ലക്ട്രിക് കാറുകള്‍ നിരത്തുകളില്‍ സജീവമാക്കുക എന്ന വലിയ ലക്ഷ്യവുമായി ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണും രംഗത്തെത്തിയിരിക്കുകയാണ്. ന്യായമായ വിലയില്‍ ലഭ്യമാകുന്ന ഇലക്ട്രിക് വാഹനം എന്ന പ്രഖ്യാപനവുമായി ഫോക്‌സ്‌വാഗണിന്റെ ഐ.ഡി. ലൈഫ് എന്ന ഇലക്ട്രിക് കാര്‍ കണ്‍സെപ്റ്റ് മോഡല്‍ മ്യൂണിച്ച് ഐ.എ.എ. മൊബിലിറ്റി ഷോയില്‍ പ്രദര്‍ശിപ്പിച്ചു. നാല് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ വിപണിയില്‍ എത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

ചെറു കാറുകളുടെ ശ്രേണിയിലായിരിക്കും ഐ.ഡി. ലൈഫ് ഇലക്ട്രിക് വാഹനം എത്തുകയെന്നാണ് റിപ്പോര്‍ട്ട്. 20,000 യൂറോ (17.43 ലക്ഷം രൂപ) ആയിരിക്കും ഈ വാഹനത്തിന്റെ ഏകദേശ വിലയെന്നും സൂചനയുണ്ട്. 2030 ആകുന്നതോടെ ഫോക്‌സ്‌വാഗണിന്റെ യൂറോപ്പിലെ വാഹന വില്‍പ്പനയുടെ 70 ശതമാനവും നോര്‍ത്ത് അമേരിക്ക, ചൈന എന്നിവിടങ്ങളിലെ വില്‍പ്പനയുടെ 50 ശതമാനത്തോളവും ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ട്. 

ഫോക്‌സ്‌വാഗണിന്റെ എം.ഇ.ബി. എന്‍ട്രി ലെവല്‍ പ്ലാറ്റ്‌ഫോമിലാണ് ഇലക്ട്രിക് മോഡലായ ഐ.ഡി. ലൈഫും ഒരുങ്ങിയിട്ടുള്ളത്. ബോക്‌സി ഡിസൈനില്‍ ക്രോസ് ഓവര്‍ മാതൃകയിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. റീസൈക്കിള്‍ ചെയ്യാന്‍ സാധിക്കുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കൊണ്ടാണ് ഈ വാഹനത്തിന്റെ എക്സ്റ്റീരിയര്‍ ഒരുക്കിയിട്ടുള്ളത്. ഇത് ഈ വാഹനത്തെ കൂടുതല്‍ പ്രകൃത സൗഹാര്‍ദമാക്കുന്നതിനൊപ്പം ഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നുണ്ട്.

Volkswagen ID Life
ഫോക്‌സ്‌വാഗണ്‍ ഐ.ഡി. ലൈഫ് | Photo: Volkswagen AG

നിരവധി ആഡംബര സംവിധാനങ്ങളോടെയാണ് ഈ വാഹനത്തിന്റെ ഇന്റീരിയര്‍ ഒരുങ്ങുന്നത്. വീഡിയോ ഗെയിം കണ്‍സോള്‍, സിനിമ ഉള്‍പ്പെടെയുള്ളവ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുന്ന പ്രൊജക്ടര്‍ സ്‌ക്രീന്‍ തുടങ്ങിയ സംവിധാനങ്ങള്‍ അകത്തളത്തിലെ ആഡംബരം വര്‍ധിപ്പിക്കും. പുതുമയുള്ള സ്റ്റിയറിങ്ങ് വീലും ഇതിന്റെ മധ്യത്തില്‍ സ്‌ക്രീനും നല്‍കുന്നത് സാങ്കേതിക തികവ് തെളിയിക്കുന്നതാണ്. സീറ്റുകളും മറ്റും ഏറെ പുതുമയുള്ളതായിരിക്കുമെന്നാണ് സൂചന. 

57 കിലോവാട്ട് അവര്‍ ശേഷിയുള്ള ഹൈ വോള്‍ട്ടേജ് ബാറ്ററിയായിരിക്കും ഐ.ഡി. ലൈഫില്‍ നല്‍കുക. 231 ബി.എച്ച്.പി. പവറായിരിക്കും ഈ വാഹനം ഉത്പാദിപ്പിക്കുന്നത്. ഒറ്റത്തവണ ചാര്‍ജില്‍ 400 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനുള്ള റേഞ്ച് ഈ വാഹനത്തില്‍ നല്‍കും. കേവലം ഏഴ് സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഈ വാഹനത്തിന് സാധിക്കും. ഫ്രണ്ട് വീല്‍ ഡ്രൈവ്, റിയര്‍ വീല്‍ ഡ്രൈവ് പതിപ്പുകളില്‍ ഐ.ഡി. ലൈഫ് എത്തുമെന്നും വിവരമുണ്ട്.

Content Highlights: Volkswagen ID.LIFE concept car Unveiled