കൊറോണ വൈറസ് എന്ന മഹാമാരിയുടെ പശ്ചാത്തലത്തില്‍ വ്യക്തിശുചിത്വത്തിനും സാമൂഹിക അകലം പാലിക്കലിനുമാണ് ജനങ്ങള്‍ കൂടുതല്‍ പ്രധാനം നല്‍കുന്നത്. ഇതിന്റെ ഭാഗമായി ആളുകള്‍ പൊതുഗതാഗതം വിട്ട് യാത്രയ്ക്കായി സ്വന്തം വാഹനങ്ങളെ തിരഞ്ഞെടുക്കുകയാണ്. ഈ സാഹചര്യം ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള ശ്രമത്തിലാണ് വാഹനനിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍.

കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ആകര്‍ഷകമായ ഫിനാന്‍സ് സൗകര്യങ്ങളും ലീസിങ്ങ് സര്‍വീസുമാണ് ഫോക്‌സ്‌വാഗണ്‍ ഒരുക്കുന്നത്. വാഹനങ്ങള്‍ ലീസിന് നല്‍കുന്നതിനായി ഓംനി ചാനല്‍ മൊബിലിറ്റി സോലൂഷന്‍ പദ്ധതിയും ഫോക്‌സ്‌വാഗണ്‍ ആരംഭിച്ചിട്ടുണ്ട്. ഒറിക്‌സ് ലീസിങ്ങ് സൊലൂഷനുമായി ചേര്‍ന്നാണ് ഇതിന്റെ പ്രവര്‍ത്തനം. ലോണ്‍ സംവിധാനമൊരുക്കുന്നത് ഫോക്‌സ്‌വാഗണ്‍ ഫിനാന്‍സണ്.

ഫോക്‌സ്‌വാഗണ്‍ ഒരുക്കുന്ന ഈ കാര്‍ ലീസിങ്ങ് പദ്ധതിയിലൂടെ ഉപയോക്താക്കള്‍ക്ക് അവരുടെ ഇഷ്ടവാഹനങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ തിരഞ്ഞെടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതുവഴി കോണ്‍ടാക്ട് ലെസ് ഇടപടുകള്‍ ഉറപ്പാക്കാനും കമ്പനി ശ്രമിക്കുന്നുണ്ടെന്ന് ഫോക്‌സ്‌വാഗണ്‍ ഇന്ത്യ ഡയറക്ടര്‍ സ്‌റ്റെഫെന്‍ ക്‌നാപ്പ് അറിയിച്ചു. 

വെറ്റ്, ഡ്രൈ എന്നിങ്ങനെ രണ്ട് ലീസ് ഓപ്ഷനുകളാണ് ഫോക്‌സ്‌വാഗണ്‍ ഒരുക്കുന്നത്. വെറ്റ് ലീസ് ഓപ്ഷനില്‍ വാഹനത്തിന്റെ അറ്റകുറ്റപ്പണിയുടെ ചിലവ് കമ്പനി വഹിക്കുകയും വാഹനം തിരിച്ച് നല്‍കുമ്പോള്‍ നിശ്ചിതതുക മടക്കി നല്‍കുകയും ചെയ്യും. എന്നാല്‍, ഡ്രൈ ലീസ് അനുസരിച്ച് വാഹനത്തിന്റെ അറ്റകുറ്റപ്പണികള്‍ ഉപയോക്താവ് തന്നെ വഹിക്കണം. 

ലീസിന് പുറമെ, ഫോക്‌സ്‌വാഗണിന്റെ വെന്റോ, ടൈഗൂണ്‍ മോഡലുകള്‍ക്ക് കുറഞ്ഞ തിരിച്ചടവിലുള്ള ആകര്‍ഷകമായ വായ്പയും കമ്പനി ഒരുക്കുന്നുണ്ട്. ഫോക്‌സ്‌വാഗണിന്റെ ഈ വായ്പയ്ക്ക് മൂന്ന് മുതല്‍ നാല് വര്‍ഷം വരെയുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കുന്നുണ്ട്.

Content Highlights: Volkswagen Introduce Better Finance Option And Lease System