ടൈഗൂണ്‍ എന്ന എസ്.യു.വി. എത്തിക്കുമ്പോള്‍ നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ പ്രതീക്ഷിച്ചത് തന്നെയാണ് അവര്‍ക്ക് ലഭിക്കുന്നത്. വിപണിയില്‍ എത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വാഹനം സൂപ്പര്‍ ഹിറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ബുക്കിങ്ങില്‍ ഉണ്ടായ കുതിച്ചുചാട്ടത്തോടെയാണ് ഈ വാഹനത്തെ ഇന്ത്യയിലെ ജനങ്ങള്‍ ഏറ്റെടുത്തെന്ന് നിര്‍മാതാക്കള്‍ ഉറപ്പിച്ചിരിക്കുന്നത്. ഇതിനോടകം 18,000 ആളുകളാണ് ഫോക്‌സ്‌വാഗണ്‍ ടൈഗൂര്‍ ബുക്കുചെയ്തിട്ടുള്ളത്. 

അവതരണത്തിന് പിന്നാലെ തന്നെ 12,000 ബുക്കിങ്ങുകളാണ് ഈ എസ്.യു.വിക്ക് ലഭിച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍ ഇത് 16,000-ത്തിലേക്ക് ഉയരുകയും ചെയ്തു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 18,000 ബുക്കിങ്ങുകള്‍ ഇതുവരെ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. കൂടുതല്‍ മികച്ച മോഡലുകള്‍ എത്തിയതോടെ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കമ്പനിയുടെ മൊത്ത വില്‍പ്പനയില്‍ വലിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളതെന്നാണ് ഫോക്‌സ്‌വാഗണ്‍ അവകാശപ്പെട്ടിട്ടുള്ളത്. 

ടൈഗൂണിന് ലഭിക്കുന്ന അംഗീകാരം ഞങ്ങളെ കൂടുതല്‍ ആവേശഭരിതരാക്കുന്നു. എല്ലാ മേഖലയില്‍ നിന്നും വലിയ സ്വീകാര്യതയാണ് ഈ വാഹനത്തിന് ലഭിക്കുന്നത്. ടൈഗൂണിന്റെ വരവോടെ കമ്പനിയുടെ വില്‍പ്പനയില്‍ 50 ശതമാനം വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചിപ്പ് ക്ഷാമം വാഹനങ്ങളുടെ വിതരണത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. എങ്കിലും ഇത് പരമാവധി വേഗത്തിലാക്കുന്നതിനുള്ള നടപടികള്‍ കമ്പനി സ്വീകരിച്ച് വരുന്നുണ്ടെന്നും ഫോക്‌സ്‌വാഗണ്‍ അറിയിച്ചു.

ഡൈനാമിക് ലൈന്‍, പെര്‍ഫോമെന്‍സ് ലൈന്‍ എന്നീ രണ്ട് വിഭാഗങ്ങളിലായി അഞ്ച് വേരിയന്റുകളിലാണ് ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ എത്തിയിട്ടുള്ളത്. ഈ വാഹനത്തിന് 10.49 ലക്ഷം രൂപ മുതല്‍ 17.50 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില. ഡൈനാമിക്കില്‍ കംഫര്‍ട്ട്ലൈന്‍, ഹൈലൈന്‍, ടോപ്പ്ലൈന്‍ എന്നിവയും പെര്‍ഫോമെന്‍സ് ലൈനില്‍ ജി.ടി, ജി.ടി. പ്ലസ് എന്നിവയുമാണ് വേരിയന്റുകള്‍. ഫോക്സ്വാഗണ്‍ MQB AO IN പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. 

രണ്ട് പെട്രോള്‍ എന്‍ജിനുകളിലാണ് ടൈഗൂണ്‍ എത്തുന്നത്. 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ്, 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് എന്നിവയാണ് ടൈഗൂണിലെ എന്‍ജിനുകള്‍. 1.0 ലിറ്റര്‍ എന്‍ജിന്‍ 115 പി.എസ്. പവറും 178 എന്‍.എം. ടോര്‍ക്കുമേകും. 1.5 ലിറ്റര്‍ എന്‍ജിന്‍ 150 പി.എസ്. പവറും 250 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡി.എസ്.ജി. ഓട്ടോമാറ്റിക് എന്നിവയാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

Content Highlights: Volkswagen Taigun Bookings Cross 18,000 Units, Volkswagen Taigun SUV, Taigun