മികച്ച വില്‍പന തുടരുന്ന ചെറുഹാച്ച്ബാക്ക്‌ ക്വിഡിന്റെ പുതിയ പതിപ്പ് റെനോ പുറത്തിറക്കി. റിവേഴ്‌സ് പാര്‍ക്കിങ് ക്യാമറ സഹിതം പുത്തന്‍ ഫീച്ചേഴ്‌സ് ഉള്‍ക്കൊള്ളിച്ചാണ് 2018 ക്വിഡ് വിപണിയിലെത്തുന്നത്. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ ആകെ എട്ട് വകഭേദങ്ങളില്‍ പുതിയ ക്വിഡ് ലഭ്യമാകും. വിലയില്‍ മാറ്റമില്ല, 800 സിസി ക്വിഡിന് 2.66 ലക്ഷം രൂപയും 1.0 ലിറ്റര്‍ ക്വിഡിന് 4.59 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. 

ക്രോം ആവരണിലാണ് പുതിയ ഗ്രില്‍ ഡിസൈന്‍. ടോപ് സ്‌പെക്കില്‍ മാത്രമാണ് പ്രധാന ഫീച്ചറായ റിവേഴ്‌സ് പാര്‍ക്കിങ് ക്യാമറയുള്ളത്. ക്രോം ഫിനിഷിലാണ് ഡോര്‍ ഹാന്‍ഡില്‍. ഫുള്‍ വീല്‍ കവര്‍ സ്‌പോര്‍ട്ടി രൂപം നല്‍കും. പിന്‍നിരയിലെ യാത്രക്കാര്‍ക്കായി 12V ചാര്‍ജിങ് സോക്കറ്റും റിട്രാക്റ്റബിള്‍ സീറ്റ് ബെല്‍റ്റും ആംറസ്റ്റും നല്‍കിയിട്ടുണ്ട്. ഫ്രണ്ട് പവര്‍ വിന്‍ഡോ, റിമോട്ട് സെന്‍ട്രല്‍ ലോക്കിങ്, ഫോഗ് ലാമ്പ് എന്നിവ ഇത്തവണ RXL വകഭേദത്തിലും ലഭ്യമാകും. 

മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ മാറ്റമില്ല. 800 സിസി ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 53 ബിഎച്ച്പി പവറും 72 എന്‍എം ടോര്‍ക്കുമേകും. 5 സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍. 1.0 ലിറ്റര്‍ എന്‍ജിന്‍ 67 ബിഎച്ച്പി പവറും 91 എന്‍എം ടോര്‍ക്കും നല്‍കും. റെഡ്, ഗ്രേ, മൂണ്‍ലൈറ്റ് സില്‍വര്‍, വൈറ്റ്, ബ്രോണ്‍സ്, ബ്ലൂ എന്നീ ആറു നിറങ്ങളില്‍ ക്വിഡ് സ്വന്തമാക്കാം. റോഡ് അസിസ്റ്റന്‍സിനൊപ്പം നാല് വര്‍ഷം അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്ററാണ് കമ്പനി നല്‍കുന്ന വാറണ്ടി. മാരുതി ആള്‍ട്ടോ, ടാറ്റ ടിയാഗോ, ഹ്യുണ്ടായി ഇയോണ്‍ എന്നിവയാണ് ഇവിടെ ക്വിഡന്റെ മുഖ്യ എതിരാളികള്‍.

വില വിവരം (ഡല്‍ഹി എക്‌സ്‌ഷോറൂം)

Standard - 0.8L  - Rs 266,700
RXE - 0.8L  - Rs 309,800
RXL - 0.8L  - Rs 335,900
RXT-O (MT) - 0.8L  - Rs 382,500
RXT-O (MT) - 1.0 L  - Rs 404,500
RXT-O- (AMT) - 1.0 L  - Rs 434, 500
KWID Climber MT- 1.0 L  - Rs 429,500
KWID Climber AMT- 1.0 L  - Rs 459,500

New kwid

New Kwid

Content Highlights; Updated Renault Kwid launched In India