കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ ഉണ്ടായിട്ടുള്ള സെമി കണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമം ലോകത്തിലെ വാഹന വ്യവസായത്തേയും ഇലക്ട്രോണിക്‌സ് മേഖലയെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ചിപ്പ് ക്ഷാമം രൂക്ഷമായതോടെ പല വാഹന നിര്‍മാതാക്കളും ഉത്പാദനം കുറയ്ക്കുമെന്നാണ് അറിയിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിലെ റിപ്പോര്‍ട്ട് അനുസരിച്ച് ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണും നിര്‍മാണം കുറയ്ക്കാനൊരുങ്ങുകയാണ്.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ചിപ്പുകളുടെ ലഭ്യത കുറയുമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് വാഹന ഉത്പാദനത്തില്‍ കുറവുണ്ടായേക്കുമെന്നുള്ള സൂചനകള്‍ തള്ളികളയാന്‍ സാധിക്കില്ലെന്നാണ് ഫോക്‌സ്‌വാഗണ്‍ അറിയിച്ചിരിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ വാഹനങ്ങളുടെ വില്‍പ്പന ഉയര്‍ന്നിട്ടുണ്ടെങ്കിലും ചിപ്പുക്ഷാമം മൂലം വാഹനങ്ങളുടെ നിര്‍മാണത്തിലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് വാഹനങ്ങള്‍ എത്തിക്കുന്നതിലും പ്രതിസന്ധി നേരിടുന്നുണ്ട്.

ഉത്പാദനം കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള പ്രതിസന്ധികളെ ഈ വര്‍ഷം അവസാനത്തോടെ മറികടക്കാന്‍ കഴിയുമെന്ന് കരുതുന്നതായും ഫോക്‌സ്‌വാഗണ്‍ അറിയിച്ചു. സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ പുതുതലമുറ വാഹനങ്ങളുടെ നിര്‍മാണത്തിന് സെമി കണ്ടക്ടര്‍ ചിപ്പുകള്‍ അനിവാര്യമാണ്. എന്നാല്‍, വൈറസ് വ്യാപനത്തെ തുടര്‍ന്ന് പല രാജ്യങ്ങളിലും ചിപ്പുകളുടെ നിര്‍മാണം തടസപ്പെട്ടിരുന്നതായി മുമ്പ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ചിപ്പ് ക്ഷാമം ചൂണ്ടിക്കാട്ടി ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട വാഹനങ്ങളുടെ ഉത്പാദനം കുറയ്ക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 40 ശതമാനം വരെ ഉത്പാദനം കുറയ്ക്കാനാണ് ടൊയോട്ട തീരുമാനിച്ചിട്ടുള്ളത്. സെപ്റ്റംബര്‍ മാസത്തോടെ കുറയ്ക്കുമെന്നാണ് പ്രാഥമിക വിവരം. പ്രധാനമായും എഷ്യന്‍ രാജ്യങ്ങളിലേയും യു.എസിലെ പ്ലാന്റുകളിലേയും വാഹനങ്ങളുടെ നിര്‍മാണത്തെ ആയിരിക്കും ചിപ്പ് ക്ഷാമം കാര്യമായി ബാധിക്കുകയെന്നാണ് ടൊയോട്ടയുടെ വിലയിരുത്തല്‍.

വൈറസ് ബാധ രൂക്ഷമായതിനെ തുടര്‍ന്ന് ജര്‍മന്‍ ചിപ്പ് നിര്‍മാണ കമ്പനിയായ ഇന്‍ഫിനിയന്റെ മലേഷ്യയിലെ പ്ലാന്റില്‍ ജൂണ്‍ മുതല്‍ നിര്‍മാണം നിര്‍ത്തിവെച്ചിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനുപിന്നാലെയാണ് ഫോക്‌സ്‌വാഗണും ചിപ്പ് ക്ഷാമത്തെ തുടര്‍ന്ന് ഉത്പാദനം കുറയ്ക്കുമെന്ന സൂചന നല്‍കിയിട്ടുള്ളത്. 2022-ന്റെ അവസാനത്തോടെ മാത്രമേ ചിപ്പ് ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാന്‍ സാധിക്കൂവെന്നാണ് ലോകത്തിലെ തന്നെ മുന്‍നിര ചിപ്പ് നിര്‍മാതാക്കള്‍ അഭിപ്രായപ്പെടുന്നത്.

Source: Reuters

Content Highlights: Volkswagen might have to cut production due to chip shortage