പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പും, കണ്ണഞ്ചിപ്പിക്കുന്ന ഡി.ആര്‍.എല്ലും തുടങ്ങി പുതുതലമുറ ഫീച്ചറുകള്‍ ഒന്നുമില്ലാതെ രൂപഭംഗി കൊണ്ട് മാത്രം വാഹനപ്രേമികളുടെ മനസില്‍ ഇടംനേടിയ വാഹനമാണ് ഫോക്‌സ്‌വാഗണിന്റെ പോളോ. നിരവധി ആരാധക സമ്പത്തുള്ള ഈ വാഹനത്തിന്റെ പുതിയ പതിപ്പ് ഈ ഉത്സവ സീസണിന്റെ അതിഥിയായി എത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. പോളോയുടെ മാറ്റ് എഡിഷനാണ് ഉത്സവ സീസണില്‍ നിരത്തുകളില്‍ എത്താനൊരുങ്ങുന്നത്. 

അവതരണത്തിന് മുന്നോടിയായി ഈ വാഹനം ഡീലര്‍ഷിപ്പുകളില്‍ എത്തി തുടങ്ങിയതായാണ് സൂചന. പോളോയുടെ ജി.ടി. വേരിയന്റിന്റെ അടിസ്ഥാനമാക്കിയായിരിക്കും ഈ വാഹനം ഒരുങ്ങുന്നത്. എന്നാല്‍, ജി.ടിയുടെ റെഗുലര്‍ മോഡലിനെക്കാള്‍ അല്‍പ്പം വില കൂടുതലായിരിക്കും മാറ്റ എഡിഷനെന്നും വിവരമുണ്ട്. പോളോ ജി.ടിക്ക് ഏകദേശം ഒമ്പത് ലക്ഷത്തോളം രൂപയാണ് എക്‌സ്‌ഷോറും വില. നിറത്തില്‍ മാത്രമായിരിക്കും പുതുമയെന്നാണ് വിവരം. 

മാറ്റ് ഫിനീഷിങ്ങിലുള്ള ബ്രൗണ്‍ നിറത്തിലാണ് പോളോയുടെ പുതിയ പതിപ്പ് വരവിനൊരുങ്ങുന്നത്. അതേസമയം, റിയര്‍വ്യൂ മിറര്‍, ഡോര്‍ ഹാന്‍ഡില്‍ എന്നിവയില്‍ കറുപ്പ് നല്‍കിയാണ് അലങ്കരിച്ചിട്ടുള്ളത്. ഗ്രില്ലും അതിലെ ജി.ടി. ബാഡ്ജിങ്ങും റെഗുലര്‍ മോഡലിലേതിന് സമാനമാണ്. പോളോയുടെ തനത് രൂപം നിലനിര്‍ത്തുന്നതിനൊപ്പം റെഗുലര്‍ പോളോയില്‍ നല്‍കിയിട്ടുള്ള ഫീച്ചറുകളുടെയും അകമ്പടിയിലായിരിക്കും ഈ വാഹനവും എത്തുന്നത്.

പോളോയില്‍ പ്രവര്‍ത്തിക്കുന്ന 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ടി.എസ്.ഐ. പെട്രോള്‍ എന്‍ജിനായിരിക്കും ഈ വാഹനത്തില്‍ നല്‍കുക. ഈ എന്‍ജിനില്‍ നല്‍കിയിട്ടുള്ള ടര്‍ബോചാര്‍ജ്ഡ് സ്ട്രാറ്റിഫൈഡ് ഇഞ്ചക്ഷന്‍ (ടി.എസ്.ഐ) സംവിധാനം കരുത്ത് വര്‍ധിപ്പിക്കാന്‍ സഹായിക്കും. 108 ബി.എച്ച്.പി. പവറും 175 എന്‍.എം. ടോര്‍ക്കുമാണ് ഈ 1.0 ലിറ്റര്‍ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡാണ് ഇതിലെ ട്രാന്‍സ്മിഷന്‍. 

കറുപ്പാണ് അകത്തളത്തിന്റെ ഭാവം. മിറര്‍ ലിങ്ക്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ സംവിധാനങ്ങളുള്ള ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്ലൈമട്രോണിക് ഓട്ടോമാറ്റിക് എയര്‍-കോണ്‍ സിസ്റ്റം, ഫാബ്രിക് ഫിനീഷിങ്ങിലുള്ള സീറ്റുകള്‍ എന്നിവ മാറ്റ് എഡിഷനിലും നല്‍കും. ഡ്യുവല്‍ എയര്‍ബാഗുകള്‍, എ.ബി.എസ്-ഇ.ബി.ഡി, ആന്റി-പിഞ്ച് പവര്‍ വിന്‍ഡോ, റിയര്‍ പാര്‍ക്കിങ്ങ് സെന്‍സര്‍, ഓട്ടോ ഡിമ്മിങ്ങ് മിറര്‍ എന്നിവ ഇതില്‍ സുരക്ഷയൊരുക്കും.

Content Highlights: Volkswagen Polo Matte Edition To Be Launch On Festival Season