കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത് കണക്കിലെടുത്ത് വാഹനങ്ങള്‍ സര്‍വീസ് ചെയ്യുന്നതിനും വാറണ്ടിക്കും കൂടുതല്‍ സമയം അനുവദിച്ച് ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍. പല സ്ഥലങ്ങളിലും ഡീലര്‍ഷിപ്പുകള്‍ അടഞ്ഞ് കിടക്കുന്നതിനാലാണ് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സമയം നല്‍കിയിട്ടുള്ളത്.

ലോക്ഡൗണ്‍ കാലത്ത് നഷ്ടപ്പെടുന്ന റൊട്ടീന്‍ സര്‍വീസിനും ഈ കലയളവില്‍ അവസാനിക്കുന്ന വാറണ്ടിക്കുമാണ് ജൂണ്‍ 30 സമയം അനുവദിച്ചിട്ടുള്ളതെന്നാണ് ഫോക്‌സ്‌വാഗണ്‍ അറിയിച്ചിട്ടുള്ളത്. ഇതിനുപുറമെ, വാറണ്ടി നീട്ടുന്നതിനും ജൂണ്‍ 30 വരെ അവസരം ഒരുക്കുന്നുണ്ടെന്നാണ് നിര്‍മാതാക്കള്‍ അറിയിക്കുന്നത്. മറ്റ് സര്‍വീസ് പാക്കേജുകള്‍ക്കും ഇതിനൊപ്പം സമയം നീട്ടി നല്‍കുന്നുണ്ട്.

ഏപ്രില്‍ ഒന്ന് മുതല്‍ മെയ് 31 വരെയുള്ള കാലയളവില്‍ സര്‍വീസ് നഷ്ടപ്പെട്ടതും വാറണ്ടി കാലാവധി അവസാനിച്ചതുമായ വാഹനങ്ങള്‍ക്കാണ് ഈ ആനുകൂല്യം ബാധകമാകുകയെന്നാണ് ഫോക്‌സ്‌വാഗണ്‍ അറിയിച്ചിട്ടുള്ളത്. ഏപ്രില്‍ 15-നും മെയ് 30-നും മദ്ധ്യേ എക്‌സ്റ്റെന്‍ഷന്‍ വാറണ്ടി അവസാനിക്കുന്ന വാഹനങ്ങളും സര്‍വീസ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഉപയോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഫോക്‌സ്‌വാഗണ്‍ പ്രഥമ പരിഗണന നല്‍കുന്നത്. അതുകൊണ്ടാണ് ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇത്തരം ആനുകൂല്യം നല്‍കാന്‍ കമ്പനി തയാറായിരിക്കുന്നത്. സര്‍വീസും വാറണ്ടി നീട്ടി നല്‍കിയുട്ടുള്ളത് പോലെ ഉപയോക്താക്കള്‍ക്കായി കൂടുതല്‍ സേവനങ്ങള്‍ ഫോക്‌സ്‌വാഗണ്‍ ഒരുക്കുമെന്ന് കമ്പനി മേധാവി അറിയിച്ചു.

സാധുവായ സര്‍വീസ് പാക്കേജുകളുള്ള വാഹാനങ്ങള്‍ക്ക് മറ്റ് ചാര്‍ജുകള്‍ ഈടാക്കാതെയുള്ള സര്‍വീസ് ലഭ്യമാക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍വീസിനും വാറണ്ടിക്കും കൂടുതല്‍ സമയം അനുവദിച്ച വിവരം ഉപയോക്താക്കളെ അറിയിക്കുമെന്നും രാജ്യത്തുള്ള ഏത് അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ നിന്നും ഈ സേവനം ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും ഫോക്‌സ്‌വാഗണ്‍ അറിയിച്ചു. 

Content Highlights: Volkswagen Extend The Service And Warranty Due To Corona Lockdown