ര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയിലെ മിഡ്-സൈസ് എസ്.യു.വി. ശ്രേണിക്കായി ഒരുക്കിയിട്ടുള്ള വാഹനമാണ് ടൈഗൂണ്‍. മാസങ്ങള്‍ക്ക് മുമ്പ് പ്രൊഡക്ഷന്‍ പതിപ്പ് പ്രദര്‍ശനത്തിനെത്തിച്ച ഈ വാഹനത്തിന്റെ അവതരണത്തിനുള്ള സമയവും കുറിച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ 23-ന് ഈ വാഹനം വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് ഫോക്‌സ്‌വാഗണ്‍ അറിയിച്ചിരിക്കുന്നത്. വരവ് പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ ഈ വാഹനത്തിന്റെ ഔദ്യോഗിക ബുക്കിങ് നിര്‍മാതാക്കള്‍ ആരംഭിച്ചിരുന്നു.

1.5 ലിറ്റര്‍, 1.0 ലിറ്റര്‍ എന്നീ രണ്ട് പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ ഈ വാഹനം എത്തുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ആദ്യ ഘട്ടത്തില്‍ 1.5 ലിറ്റര്‍ എന്‍ജിന്‍ മോഡലായിരിക്കും വിപണിയില്‍ എത്തുക. ഫോക്‌സ്‌വാഗണ്‍ ഇന്ത്യക്കായി പ്രഖ്യാപിച്ചിട്ടുള്ള ഇന്ത്യ 2.0 പദ്ധതിയുടെ കീഴില്‍ ആദ്യമായി എത്തുന്ന വാഹനമാണ് ടൈഗൂണ്‍. 2020-ലെ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലായിരുന്നു ഈ വാഹനത്തിന്റെ കണ്‍സെപ്റ്റ് മോഡല്‍ പ്രദര്‍ശനത്തിനെത്തിയത്. മിഡ്-സൈസ് എസ്.യു.വി. ശ്രേണിയാണ് ടൈഗൂണിന്റെ ലക്ഷ്യം.

എസ്.യു.വികള്‍ക്ക് അടിസ്ഥാനം ഒരുക്കുന്നതിനായി ഫോക്‌സ്‌വാഗണ്‍-സ്‌കോഡ കൂട്ടുകെട്ടില്‍ ഒരുങ്ങിയിട്ടുള്ള MBQ AO IN പ്ലാറ്റ്‌ഫോമിലാണ് ടൈഗൂണ്‍ നിര്‍മിച്ചിരിക്കുന്നത്. ഈ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി സ്‌കോഡയുടെ ആദ്യ വാഹനം മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ എത്തിയിരുന്നു. കുഷാക്ക് എന്ന് പേരിട്ടിരിക്കുന്ന മിഡ്-സൈസ് എസ്.യു.വി. ടൈഗൂണിന്റെ മുഖ്യ എതിരാളികളില്‍ ഒന്നാണ്. ഹ്യുണ്ടായി ക്രെറ്റ, എം.ജി. ഹെക്ടര്‍, കിയ സെല്‍റ്റോസ് എന്നീ വാഹനങ്ങളായിരിക്കും ടൈഗൂണിന്റെ മറ്റ് എതിരാളികള്‍.

സൗന്ദര്യത്തില്‍ എതിരാളികള്‍ക്ക് കടുത്ത മത്സരം സൃഷ്ടിക്കാന്‍ കഴിയുന്ന തരത്തിലാണ് ടൈഗൂണിന്റെ രൂപകല്‍പ്പന. ഫോക്‌സ്‌വാഗണിന്റെ മറ്റ് എസ്.യു.വികളായ ടിഗ്വാന്‍, ടി-റോക്ക് എന്നീ മോഡലുകളില്‍ നിന്ന് കടംകൊണ്ട് ഡിസൈന്‍ ശൈലികളും ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. ക്രോമിയം സ്റ്റഡുകള്‍ പതിപ്പിച്ച ഗ്രില്ലും ബ്ലാക്ക് സ്‌മോഗ്ഡ്  എല്‍.ഇ.ഡി. പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പും ഡി.ആര്‍.എല്ലും സില്‍വര്‍ ആക്‌സെന്റുകള്‍ പതിപ്പിച്ച ബംപറുമാണ് മുഖഭാവത്തിന് ആഡംബരഭാവം നല്‍കുന്നത്. 

പുതുതലമുറ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ നിരവധി ഫീച്ചറുകള്‍ ഈ വാഹനത്തില്‍ നല്‍കുമെന്നാണ് ഫോക്‌സ്‌വാഗണ്‍ അറിയിച്ചിരുന്നത്. 10 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വെന്റിലേറ്റഡ് സീറ്റ്, ആംബിയന്റ് ലൈറ്റിങ്ങ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജിങ്ങ്, കണക്ടഡ് കാര്‍ ഫീച്ചറുകള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, സണ്‍റൂഫ് തുടങ്ങി ഫീച്ചറുകളുടെ വലിയ നിരയാണ് ഫോക്‌സ്വാഗണ്‍ ടൈഗൂണിന്റെ അകത്തളത്തില്‍ ഒരുങ്ങിയിരിക്കുന്നത്. 

എതിരാളികളോട് കട്ടക്ക് മുട്ടി നില്‍ക്കാന്‍ കഴിയുന്ന കരുത്തും ടൈഗൂണിന്റെ കൈമുതലാണ്. 113 ബി.എച്ച്.പി. പവറും 175 എന്‍.എം. ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍, 147 ബി.എച്ച്.പി. പവറും 250 എന്‍.എം. ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ടി.എസ്.ഐ. എന്‍ജിനിലുമാണ് ടൈഗൂണ്‍ വിപണിയില്‍ എത്തുന്നത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷന്‍, ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഗിയര്‍ബോക്സുകളായിരിക്കും ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്.

Content Highlights: Volkswagen Taigun India Launch Date Announced