ഫോക്‌സ്‌വാഗൺ പോളോ | Volkswagen
ആഗോള കാര്‍ നിര്‍മാതാക്കളായ ഫോക്സ്വാഗണിന്റെ ഐതിഹാസിക മോഡലായ 'പോളോ' ഇന്ത്യന്‍ വിപണിയില്‍നിന്ന് പിന്‍വാങ്ങുന്നു. ജര്‍മന്‍ കമ്പനി ഇന്ത്യയില്‍ ആദ്യമായി നിര്‍മിച്ച മോഡലാണ് പോളോ. ഇന്ത്യയില്‍ 2010-ല്‍ വിപണിയിലെത്തിയ ഈ കാറിന്റെ ഏതാണ്ട് മൂന്നുലക്ഷം യൂണിറ്റുകള്‍ കഴിഞ്ഞ 12 വര്‍ഷങ്ങള്‍ കൊണ്ട് വിറ്റഴിച്ചു. ഇപ്പോഴും പ്രതിമാസം 3,000 യൂണിറ്റുകളുടെ ബുക്കിങ് ലഭിക്കുന്നുണ്ടെന്നാണ് കമ്പനി നല്‍കുന്ന വിവരം. എന്നാല്‍, ലാഭകരമല്ലാത്തതിനാലാണ് പിന്‍മാറ്റമെന്നാണ് സൂചന.
വില്പന നിര്‍ത്തുന്നതിന്റെ മുന്നോടിയായി 'ലെജന്റ് ലിമിറ്റഡ് എഡിഷന്‍' എന്ന പേരില്‍ 700 പോളോ കാറുകള്‍കൂടി ലഭ്യമാക്കുകയാണ് കമ്പനി. പോളോയുടെ അവസാന ലിമിറ്റഡ് എഡിഷനായിരിക്കും ഇത്. ബോഡി ഗ്രാഫിക്‌സ്, ബ്ലാക്ക് സ്പോയിലര്‍ തുടങ്ങിയ ഏതാനും സൗന്ദര്യവര്‍ധക ഫീച്ചറുകളുമായാണ് ലിമിറ്റഡ് എഡിഷന്‍ എത്തുന്നത്. 10.25 ലക്ഷം രൂപയാണ് ഇതിന്റെ വില.
അടുത്ത 10 വര്‍ഷത്തേക്ക് കൂടി ഘടകങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നുണ്ടെന്ന് ഫോക്‌സ്‌വാഗണിന്റെ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ആറുമാസംകൊണ്ട് പോളോയുടെ റീസെയില്‍ മൂല്യം കൂടിയെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ വില്പന നിര്‍ത്തുകയാണെങ്കിലും മറ്റു വിപണികളിലേക്കുള്ള കയറ്റുമതി തുടരും.

2010-ലാണ് ഫോക്‌സ്‌വാഗണ്‍ പോളോ പ്രീമിയം ഹാച്ച്ബാക്ക് ഇന്ത്യയില്‍ എത്തുന്നത്. രാജ്യാന്തര വിപണികളിലെ അഞ്ചാം തലമുറ മോഡലാണ് ഇന്ത്യയില്‍ എത്തിയത്. 12 വര്‍ഷത്തെ യാത്രയിലൂടെ ഇന്ത്യയിലെ യുവാക്കളുടെ പ്രിയപ്പെട്ട ഹാച്ച്ബാക്ക് ആകാന്‍ പോളോയ്ക്ക് സാധിച്ചു. സ്പോര്‍ട്ടി ഡിസൈന്‍, ശക്തമായ സുരക്ഷ, രസകരമായ ഡ്രൈവിങ്ങ് എന്നിവയായിരുന്നു പോളോയുടെ ഹൈലൈറ്റ്.
ഫോക്‌സ്‌വാഗണ്‍ ബ്രാന്റിന്റെ തന്നെ ഏറ്റവും പ്രിയപ്പെട്ട വാഹനമായ പോളോ ഇന്ത്യയോട് വിട പറയുന്നത് ആഘോഷത്തോടെ ആയിരിക്കണമെന്നും അതിനാലാണ് സെലിബ്രെറ്ററി ലിമിറ്റഡ് ലെജന്റ് എഡിഷന്‍ എത്തിക്കുന്നത് എന്നാണ് സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പ് അവതരിപ്പിച്ച് കൊണ്ട് ഫോക്‌സ്‌വാഗണ്‍ ഇന്ത്യ അറിയിച്ചത്.
1.0 ലിറ്റര്‍ ടി.എസ്.ഐ. ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഫോക്‌സ്‌വാഗണ്‍ പോളോയുടെ ഹൃദയം. ഇത് 108 ബി.എച്ച.പി. പവറും 175 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. മാനുവല്‍- ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് എന്നിവയാണ് പോളോയില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കിയിരുന്നത്. സുരക്ഷയില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങ് ഉറപ്പാക്കിയ വാഹനവുമായിരുന്നു പോളോ.
Content Highlights: Volkswagen announce discontinue the production of Polo hatchback
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..