ഫോക്‌സ്‌വാഗണിന്റെ സ്റ്റൈലിഷ് വാഹനങ്ങളായ പോളോയുടെയും വെന്റോയുടെയും ഡീസല്‍ പതിപ്പുകള്‍ ഏപ്രിലിന് ശേഷം എത്തില്ല. ബിഎസ്-6 എന്‍ജിനിലേക്ക് മാറുന്നതോടെ പോളൊ ജിടി ടിഎസ്‌ഐ, വെന്റോ എന്നീ മോഡലുകള്‍ കൂടുതല്‍ കരുത്തുള്ള 1.0 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എന്‍ജിനിലായിരിക്കും പുറത്തിറങ്ങുകയെന്നാണ് സൂചനകള്‍.

1.2 ലിറ്റര്‍ ടിഎസ്‌ഐ എന്‍ജിനിലാണ് നിലവില്‍ പോളോ ജിടി ടിഎസ്‌ഐ എത്തുന്നത്. ഇതിനുപകരമാണ് 1.0 ലിറ്റര്‍ ടിഎസ്‌ഐ എന്‍ജിന്‍ നല്‍കുന്നത്. എന്നാല്‍, പഴയ എന്‍ജിനെക്കാള്‍ പവര്‍ഫുള്‍ ആയിരിക്കും 1.0 ലിറ്റര്‍ എന്‍ജിനെന്നാണ് സൂചന. സ്‌കോഡയുടെ സെഡാന്‍ മോഡലായ റാപ്പിഡിലും ഈ എന്‍ജിന്‍ നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. 

1.5 ടിഡിഐ ഡീസല്‍ എന്‍ജിന്‍, 1.2 ടിഎസ്‌ഐ പെട്രോള്‍ എന്‍ജിന്‍, 1.6 എംപിഐ പെട്രോള്‍ എന്നീ എന്‍ജിനുകളാണ് ഈ രണ്ട് മോഡലുകളില്‍ നിന്ന് നീക്കുന്നത്. പുതിയ എന്‍ജിനുകള്‍ നല്‍കിയുള്ള പോളോയും വെന്റോയും 2020 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുമെന്നും, ഏപ്രിലോടെ വില്‍പ്പന ആരംഭിക്കുമെന്നുമാണ് വിവരം.

ഫോക്‌സ്‌വാഗണ്‍, സ്‌കോഡ വാഹനങ്ങളില്‍ നല്‍കുന്ന ബിഎസ്-6 നിലവാരത്തിലുള്ള ഈ 1.0 ലിറ്റര്‍ ടിഎസ്‌ഐ എന്‍ജിന്‍ 115 പിഎസ് പവറും 200 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ഈ പെട്രോള്‍ എന്‍ജിനൊപ്പം ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡയറക്ട് ഷിഫ്റ്റ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും നല്‍കും.

പോളോ, വെന്റോ വാഹനങ്ങളുടെ മുഖംമിനുക്കിയ പതിപ്പ് അടുത്തിടെയാണ് നിരത്തുകളിലെത്തിയത്. അതുകൊണ്ടുതന്നെ  ഡിസൈനില്‍ കൈവയ്ക്കാതെ ബോണറ്റിനുള്ളില്‍ മാത്രമായിരിക്കും ഇത്തവണ മാറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: Volkswagen Polo and Vento Updated With 1.0L TSI Petrol Engine