കൊറോണ ലോക്ക് ഡൗണിന്റെ കാലയളവില്‍ സര്‍വീസ് അവസാനിക്കുകയും വാറണ്ടി കാലാവധി തീരുകയും ചെയ്യുന്ന വാഹനങ്ങള്‍ക്ക് പിന്തുണയുമായി ഫോക്‌സ്‌വാഗണ്‍ ഇന്ത്യ. ലോക്ക് ഡൗണ്‍ സമയത്തെ വാഹനങ്ങളുടെ സര്‍വീസും സുരക്ഷയും കമ്പനിയുടെ ഉത്തരവാദിത്വമാണെന്നും ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഫോക്‌സ്‌വാഗണ്‍ ഉറപ്പുനല്‍കി.

മാര്‍ച്ച് 22 മുതല്‍ മെയ് മാസം പകുതി വരെയുള്ള കാലയളവില്‍ വാറണ്ടി അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് ജൂലായ് 31 വരെ ഇത് പുതുക്കാനുള്ള സാഹചര്യം ഒരുക്കും. ഇതിനൊപ്പം ഈ കാലയളവിലെ സൗജന്യ സര്‍വീസും ജൂലായ് 31 വരെ നല്‍കുന്നുണ്ട്. മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ 15 വരെയുള്ള ദിവസങ്ങളില്‍ വാറണ്ടി അവസാനിച്ച വാഹനങ്ങള്‍ക്ക് 60 ദിവസത്തിനുള്ളില്‍ ഇത് പുതുക്കാനും കഴിയും. 

ലോക്ക് ഡൗണ്‍ കാലയളവില്‍ പണം നല്‍കിയുള്ള സര്‍വീസ് മുടങ്ങിയവര്‍ക്കും ജൂലായ് 31 വരെയുള്ള കാലയളവില്‍ ഷോറൂമുകളില്‍ സര്‍വീസ് സംവിധാനം ഒരുക്കുന്നുണ്ട്. ഇന്ത്യയിലുടനീളമുള്ള ഫോക്‌സ്‌വാഗണ്‍ അംഗീകൃത ഡീലര്‍ഷിപ്പുകളിലും സര്‍വീസ് സ്റ്റേഷനുകളിലും ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. 

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുള്ള എല്ലാ നിര്‍ദേശങ്ങളും ഫോക്‌സ്‌വാഗണ്‍ പാലിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഉപയോക്താക്കള്‍ക്ക് ആവശ്യമായ സേവനം നല്‍കാനും കമ്പനി പ്രതിജ്ഞാബദ്ധമാണ്. അതിനാലാണ് സൗജന്യ സര്‍വീസും വാറണ്ടിയും ജൂലായ് 31 വരെ നീട്ടി നല്‍കുന്നതെന്ന് ഫോക്‌സ്‌വാഗണ്‍ ഡയറക്ടര്‍ അറിയിച്ചു.

Content Highlights: Volkswagen Announces Extended Warranty And Service Packages