ന്ത്യയിലെ മിഡ്-സൈസ് എസ്.യു.വി. ശ്രേണിയിലേക്ക് ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ സംഭാവന ചെയ്യുന്ന മോഡലായ ടൈഗൂണ്‍ നിരത്തിലെത്താന്‍ ഇനി വൈകില്ല. മുമ്പ് പുറത്തുവിട്ട ടീസറുകള്‍ക്ക് പുറമെ, ഈ എസ്.യു.വിയുടെ മുഖഭാവം വെളിപ്പെടുത്തി പുതിയ ചിത്രങ്ങള്‍ ഫോക്‌സ്‌വാഗണ്‍ സമൂഹമാധ്യമങ്ങളില്‍ വെളിപ്പെടുത്തി. 

മുഖഭാവമാണ് ഫോക്‌സ്‌വാഗണ്‍ പുറത്തുവിട്ട പുതിയ ടീസറിലുള്ളത്. ടിഗ്വാന്‍ ഓള്‍സ്‌പേസിന് സമാനമായ ക്രോമിയം സ്റ്റഡുകളുള്ള ഗ്രില്ലും എല്‍.ഇ.ഡി. പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പും ഡി.ആര്‍.എല്ലുമാണ് മുഖഭാവത്തിന് ആഡംബരഭാവം നല്‍കുന്നത്. അതേസമയം, സ്‌കിഡ് പ്ലേറ്റ് നല്‍കിയുള്ള ബംബറും വലിയ എയര്‍ ഡാമും മുന്‍വശത്തെ കൂടുതല്‍ സ്‌പോട്ടിയാക്കുന്നുണ്ട്. 

ടൈഗൂണിന്റെ വര്‍ഷത്തിലേക്ക് സ്വാഗതം, എക്‌സ്പീരിയന്‍സ് ദ എസ്.യു.വി. ഇന്‍ 2021 എന്ന് എന്ന സന്ദേശവുമായി 15 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ടീസറാണ് ഫോക്‌സ്‌വാഗണ്‍ പുറത്തിറക്കിയിരിക്കുന്നത്. ചിത്രങ്ങള്‍ നല്‍കുന്ന സൂചന അനുസരിച്ച് എസ്.യു.വി. മോഡലുകളായ ടിഗ്വാനില്‍നിന്നും ടിക്രോസില്‍നിന്നും കടമെടുത്ത ഡിസൈന്‍ ശൈലിയാണ് ടൈഗൂണിലുള്ളത്. 

ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത MQB AO IN പ്ലാറ്റ്ഫോമിലാണ് ഈ വാഹനം ഒരുങ്ങന്നത്. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പദ്ധതിയില്‍ ആദ്യമായി ഒരുങ്ങുന്ന വാഹനമെന്ന പ്രത്യേകതയും ടൈഗൂണിനുണ്ട്. 1.5 ലിറ്റര്‍ ടി.എസ്.ഐ. ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും ഈ വാഹനത്തിന് കരുത്തേകുക. ഏഴ് സ്പീഡ് ഡി.സി.ടി ആയിരിക്കും ട്രാന്‍സ്മിഷന്‍. 

ഫോക്‌സ്‌വാഗണ്‍ പുറത്തിറക്കിയ കണ്‍സെപ്റ്റ് മോഡലില്‍ ബ്ലാക്ക് ഫിനീഷ് വീല്‍ ആര്‍ച്ചും 19 ഇഞ്ച് ഡ്യുവല്‍ ടോണ്‍ ഡയമണ്ട് കട്ട് അലോയി വീലുകളും നല്‍കിയിരുന്നു. രണ്ട് ടെയില്‍ ലാമ്പുകളെയും ബന്ധിപ്പിക്കുന്ന എല്‍.ഇ.ഡി. സ്ട്രിപ്പ്, സ്‌കിഡ് പ്ലേറ്റ് നല്‍കിയുള്ള ഡ്യുവല്‍ ടോണ്‍ ബമ്പറുമായിരുന്നു പിന്‍വശത്തെ ഹൈലൈറ്റ്. ഡ്യുവല്‍ ടോണിലാണ് റൂഫ്.

ബ്ലാക്ക്ബോഡി കളര്‍ ഡ്യുവല്‍ ടോണിലാണ് കണ്‍സെപ്റ്റ് മോഡലിന്റെ ഇന്റീരിയര്‍ തീര്‍ത്തിരിക്കുന്നത്. ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ലെതര്‍ സീറ്റുകള്‍, ഡ്യുവല്‍ സോണ്‍ എസി, പിന്‍നിര എസി വെന്റുകള്‍, മൊബൈല്‍ ചാര്‍ജിങ്ങ് സ്ലോട്ട് എന്നിവയാണ് ഇന്റീരിയറില്‍ നല്‍കിയിട്ടുള്ളത്.

Content Highlights: Volkswagen Mid Size SUV Taigun Teaser Released; Launch Soon