. ഫോക്‌സ്‌വാഗണ്‍ ഇന്ത്യന്‍ നിരത്തുകള്‍ക്കായി ഒരുക്കുന്ന മിഡ്-സൈസ് എസ്.യു.വി. മോഡലായ ടൈഗൂണിന്റെ പ്രൊഡക്ഷന്‍ പതിപ്പ് പ്രദര്‍ശനത്തിനെത്തി. ഫോക്‌സ്‌വാഗണിന്റെ ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് ഈ വാഹനത്തിന്റെ കണ്‍സെപ്റ്റ് മോഡല്‍ പ്രദര്‍ശനത്തിനെത്തിയത്. നിരത്തുകളില്‍ എത്താന്‍ ഓഗസ്റ്റ് മാസം വരെ കാത്തിരിക്കണമെന്നാണ് സൂചന.

ഫോക്‌സ്‌വാഗണ്‍-സ്‌കോഡ കൂട്ടുകെട്ടില്‍ ഒരുങ്ങിയിട്ടുള്ള MBQ AO IN പ്ലാറ്റ്‌ഫോമിലാണ് ടൈഗൂണ്‍ ഒരുങ്ങിയിട്ടുള്ളത്. സ്‌കോഡ അടുത്തിടെ പുറത്തിറക്കിയ കുഷാക്ക് എസ്.യു.യുടെയും അടിസ്ഥാനം ഇതേ പ്ലാറ്റ്‌ഫോമാണ്. ടൈഗൂണിന്റെ എതിരാളിയാകുന്ന കുഷാക്ക് ജൂലൈ മാസത്തോടെ നിരത്തുകളില്‍ എത്തുമെന്നാണ് സ്‌കോഡ അറിയിച്ചിരിക്കുന്നത്. ഇതിനുപിന്നാലെ ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസത്തില്‍ ടൈഗൂണ്‍ എത്തിക്കാന്‍ ഫോക്‌സ്‌വാഗണ്‍ ഒരുങ്ങുന്നത്. 

ഫോക്‌സ്‌വാഗണിന്റെ മറ്റ് എസ്.യു.വി. മോഡലുകളായ ടിഗ്വാന്‍, ടി-റോക്ക് എന്നിവയുമായി ഡിസൈന്‍ പങ്കിട്ടാണ് ടൈഗൂണും എത്തിയിട്ടുള്ളത്. ക്രോമിയം സ്റ്റഡുകള്‍ പതിപ്പിച്ച ഗ്രില്ലും ബ്ലാക്ക് സ്‌മോഗ്ഡ്  എല്‍.ഇ.ഡി. പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പും ഡി.ആര്‍.എല്ലും, സില്‍വര്‍ ആക്‌സെന്റുകള്‍ പതിപ്പിച്ച ബമ്പറുമാണ് മുഖഭാവത്തിന് ആഡംബരഭാവം നല്‍കുന്നത്. പുതുമയുള്ള അലോയി വീലും ക്രോമിയം ആവരണമുള്ള ഡോര്‍ ഹാന്‍ഡിലും വശങ്ങളെ സ്‌റ്റൈലിഷാക്കുന്നുണ്ട്.

ഇന്റീരിയര്‍ സംബന്ധിച്ച വിവരങ്ങളില്‍ നിലനിര്‍ത്തിയിരുന്ന സസ്‌പെന്‍സും അവസാനിച്ചിരിക്കുകയാണ്. 10 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വെന്റിലേറ്റഡ് സീറ്റ്, ആംബിയന്റ് ലൈറ്റിങ്ങ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജിങ്ങ്, കണക്ടഡ് കാര്‍ ഫീച്ചറുകള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, സണ്‍റൂഫ് തുടങ്ങി ഫീച്ചറുകളുടെ വലിയ നിരയാണ് ഫോക്‌സ്‌വാഗണ്‍ ടൈഗൂണിന്റെ അകത്തളത്തില്‍ ഒരുങ്ങിയിരിക്കുന്നത്. 

രണ്ട് പെട്രോള്‍ എന്‍ജിനുകളിലാണ് ടൈഗൂണ്‍ പുറത്തിറങ്ങുന്നത്. 113 ബി.എച്ച്.പി. പവറും 175 എന്‍.എം. ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍, 147 ബി.എച്ച്.പി. പവറും 250 എന്‍.എം. ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ടി.എസ്.ഐ. എന്‍ജിനുമാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷന്‍, ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഗിയര്‍ബോക്സുകളായിരിക്കും ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്.

Content Highlights: Volkswagen Taigun Mid Size SUV Revealed