വീഡിയോ ഗെയിമുകളിലേതുപോലെ മുന്നിലെ സ്‌ക്രീനില്‍ നോക്കി വാഹനമോടിക്കാനാവുന്ന കാലമാണ് വരാനിരിക്കുന്നത്. ആധുനിക സാങ്കേതികവിദ്യകളെല്ലാം സമ്മേളിക്കുന്ന 'വെര്‍ച്വല്‍ കോക്പിറ്റ്' എന്ന സംവിധാനവുമായി കാറുകള്‍ നിരത്തിലിറക്കാനൊരുങ്ങുകയാണ് ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡി. 

സ്പീഡോമീറ്റര്‍, ടെക്‌നോമീറ്റര്‍ തുടങ്ങി സാധാരണ കാറുകളില്‍ കാണാറുള്ള നിരവധി ഘടകങ്ങള്‍ സമന്വയിക്കുന്ന ഒരു 12.3 ഇഞ്ച് എല്‍ഇഡി സ്‌ക്രീന്‍ ആയിരിക്കും വെര്‍ച്വല്‍ കോക്പിറ്റിലെ പ്രധാന ഘടകം. സ്റ്റിയറിംഗ് വീലിനു മുന്നിലായി സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഈ സ്‌ക്രീനില്‍ നാവിഗേഷന്‍, ഫോണ്‍, റേഡിയോ, വീഡിയോ, റിയര്‍ കാമറ, ട്രാഫിക് വിവരങ്ങള്‍ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ലഭ്യമാകും. വേഗത, എഞ്ചിന്‍ വിശദാംശങ്ങള്‍, ഇന്ധനത്തിന്റെ അളവ്, അന്തരീക്ഷോഷ്മാവ് തുടങ്ങിയവയൊക്കെ ഈ സക്രീനിലൂടെ അറിയാം. 

വേഗതകൂടിയ ഒരു കമ്പ്യൂട്ടര്‍ പ്രൊസസ്സറാണ് വെര്‍ച്വല്‍ കോക്പിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. സ്റ്റിയറിംഗ് വീലിലെ ബട്ടണുകളുപയോഗിച്ച് സ്‌ക്രീനില്‍ ലഭ്യമാകേണ്ട വിവരങ്ങള്‍ ഡ്രൈവര്‍ക്ക് തിരഞ്ഞെടുക്കാം. മാപ്പുകളും മറ്റും ആനിമേഷനിലൂടെ കൂടുതല്‍ വിശദാംശങ്ങളോടെ ലഭ്യമാകുന്നത് യാത്രയില്‍ ഏറെ സൗകര്യപ്രദമായിരിക്കും.

എല്ലാ വിവരങ്ങളും ലഭ്യമാകുന്ന സ്‌ക്രീന്‍ കാറിനെ ഒരു വെര്‍ച്വല്‍ ഇടമാക്കി മാറ്റുമെന്നത് വലിയ സൗകര്യമാണെങ്കിലും ഈ അമിത സൗകര്യം ദോഷകരമായി മാറാം എന്നും ചിലര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സ്‌ക്രീനില്‍ നിരന്തരം വിവരങ്ങള്‍ ലഭ്യമാകുന്നത് ഡ്രൈവര്‍ക്ക് ഒരു സിനിമ കാണുന്ന പ്രതീതിയായിരിക്കും ഉണ്ടാക്കുക. അപകടങ്ങള്‍ ഉണ്ടാകാന്‍ ഡ്രൈവറുടെ ശ്രദ്ധ അര സെക്കന്റ് മാറിയാല്‍ മതി എന്നിരിക്കെ ഇത് അപകടത്തിന് വഴിവയ്ക്കുമെന്നാണ് വിലയിരുത്തല്‍.

എന്നാല്‍, ഡ്രൈവിംഗും യാത്രയും ഏറ്റവും ലളിതവും സുഗമവുമാക്കുക എന്നതാണ് പുതിയ സാങ്കേതിക വിദ്യകള്‍ കൂട്ടിച്ചേര്‍ക്കുന്നതിലൂടെ തങ്ങള്‍ ലക്ഷ്യംവയ്ക്കുന്നതെന്ന് ഔഡി വക്താവ് വ്യക്തമാക്കുന്നു. സാധാരണ നാവിഗേഷന്‍ സംവിധാനങ്ങളിലുള്ള അവ്യക്തമായ, വേഗത കുറഞ്ഞ മാപ്പ് ഡ്രൈവറുടെ അമിത ശ്രദ്ധ ആവശ്യപ്പെടുന്നുണ്ട്. ഡ്രൈവര്‍ക്ക് അമിത ശ്രദ്ധ കൊടുക്കേണ്ട സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിലൂടെ അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

തല്‍ക്കാലം ഔഡിയുടെ ചില മോഡലുകളില്‍ മാത്രമാണ് പുതിയ സംവിധാനം ഉണ്ടാവുക. 2016 മോഡല്‍ ടിടി, 2017 എ4 സെഡാന്‍, ക്യൂ7, ആര്‍8 എന്നിവയിലായിരിക്കും ആദ്യഘട്ടത്തില്‍ വെര്‍ച്വല്‍ കോക്പിറ്റ് ഉണ്ടായിരിക്കുക. അധികം വൈകാതെ എല്ലാ കാറുകളിലെയും ഒരു സാധാരണ ഫീച്ചറായി വെര്‍ച്വല്‍ കോക്പിറ്റുകള്‍ മാറുമെന്നാണ് വാഹനവിപണിയിലെ വിദഗ്ധര്‍ പറയുന്നത്.