ന്ത്യയിലെ യുവാക്കള്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ഹാച്ച്ബാക്ക് വാഹനങ്ങളിലൊന്നാണ് ഫോക്‌സ്‌വാഗണ്‍ പോളോ. ഈ വാഹനത്തിന്റെ തന്നെ ചുവപ്പ് നിറത്തിലുള്ള മോഡലിനോട് ആളുകള്‍ക്ക് ഒരു പ്രത്യേക സ്‌നേഹമാണ്. പല വര്‍ണങ്ങളില്‍ നിരത്തുകളില്‍ എത്തിയിട്ടുള്ള ഈ വാഹനം പുതിയ ഒരു നിറത്തില്‍ കൂടി എത്താനൊരുങ്ങുകയാണ്. മാറ്റ് ഫിനീഷിങ്ങിലുള്ള ബ്രൗണ്‍ നിറത്തിലാണ് പോളോയുടെ പുതിയ പതിപ്പ് വരവിനൊരുങ്ങുന്നത്. 

വിപണിയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഈ വാഹനം അടുത്തിടെ പ്രദര്‍ശനത്തിനെത്തിയിരുന്നു. അടുത്ത ഉത്സവ സീസണിനോട് അനുബന്ധിച്ചായിരിക്കും മാറ്റ് ബ്രൗണ്‍ എഡിഷന്‍ പോളോ വിപണിയില്‍ എത്തിക്കുകയെന്നാണ് സൂചനകള്‍. പോളോയുടെ തനത് രൂപത്തിലും ഡിസൈനിലും കാര്യമായ മാറ്റങ്ങള്‍ വരുത്താതെ പുത്തന്‍ നിറത്തില്‍ മാത്രമായിരിക്കും ഈ ഹാച്ച്ബാക്ക് എത്തിക്കുകയെന്നാണ് ലഭിക്കുന്ന സൂചന. 

അടുത്തിടെ പോളോയില്‍ സ്ഥാനം പിടിച്ച 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ടി.എസ്.ഐ. പെട്രോള്‍ എന്‍ജിനായിരിക്കും ഈ വാഹനത്തില്‍ നല്‍കുക. ഈ എന്‍ജിനില്‍ നല്‍കിയിട്ടുള്ള ടര്‍ബോചാര്‍ജ്ഡ് സ്ട്രാറ്റിഫൈഡ് ഇഞ്ചക്ഷന്‍ (ടി.എസ്.ഐ) സംവിധാനം കരുത്ത് വര്‍ധിപ്പിക്കാന്‍ സഹായിക്കും. 108 ബി.എച്ച്.പി. പവറും 175 എന്‍.എം. ടോര്‍ക്കുമാണ് ഈ 1.0 ലിറ്റര്‍ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡാണ് ഇതിലെ ട്രാന്‍സ്മിഷന്‍. 

എക്സ്റ്റീരിയര്‍ ഡിസൈന്‍ റെഗുലര്‍ പോളോയിലേതിന് സമാനമായിരിക്കും. ഹണി കോമ്പ് ഡിസൈനിലുള്ള ചെറിയ ഗ്രില്ല്, ബ്ലാക്ക് സ്‌മോഗ്ഡ് ആയുള്ള ഹെഡ്‌ലാമ്പ്, നീളത്തിലുള്ള ഫോഗ്‌ലാമ്പ്, മസ്‌കുലര്‍ ഭാവമുള്ള ബമ്പര്‍, വലിയ എയര്‍ഡാം എന്നിവ ഉള്‍പ്പെടുന്നതാണ് മുഖഭാവം. വശങ്ങളില്‍ നല്‍കിയിട്ടുള്ള സ്‌കേര്‍ട്ട്, അലോയി വീല്‍ എന്നിവ മാറ്റ് എഡിഷനിലും തുടരും. പിന്‍ഭാഗവും റെഗുലര്‍ പോളോയിക്ക് സമാനമായിരിക്കും.

കറുപ്പാണ് അകത്തളത്തിന്റെ ഭാവം. മിറര്‍ ലിങ്ക്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ സംവിധാനങ്ങളുള്ള ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്ലൈമട്രോണിക് ഓട്ടോമാറ്റിക് എയര്‍-കോണ്‍ സിസ്റ്റം, ഫാബ്രിക് ഫിനീഷിങ്ങിലുള്ള സീറ്റുകള്‍ എന്നിവ മാറ്റ് എഡിഷനിലും നല്‍കും. ഡ്യുവല്‍ എയര്‍ബാഗുകള്‍, എ.ബി.എസ്-ഇ.ബി.ഡി, ആന്റി-പിഞ്ച് പവര്‍ വിന്‍ഡോ, റിയര്‍ പാര്‍ക്കിങ്ങ് സെന്‍സര്‍, ഓട്ടോ ഡിമ്മിങ്ങ് മിറര്‍ എന്നിവ ഇതില്‍ സുരക്ഷയൊരുക്കും.

Source: Car And Bike

Content Highlights: Volkswagen Polo Matte Edition Unveiled, To Be Launched In Festival Season