ന്ത്യന്‍ നിരത്തുകള്‍ക്ക് ഉത്സവ സമ്മാനമായി എത്തിക്കുമെന്ന് ഫോക്‌സ്‌വാഗണ്‍ ഇന്ത്യ ഉറപ്പുനല്‍കിയിട്ടുള്ള പുതിയ മിഡ്-സൈസ് എസ്.യു.വി. വാഹനമായ ടൈഗൂണിന്റെ ഉത്പാദനം ആരംഭിച്ചു. ഇന്ത്യയിലെ ഉത്സവ സീസണ്‍ ആരംഭിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കുന്നതോടെയാണ് ഫോക്‌സ്‌വാഗണ്‍ പുതിയ വാഹനത്തിന്റെ പണിപ്പുരയിലേക്ക് കടന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിനൊപ്പം ഈ എസ്.യു.വിക്കായുള്ള ബുക്കിങ്ങും ആരംഭിച്ചതായാണ് വിവരം.

ഫോക്‌സ്‌വാഗണിന്റെ പൂനെ ചകാനിലെ പ്ലാന്റിലാണ് ഈ വാഹനത്തിന്റെ നിര്‍മാണം ആരംഭിച്ചിരിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് സെപ്റ്റംബര്‍ മാസത്തോടെ ഈ വാഹനം ഉപയോക്താക്കള്‍ക്ക് കൈമാറി തുടങ്ങുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ജര്‍മന്‍ എന്‍ജിനിയറിങ്ങിന്റെ മികവില്‍ ഒരുങ്ങുന്ന വാഹനമാണ് ടൈഗൂണ്‍. ഫോക്‌സ്‌വാഗണ്‍ 2.0 പദ്ധതിയില്‍ ഒരുങ്ങുന്ന ഈ എസ്.യു.വി. ഏപ്രില്‍ മാസത്തില്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ഫോക്‌സ്വാഗണ്‍-സ്‌കോഡ കൂട്ടുകെട്ടില്‍ ഒരുങ്ങിയിട്ടുള്ള MBQ AO IN പ്ലാറ്റ്‌ഫോമിലാണ് ടൈഗൂണ്‍ എസ്.യു.വി ഒരുങ്ങിയിട്ടുള്ളത്. ഫോക്‌സ്വാഗണിന്റെ എസ്.യു.വി. മോഡലുകളായ ടിഗ്വാന്‍, ടി-റോക്ക് എന്നിവയുമായി ചേര്‍ന്ന് നില്‍ക്കുന്ന ഡിസൈനാണ് ടൈഗൂണിലും നല്‍കിയിട്ടുള്ളത്. ക്രോമിയം സ്റ്റഡുകളുള്ള ഗ്രില്ലും സ്‌മോഗ്ഡ് എല്‍.ഇ.ഡി. പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പും ഡി.ആര്‍.എല്ലും, സ്‌റ്റൈലിഷായുള്ള ബമ്പറുമാണ് മുഖഭാവത്തെ ആകര്‍ഷകമാക്കുന്നത്.

പ്രീമിയം ഭാവത്തിനൊപ്പം ഫീച്ചര്‍ സമ്പന്നവുമായ അകത്തളമാണ് ടൈഗൂണില്‍ നല്‍കുന്നത്. 10 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വെന്റിലേറ്റഡ് സീറ്റ്, ആംബിയന്റ് ലൈറ്റിങ്ങ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജിങ്ങ്, കണക്ടഡ് കാര്‍ ഫീച്ചറുകള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, സണ്‍റൂഫ് തുടങ്ങി ഫീച്ചറുകളുടെ വലിയ നിരയാണ് ഫോക്‌സ്വാഗണ്‍ ടൈഗൂണിന്റെ അകത്തളത്തില്‍ ഒരുങ്ങിയിരിക്കുന്നത്. 

ഫോക്‌സ്‌വാഗണിന്റെ ടി.എസ്.ഐ. സാങ്കേതികവിദ്യയിലുള്ള എന്‍ജിനാണ് ഈ വാഹനത്തിലും നല്‍കുന്നത്. 113 ബി.എച്ച്.പി. പവറും 175 എന്‍.എം. ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍, 147 ബി.എച്ച്.പി. പവറും 250 എന്‍.എം. ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ടി.എസ്.ഐ. എന്‍ജിനുമാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷന്‍, ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഗിയര്‍ബോക്സുകളായിരിക്കും ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്.

Content Highlights: Volkswagen India Announces Start Of Production And Bookings Open For Taigun SUV