ഡ്രൈവര്‍ ലെസ് കാറുകളും ഇലക്ട്രിക് വാഹനങ്ങളും നിര്‍മിക്കുന്നതിനായി അമേരിക്കന്‍ വാഹനനിര്‍മാതാക്കളായ ഫോര്‍ഡ് മോട്ടോഴ്‌സും ജര്‍മന്‍ വാഹനനിര്‍മാതാക്കളായ ഫോക്‌സ്‌വാഗണും ഒന്നിക്കുന്നു. യുഎസ്, യൂറോപ്പ് രാജ്യങ്ങളില്‍ ഓട്ടോണമസ് വാഹനങ്ങള്‍ എത്തിക്കാന്‍ ആര്‍ഗോ എഐ എന്ന കമ്പനിയായും സഹകരിക്കും.

ഡ്രൈവറില്ലാ കാറുകള്‍ നിര്‍മിക്കുന്നതിനായി ഫോക്‌സ്‌വാഗണും ഫോര്‍ഡും സംയുക്തമായാണ് ഓട്ടോണമസ് വെഹിക്കിള്‍ ടെക്‌നോളജി പ്ലാറ്റ്‌ഫോം കമ്പനിയായ ആര്‍ഗോ എഐയില്‍ നിക്ഷേപം നടത്തുകയെന്നാണ് ഇരുകമ്പനികളും അറിയിച്ചിരിക്കുന്നത്.

ഫോര്‍ഡ്-ഫോക്‌സ്‌വാഗണ്‍ കമ്പനികളുമായി സഹകരിക്കുന്നതിലൂടെ ആര്‍ഗോ എഐയുടെ ഓട്ടോണമസ് ഡ്രൈവിങ് ടെക്‌നോളജി കൂടുതല്‍ വികസിപ്പിക്കാന്‍ സാധിക്കും. ഇതിനുപുറമെ, മറ്റ് വാഹനങ്ങളുടെ നിര്‍മാണത്തിനായി ഇരു കമ്പനികളും സ്വതന്ത്രമായും ആര്‍ഗോയുമായി സഹകരിക്കും.

ഈ സഹകരണത്തിന്റെ പശ്ചാത്തലത്തില്‍ ഫോക്‌സ്‌വാഗണ്‍ 2.6 ബില്ല്യണ്‍ ഡോറിന്റെ നിക്ഷേപമാണ് നടത്തുന്നത്. ഇതില്‍ ഒരു ബില്ല്യണ്‍ ഡോളര്‍ ആര്‍ഗോ എഐയില്‍ നിക്ഷേപിക്കുകയും 1.6 ബില്ല്യണ്‍ ഡോളര്‍ ഓട്ടോണമസ് ഇന്റെലിജെന്റ് ഡ്രൈവിങ് കമ്പനിക്ക് നല്‍കാനുമാണ് കമ്പനി ഉദേശിക്കുന്നത്. 

ഇതിനൊപ്പം ഫോര്‍ഡിന്റെ കൈവശമുള്ള ആര്‍ഗോ എഐയുടെ ഓഹരികള്‍ മൂന്ന് വര്‍ഷത്തേക്ക് ഫോക്‌സ്‌വാഗണ്‍ വാങ്ങും. 500 മില്ല്യണ്‍ ഡോളറിനാണ് ഈ കരാര്‍. ഈ ഇടപാട് യാഥാര്‍ഥ്യമാകുന്നതോടെ ആര്‍ഗോ എഐയുടെ മൂല്യം 7 ബില്ല്യണ്‍ ഡോളറാകും.

Content Highlights: Volkswagen-Ford To Build Electric and Autonomous Car