ര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണിന് ഇന്ത്യയില്‍ ശക്തമായ സാന്നിധ്യം ഉറപ്പാക്കിയ വാഹനങ്ങളാണ് പോളോ എന്ന ഹാച്ച്ബാക്കും വെന്റോ എന്ന സെഡാനും. ഇന്ത്യയില്‍ വരാനിരിക്കുന്ന ഉത്സവ സീസണിന് മുന്നോടിയായി ഈ രണ്ട് മോഡലുകളുടെയും പ്രത്യേക പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഫോക്‌സ്‌വാഗണ്‍. മാറ്റ് എഡിഷന്‍ എന്ന പേരിലാണ് പോളോ, വെന്റോ മോഡലുകളുടെ പ്രത്യേക പതിപ്പ് എത്തിച്ചിരിക്കുന്നത്.

പോളോ ജി.ടി. പതിപ്പാണ് മാറ്റ് എഡിഷന്‍ മോഡലായി മാറ്റിയിട്ടുള്ളത്. ഈ വാഹനത്തിന് 9.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില. അതേസമയം, വെന്റോയുടെ ഹൈലൈന്‍ ഓട്ടോമാറ്റിക്, ഹൈലൈന്‍ പ്ലസ് എന്നീ രണ്ട് വേരിയന്റുകള്‍ മാറ്റ് എഡിഷനായി മാറിയിട്ടുണ്ട്. ഈ മോഡലുകള്‍ക്ക് യഥാക്രമം 11.94 ലക്ഷം രൂപയും 13.34 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും വില. സ്‌കോഡ റാപ്പിഡിന്റെയും മാറ്റ് എഡിഷന്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.

പോളോ, വെന്റോ വാഹനങ്ങളുടെ റെഗുലര്‍ രൂപത്തിലും ഡിസൈനിലുമാണ് മാറ്റ് എഡിഷന്‍ എത്തിയിട്ടുള്ളത്. അതേസമയം, കാര്‍ബണ്‍ സ്റ്റീല്‍ ഗ്രേ മാറ്റ് ഫിനീഷിങ്ങാണ് ബോഡിയില്‍ നല്‍കിയിട്ടുള്ളത്. റിയര്‍വ്യൂ മിറര്‍, പില്ലറുകള്‍, എന്നിവയ്ക്ക് ബ്ലാക്ക് നിറവും നല്‍കിയാണ് മാറ്റ് എഡിഷന്‍ പതിപ്പിനെ അലങ്കരിച്ചിട്ടുള്ളത്. വെന്റോയിലെ ട്രങ്ക് സ്‌പോയിലറിലും പോളോയിലെ ബാക്ക് സ്‌പോയിലറിലും ബ്ലാക്ക് നിറം നല്‍കിയിട്ടുള്ളത് സ്‌പോര്‍ട്ടി ഭാവം നല്‍കും. 

അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, ടച്ച് സ്‌കീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, വോയിസ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകളാണ് മാറ്റ് എഡിഷന്‍ പോളോയുടെയും വെന്റോയുടെയും അകത്തളത്തില്‍ ഒരുക്കിയിട്ടുള്ളത്. കറുപ്പ് നിറം തന്നെയാണ് രണ്ട് മോഡലുകളുടെയും അകത്തളത്തിന് നല്‍കിയിട്ടുള്ളത്. 

ഫോക്‌സ്‌വാഗണിന്റെ 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ടി.എസ്.ഐ. പെട്രോള്‍ എന്‍ജിനാണ് പോളോയിക്കും വെന്റോയിക്കും കരുത്തേകുന്നത്. ഈ എന്‍ജിന്‍ 110 പി.എസ്. പവറും 175 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഈ മോഡലുകളില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ഉയര്‍ന്ന ഇന്ധനക്ഷമത രണ്ട് മോഡലുകള്‍ക്കും നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നുണ്ട്.

Content Highlights: Volkswagen Polo, Vento Matte Edition Launched In India