ഫോക്‌സ്‌വാഗൺ കോൺഫറൻസിൽ വാഹനങ്ങൾ പ്രദർശിപ്പിച്ചപ്പോൾ | Photo: Volkswagen
ഇന്ത്യയിലെ വാഹന വിപണിയില്‍ ശക്തമായ സാന്നിധ്യമായി മാറിക്കഴിഞ്ഞ വാഹന നിര്‍മാതാക്കളാണ് ഫോക്‌സ്‌വാഗണ്‍. പോളൊ എന്ന വാഹനം നിരത്തുകളില്‍ നിന്ന് പിന്‍വലിച്ചത് ഫോക്‌സ്‌വാഗണ്‍ ആരാധകരെ അല്‍പ്പം വിഷമിപ്പിച്ചിട്ടുണ്ടെങ്കിലും അതിനുപകരമായി വെര്‍ട്യൂസ്, ടൈഗൂണ്‍ എന്നീ രണ്ട് വാഹനങ്ങളാണ് ഫോക്‌സ്‌വാഗണ്‍ ഇന്ത്യക്കായി നല്‍കിയത്. ഫോക്‌സ്‌വാഗണിന്റെ വലിയ പ്രഖ്യാപനങ്ങള്‍ക്ക് സാധാരണ ഗതിയില്‍ വേദിയാകുന്നത് ആനുവല്‍ കോണ്‍ഫറന്‍സിലാണ്. ഇത്തവണ ഈ സമ്മേളനത്തിന് വേദിയായത് കൊച്ചിയാണ്. ഇവിടെയുമുണ്ടായി എതാനും ചില പ്രഖ്യാപനങ്ങളും ഏതാനും ചില വാഹനങ്ങളുടെ അവതരണവും.
ആനുവല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ എത്തിയവരെ സ്വാഗതം ചെയ്തത് ഇന്ത്യയില്‍ ഇനിയും എത്തിയിട്ടില്ലത്ത ഫോക്‌സ്‌വാഗണിന്റെ ഇലക്ട്രിക് മോഡലായ ഐ.ഡി.4 ആയിരുന്നു. അതോടെ ഒന്ന് ഉറപ്പായി ഇലക്ട്രിക് വാഹനമാണ് ഇത്തവണത്തെ മുഖ്യപ്രഖ്യാപനം എന്നത്. എന്നാല്‍, ഇലക്ട്രിക് വാഹനം പരീക്ഷണ ഘട്ടത്തിലാണെന്നും 2025-ഓടെ മാത്രമായിരിക്കും ഈ വാഹനം എത്തിക്കുകയെന്നുമാണ് പോകെപോകെ തിരിച്ചറിഞ്ഞത്. എന്നാല്‍ പോലും ഫോക്‌സ്‌വാഗണ്‍ ഫാന്‍സിനെ ഒട്ടും നിരാശപ്പെടുത്താത്ത ആറ് വാഹനങ്ങളാണ് ഒന്നിന് പിന്നാലെ മറ്റൊന്നായി വേദിയില്‍ എത്തിയത്.

ഇത്തവണ അവതരിപ്പിച്ച വാഹനങ്ങള്‍ ഒന്നുംതന്നെ പുതിയ മോഡല്‍ അല്ലെന്നുള്ളതാണ് പ്രധാന സവിശേഷത. ഫോക്‌സ്‌വാഗണ്‍ വാഹന നിരയില്‍ ഏറ്റവുമധികം തിളങ്ങി നില്‍ക്കുന്ന മോഡലുകളായ വെര്‍ട്യൂസ്, ടൈഗൂണ്‍ വാഹനങ്ങളുടെ പല മോഡലുകളാണ്. ടൈഗൂണിന്റെ നാല് വ്യത്യസ്ത പതിപ്പുകള്‍ എത്തിയപ്പോള്‍, വെര്‍ട്യൂസിന്റെ രണ്ട് പുതിയ വകഭേദങ്ങളുമായാണ് ഫോക്‌സ്‌വാഗണിന്റെ 2023 ആനുവല്‍ കോണ്‍ഫറന്‍സ് ആരംഭിച്ചത്. ടൈഗൂണ്‍ വാഹനങ്ങളുടെ പുറം മോടിയിലെ മാറ്റങ്ങള്‍ വരുത്തിയാണ് പല വേരിയന്റുകള്‍ ആക്കിയിട്ടുള്ളതെങ്കില്‍ വെര്‍ട്യൂസില്‍ മാത്രമാണ് മെക്കാനിക്കലായി ശ്രദ്ധേയമായ ഒരു മാറ്റം നിര്‍മാതാക്കള്‍ വരുത്തിയിരിക്കുന്നത്.

വെര്‍ട്യൂസ് ജി.ടി. എഡ്ജ്
ഫോക്‌സ്‌വാഗണ്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള വാഹനങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ മാറ്റവുമായി എത്തിയിട്ടുള്ള വാഹനമാണ് സെഡാന്‍ മോഡലായ വെര്‍ട്യൂസിന്റെ ജി.ടി. എഡ്ജ് എന്ന പതിപ്പ്. 1.0 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍ എന്നീ രണ്ട് ടര്‍ബോ എന്‍ജിന്‍ മോഡലുകളാണ് വെര്‍ട്യൂസ് നിരത്തുകളില്‍ എത്തിയിട്ടുള്ളത്. 1.0 ലിറ്റര്‍ മോഡലില്‍ ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ എത്തിയിരുന്നെങ്കിലും 1.5 ലിറ്റര്‍ ജി.ടി. മോഡലില്‍ ഏഴ് സ്പീഡ് ഡി.എസ്.ജി. ട്രാന്‍സ്മിഷന്‍ മാത്രമായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍, ഈ വാഹനത്തില്‍ ഒരു ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ കൂടി നല്‍കിയാണ് വെര്‍ട്യൂസ് എഡ്ജ് എന്ന വാഹനം വിപണിയില്‍ എത്തുന്നത്. ഡീപ്പ് ബ്ലാ്ക്ക് പേള്‍ നിറത്തില്‍ മറ്റൊരു വേരിയന്റ് കൂടി വെര്‍ട്യൂസ് എത്തിക്കുന്നുണ്ട്.
ടൈഗൂണ്‍
ഫോക്‌സ്‌വാഗണിന്റെ എസ്.യു.വി. മോഡലായ ടൈഗൂണിന്റെ നാല് പതിപ്പാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ട്രയില്‍, മാറ്റ്, സ്‌പോര്‍ട്‌സ്, ജി.ടി. പ്ലസ് എന്നിവയാണ് എത്തിയിട്ടുള്ളത്. ലുക്കില്‍ സ്‌പോര്‍ട്ടി ഭാവം നല്‍കിയാണ് ട്രയില്‍ എഡിഷന്‍ എത്തിയിരിക്കുന്നത്. സൈഡ് ബോഡി ഗ്രാഫിക്‌സ്, റൂഫ് ഫോയില്‍, കറുപ്പ് നിറത്തിലുള്ള ബോഡി ഗാര്‍ണിഷ്, റെഡ് ആക്‌സെന്റുകള്‍ നല്‍കിയിട്ടുള്ള ബ്ലാക്ക് കളര്‍ മിറര്‍, 16 ഇഞ്ച് വലിപ്പമുള്ള ബ്ലാക്ക് അലോയി വീലുകള്‍ എന്നിവയാണ് ട്രയിലിന്റെ എക്‌സ്റ്റീരിര്‍ അലങ്കരിക്കുന്നത്. റെഗുലര്‍ ടൈഗൂണിന് സമാനമായാണ് ഈ വാഹനത്തിന്റെ അകത്തളം ഒരുക്കിയിരിക്കുന്നത്.

മാറ്റ് ഫിനീഷിങ്ങിലുള്ള ബോഡി കളര്‍ നല്‍കി എത്തിയിട്ടുള്ള പതിപ്പാണ് ടൈഗൂണ്‍ മാറ്റ് എഡിഷന്‍. മാറ്റ് ഫിനീഷിങ്ങില്‍ കാര്‍ബണ്‍ സ്റ്റീല്‍ നിറത്തിലാണ് ഈ വാഹനം ഒരുക്കിയിരിക്കുന്നത്. ഗ്ലോസി ബ്ലാക്ക് നിറത്തിലുള്ള ഡോര്‍ ഹാന്‍ഡില്‍, മിറര്‍, റൂഫ് സ്‌പോയിലര്‍ എന്നിവയും ഈ മോഡലില്‍ നല്‍കുന്നുണ്ട്. റെഗുലര്‍ മോഡലില്‍ നിന്ന് മറ്റ് പുതുമകള്‍ ഒന്നും ഈ വാഹനത്തില്‍ നല്‍കിയിട്ടില്ല. ബ്ലാക്ക് റെഡ് നിറങ്ങളുടെ കോംപിനേഷനാണ് അകത്തളം. സീറ്റുകളിലെ സ്റ്റിച്ചിങ്ങ്, പൈപ്പിങ്ങ് എന്നിവ ചുവപ്പ് നിറത്തിലാണ് നല്‍കിയിട്ടുള്ളത്. ഫീച്ചറുകള്‍ റെഗുലര്‍ മോഡലുമായി പങ്കിട്ടാണ് എത്തുന്നത്.

സ്‌പോര്‍ട്‌സ് മോഡലാണ് പെര്‍ഫോമെന്‍സിന് പ്രാധാന്യം നല്‍കി എത്തുന്നതെന്നാണ് ഫോക്‌സ്‌വാഗണ്‍ അവകാശപ്പെടുന്നത്. ബോണറ്റിലും ഡോറുകളിലും നല്‍കിയിട്ടുള്ള ഗ്രാഫിക്‌സും ടി.എസ്.ഐ ബാഡ്ജിങ്ങുമാണ് എക്സ്റ്റീരിയറില്‍ വരുത്തിയിട്ടുള്ള പുതുമ. അതേസമയം, അകത്തളത്തിലെ ഡിസൈനിങ്ങില്‍ മാറ്റങ്ങള്‍ പ്രകടമാണ്. എക്സ്റ്റീരിയറിലെ നിറത്തോട് യോജിക്കുന്ന ആക്‌സെന്റുകളാണ് ഡാഷ്‌ബോര്‍ഡിലും സ്റ്റിയറിങ്ങ് വീലിലും ഉള്‍പ്പെടെ നല്‍കിയിട്ടുള്ളത്. ആംബിയന്റ് ലൈറ്റിലും ബോഡി കളറിന്റെ സാന്നിധ്യം പ്രകടമാക്കും.

ജി.ടി.പ്ലസ് എന്ന പേരില്‍ എത്തിയിരിക്കുന്ന വാഹനം കറുപ്പിന്റെ അഴക് അറിയിക്കുന്നതാണ്. ഡീപ് ബ്ലാക്ക് പേള്‍ നിറം ബോഡില്‍ നല്‍കിയാണ് ഈ വേരിയന്റ് എത്തിച്ചിട്ടുള്ളത്. മുന്‍പ്, ടൈഗൂണ്‍ ലൈനപ്പില്‍ ഈ നിറം ഉണ്ടായിരുന്നില്ലെന്നതാണ് ഈ വാഹനത്തെ വേറിട്ടതാക്കുന്നത്. ഈ പതിപ്പിന്റെ ഇന്റീരിയര്‍ റെഗുലര്‍ മോഡലിലേതിന് സമാനമാണ്. അവതരിപ്പിച്ച വെര്‍ട്യൂസ്, ടൈഗൂണ്‍ എന്നീ മോഡലുകളുടെ എല്ലാ വേരിയന്റുകളിലും 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ആറ് സ്പീഡ് മാനുവല്‍ ഏഴ് സ്പീഡ് ഡി.എസ്.ജി. എന്നിവയാണ് ഇവയിലെ ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍.

ഭാവി പദ്ധതി
ഇന്ത്യന്‍ നിരത്തുകളില്‍ ഫോക്‌സ്‌വാഗണിന്റെ ലേബലില്‍ ഇനിയെത്തുന്നത് ഇലക്ട്രിക് വാഹനമായിരിക്കുമെന്നാണ് കമ്പനി മേധാവി അറിയിച്ചിരിക്കുന്നത്. കൊച്ചിയില്‍ പ്രദര്‍ശനത്തിനെത്തിച്ച ഐ.ഡി.4 തന്നെയായിരിക്കും ഈ വാഹനമെന്നും അദ്ദേഹം സൂചന നല്‍കുന്നുണ്ട്. എന്നാല്‍, എപ്പോഴേക്കും ഈ വാഹനം പ്രതീക്ഷിക്കാമെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാനും ഫോക്‌സ്‌വാഗണ്‍ തയാറായില്ല. 2025-ഓടെ മാത്രമേ ഈ വാഹനത്തെ നിരത്തുകളില്‍ പ്രതീക്ഷിച്ചാല്‍ മതിയെന്നായിരുന്നു പരോക്ഷമായ വെളിപ്പെടുത്തലും.
വാഹനത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും സാങ്കേതികവിദ്യയും ഉള്‍പ്പെടെ പൂര്‍ത്തിയായെങ്കിലും നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ ഈ വാഹനം എത്തിക്കുന്നത് വില്‍പ്പനയെ ബാധിച്ചേക്കുമെന്നാണ് ഫോക്‌സ്‌വാഗണിന്റെ വിലയിരുത്തല്‍. 2025-ന് ശേഷം എത്തിക്കുകയാണെങ്കില്‍ രാജ്യത്തെ സമ്പദ്ഘടനയില്‍ മാറ്റമുണ്ടാകുകയും 45 ലക്ഷം രൂപയ്ക്ക് മുകളിലായിരിക്കും ഈ വാഹനത്തിന്റെ വിലയെന്നും സൂചനയുണ്ട്. ഈ വിലയില്‍ ലഭ്യമാക്കിയാല്‍ അയോണിക് 5 ഉള്‍പ്പെടെയുള്ള വാഹനങ്ങളുമായി മത്സരിക്കാനും ഐ.ഡി.4-ന് സാധിക്കും.
പുതിയ ടിഗ്വാന്‍, ടോറഗ്, ടി-റോക്ക് തുടങ്ങിയ വാഹനങ്ങളാണ് ഫോക്‌സ്‌വാഗണില്‍ നിന്ന് ഇനിയെത്തുന്നത്. ഇതില്‍ ആദ്യ രണ്ട് മോഡലുകള്‍ 2024-25 വര്‍ഷത്തില്‍ എത്തുമെങ്കില്‍ 2026-ലേക്കായിരിക്കും ടി-റോക്ക് എത്തുക. ഈ വാഹനങ്ങള്‍ കേവലം ഇന്ത്യക്ക് മാത്രമായി എത്തിക്കില്ലെന്നും ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റ് ലക്ഷ്യമാക്കിയായിരിക്കും എത്തുക. ഫോക്‌സ്‌വാഗണിന്റെ ഇലക്ട്രിക് പോര്‍ട്ട്‌ഫോളിയോയില്‍ ഐ.ഡി. സീരീസിലുള്ള കൂടുതല്‍ മോഡലുകളും ഭാവിയില്‍ പ്രതീക്ഷിക്കാം. നിരത്തൊഴിഞ്ഞ ഫോക്‌സ്‌വാഗണ്‍ പോളോ തിരിച്ചെത്തിക്കാന്‍ വിദൂര സാധ്യത പോലും കമ്പനി നല്‍കുന്നില്ല. അതേസമയം, ഇനി ഒരു തിരിച്ചുവരവ് ഉണ്ടെങ്കിലും അത് ജി.ടി.ഐ. ആയായിരിക്കുമെന്നാണ് വിലയിരുത്തല്‍.
Content Highlights: Volkswagen announce 6 variants of Taigun and virtus in Volkswagen annual conference
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..