ന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്കുകളില്‍ മുന്‍നിര മോഡലായ ഫോക്‌സ്‌വാഗണ്‍ പോളോയുടെ നിര കൂടുതല്‍ വലുതാകുന്നു. ഇതിന്റെ ഭാഗമായി പോളോയുടെ കംഫര്‍ട്ട്‌ലൈന്‍ വേരിയന്റിന്റെ ഓട്ടോമാറ്റിക് പതിപ്പ് അവതരിപ്പിച്ചു. 8.51 ലക്ഷം രൂപയാണ് കംഫര്‍ട്ട്‌ലൈന്‍ ഓട്ടോമാറ്റിക്കിന്റെ എക്‌സ്‌ഷോറും വില. മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമാണ് ഈ വേരിയന്റ് എത്തിയിരുന്നത്. 

ഫോക്‌സ്‌വാഗണിന്റെ 1.0 ലിറ്റര്‍ ടി.എസ്.ഐ. മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനൊപ്പമാണ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നല്‍കിയിട്ടുള്ളത്. ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇതില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്. 16.47 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് പോളോയുടെ ഓട്ടോമാറ്റിക് പതിപ്പിന് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്. 

ഫോക്‌സ്‌വാഗണ്‍ വാഹനങ്ങളിലെ മികച്ച മോഡലായ പോളോയുടെ നിരയിലേക്ക് ഒരു ഓട്ടോമാറ്റിക് വകഭേദം കൂടി എത്തിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. ഈ വാഹനം ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചതും സുരക്ഷിതവുമായ ഡ്രൈവിങ്ങ് അനുഭവം പകരുമെന്നും, ഈ സെഗ്മെന്റില്‍ ശക്തമായ മത്സരം തുടര്‍ന്നും കാഴ്ചവയ്ക്കുമെന്നും ഫോക്‌സ്‌വാഗണ്‍ ഇന്ത്യയുടെ മേധാവി അറിയിച്ചു. 

പുതിയൊരു ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ കൂട്ടി ചേര്‍ത്തതൊഴിച്ചാല്‍ മറ്റ് പുതുമകളോന്നും ഡിസൈനിലോ ഫീച്ചറുകളിലോ വരുത്തിയിട്ടില്ല. പോളോയുടെ ഉയര്‍ന്ന വേരിയന്റ് ആയതിനാല്‍ തന്നെ അലോയി വീല്‍ ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍ എക്സ്റ്റീരിയറിലും ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍, ഇന്‍ ബില്‍റ്റ് ബ്ലൂടൂത്ത് തുടങ്ങിയ ഫീച്ചറുകളാണ് ഈ മോഡലില്‍ നല്‍കിയിട്ടുള്ളത്. 

108 ബി.എച്ച്.പി. പവറും 175 എന്‍.എം. ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. പുതിയ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന് പുറമെ, അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ഈ വാഹനത്തിനുണ്ട്. പോളോ കംഫര്‍ട്ട്‌ലൈനിന്റെ മാനുവല്‍ മോഡലിന് 18.24 കിലോമീറ്റര്‍ ഇന്ധനക്ഷമത ലഭിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

Content Highlights: Volkswagen Polo Comfortline Automatic Variant Launched