വാഹന നിര്‍മാതാക്കള്‍, പൂര്‍ണമായും ജൈവ ഇന്ധനം ഉപയോഗിച്ചോടുന്ന വാഹനങ്ങള്‍കൂടി പുറത്തിറക്കണമെന്ന് ആറു മാസത്തിനകം നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. പെട്രോള്‍, ഡീസല്‍ വിലകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് ഇത് കൂടുതല്‍ ലാഭകരമായിരിക്കും. 

പെട്രോളിന് 100 രൂപയ്ക്കു മുകളില്‍ ചെലവുവരുമ്പോള്‍ ജൈവ എഥനോളിന് 65 രൂപ മാത്രമാണ് വേണ്ടിവരുക. ജൈവ ഇന്ധനത്തിന് മലിനീകരണം താരതമ്യേന കുറവാണ്. മാത്രമല്ല, എണ്ണ ഇറക്കുമതിച്ചെലവ് കുറയ്ക്കാനും കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബ്രോക്കറേജ് കമ്പനിയായ ഇളാര കാപിറ്റല്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു മന്ത്രി.

ഒരേ എന്‍ജിനില്‍ പല ഇന്ധനങ്ങള്‍ ഉപയോഗിക്കാവുന്ന സൗകര്യമാണ് വേണ്ടത്. ഇത്തരം എന്‍ജിനുകള്‍ അവതരിപ്പിക്കാന്‍ വാഹനക്കമ്പനികള്‍ സന്നദ്ധമാകണം. ഇതിന് ആറുമാസത്തിനകം നിയമം കൊണ്ടുവരാനാണ് ആലോചന. പെട്രോളും ഡീസലും വില്‍ക്കുന്ന അതേ രീതിയില്‍ ജൈവ ഇന്ധനം ലഭ്യമാക്കന്‍ എണ്ണ വിപണന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. 

ഇതുവഴി ഉപഭോക്താക്കള്‍ക്ക് വാഹനങ്ങളില്‍ പെട്രോള്‍, ബയോ എഥനോള്‍ എന്നിവ ഇഷ്ടാനുസരണം തിരഞ്ഞെടുത്ത് ഉപയോഗിക്കാനാകും. പല വിളകള്‍ക്കും കര്‍ഷകര്‍ക്കു നല്‍കുന്ന താങ്ങുവില വിപണി വിലയെക്കാള്‍ കൂടുതലാണിപ്പോള്‍. അരി, ചോളം, പഞ്ചസാര തുടങ്ങിയവയുടെ നീക്കിയിരിപ്പ് എഥനോള്‍ ഉത്പാദിപ്പിക്കാന്‍ ഉപയോഗിക്കാം. ഇത് കര്‍ഷകര്‍ക്ക് കൂടുതല്‍ വില ലഭിക്കാനും രാജ്യപുരോഗതിക്കും പ്രയോജനപ്പെടും. 

വൈദ്യുതവാഹന മേഖലയും മെച്ചപ്പെടുന്നുണ്ട്. ഒരു വര്‍ഷത്തിനകം രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ സാന്ദ്രത കൂടിവരും. അഞ്ചുവര്‍ഷംകൊണ്ട് വിവിധ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെ നിര്‍മാണ ഹബ്ബായി രാജ്യത്തെ മാറ്റണമെന്നാണ് ആഗ്രഹമെന്നും ഗഡ്കരി പറഞ്ഞു. ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്നതിനുള്ള ശ്രമങ്ങളും ശക്തമാക്കിയിട്ടുണ്ട്. കടല്‍ജലത്തില്‍നിന്നും മലിനജലത്തില്‍നിന്നും ഇതിനായുള്ള ഹൈഡ്രജന്‍ വേര്‍തിരിച്ചെടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

Content Highlights: Vehicle Companies Should Make Bio Fuel Vehicles; Says Nitin Gadkari