ഹാച്ച്ബാക്ക് കാറുകള്‍ക്കും കോംപാക്ട് എസ്‌യുവിക്കുമാണ് ഇന്ത്യന്‍ നിരത്തിലിപ്പോള്‍ കൂടുതല്‍ ഡിമാന്റ്. അത് തിരിച്ചറിഞ്ഞ് ഈ ശ്രേണികളിലേക്ക് കൂടുതല്‍ വാഹനങ്ങളിറക്കാനാണ് നിര്‍മാതാക്കളുടെ ശ്രമം. ഇത്തരത്തില്‍ 2018-ല്‍ പുറത്തിറങ്ങാനിരിക്കുന്ന ചില മോഡലുകള്‍...
ഹ്യുണ്ടായി സാന്‍ട്രോ
സാന്‍ട്രോയിലൂടെയാണ് കൊറിയന്‍ കമ്പനിയായ ഹ്യുണ്ടായി ഇന്ത്യയിലെത്തിയത്. എന്നാല്‍, പിന്നീട് സാന്‍ട്രോയുടെ ഉത്പാദനം നിര്‍ത്തിയെങ്കിലും ഹ്യുണ്ടായി ഇന്ത്യയില്‍ എത്തിയതിന്റെ 20-ാം വാര്‍ഷികം തുടക്കകാരനെ ഇറക്കി ആഘോഷിക്കുകയാണ് സാന്‍ട്രോ.

ഉത്സവ സീസണില്‍ ഹ്യുണ്ടായിയുടെ പുതിയ ഹാച്ച്ബാക്ക് നിരത്തിലെത്തുമെന്ന് കമ്പനി അറിയിച്ചെങ്കിലും അത് സാന്‍ട്രോയാണെന്നതില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. എന്നാല്‍, വളരെ സ്റ്റൈലീഷ് ആയിട്ടുള്ള ഹാച്ച്ബാക്കാണ് ഹ്യുണ്ടായി നിരത്തിലെത്തിക്കുകയെന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്.
ടാറ്റാ ടിയാഗോ ഇ.വി
ഇലക്ട്രിക് കാറുകളുടെ യുഗത്തിലേക്ക് ടിയാഗോയിലൂടെ കാല്‍വയ്പ്പ് നടത്താനുള്ള തയാറെടുപ്പിലാണ് ടാറ്റാ. ഇതിനായി ടിയാഗോ ഇ.വി എന്ന ഹാച്ച്ബാക്കാണ് ടാറ്റാ ഈ വര്‍ഷം നിരത്തിലെത്തിക്കുന്നത്.
ഇന്ത്യയില്‍ മഹീന്ദ്ര മാത്രം സാന്നിധ്യമറിയിച്ചിരിക്കുന്ന ഈ വിഭാഗത്തിലേക്ക് താരതമ്യേന കുറഞ്ഞ വിലയില്‍ വാഹനം ലഭ്യമാക്കാനാണ് കമ്പനിയുടെ പദ്ധതി. വാഹനത്തിന്റെ എന്‍ജിന്‍ സംബന്ധിച്ച വിവരങ്ങള്‍ ടാറ്റാ പുറത്തുവിട്ടിട്ടില്ല.
മാരുതി വാഗണ്‍-ആര്‍
കുറച്ചുകൂടി വലുതായി നിരത്തിലെത്താന്‍ തയാറെടുക്കുകയാണ് മാരുതിയുടെ അഭിമാന മോഡലായ വാഗണ്‍-ആര്‍. കടുത്ത മത്സരം നേരിടുന്ന ശ്രേണിയിലാണ് വാഗണ്‍-ആര്‍ ഇപ്പോള്‍. ഈ മത്സരത്തെ മറിക്കടക്കാനാണ് മാറ്റങ്ങളുമായി എത്തുന്നത്.
പുതുതായി അവതരിപ്പിക്കുന്ന വാഗണ്‍-ആറില്‍ ഏഴ് സീറ്റുണ്ടായിരിക്കുമെന്നാണ് സൂചന. അതിന് പുറമെ, എന്‍ജിനിലും ചില മാറ്റങ്ങള്‍ വരുത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.
ഡാറ്റ്‌സണ്‍ ഗോ
എതിരാളികളെ അപേക്ഷിച്ച് സൗന്ദര്യം കുറവാണെന്ന് തിരിച്ചറിഞ്ഞ ഡാറ്റ്‌സണ്‍ ഗോ മാറ്റങ്ങളുമായി പുനര്‍ജനിക്കുന്നു. കൂടുതല്‍ സ്റ്റൈലിഷായ ഗ്രില്ലും വലിയ ബമ്പറും നല്‍കിയാണ് വാഹനത്തിന്റെ സൗന്ദര്യം ഉയര്‍ത്തിയിരിക്കുന്നത്.
ഗോ എന്ന വാഹനത്തിലൂടെയാണ് ഡാറ്റ്‌സണ്‍ ഇന്ത്യയിലെത്തിയത്. അതുകൊണ്ട് തന്നെയാണ് ഈ വാഹനം കൂടുതല്‍ മോടി പിടിപ്പിച്ച് പുറത്തെത്തിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഈ വാഹനം നിരത്തിലെത്തുമെന്നാണ് കരുതുന്നത്.
എം.ജി-3
നിലവില്‍ നിരത്തിലുള്ള കമ്പനികള്‍ക്ക് പുറമെ, ഒരു വിദേശി വാഹനം കൂടി നിരത്തിലെത്തുന്നുണ്ട്. ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ മോറിസ് ഗാരേജ് എന്ന എം.ജി. മോട്ടോഴ്‌സാണ് പുത്തന്‍ ഹാച്ച്ബാക്ക് ഇന്ത്യയില്‍ ഇറക്കുന്നത്.
എംജി മോട്ടോഴ്‌സിന്റെ ഇന്ത്യയിലേക്കുള്ള കാല്‍വയ്പ്പായാണ് എംജി-3 എന്ന ഹാച്ച്ബാക്ക് എത്തിക്കുന്നത്. ഇതിന് പിന്നാലെ അവരുടെ മറ്റ് വാഹനങ്ങളും ഇന്ത്യയില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ടാറ്റ എക്‌സ്-451
ഇതുവരെ പേരിട്ടിട്ടില്ലാത്ത ഒരു ഹാച്ച്ബാക്ക് മോഡലുകൂടി ടാറ്റ പുറത്തിറക്കുന്നുണ്ട്. എക്‌സ്-451 എന്ന കോഡ് നമ്പറിലാണ് ഇത് ഇപ്പോള്‍ അറിയപ്പെടുന്നത്. 2018 ഓട്ടോഎക്‌സ്‌പോയില്‍ ടാറ്റയുടെ പുതിയ വാഹനത്തിന്റെ കണ്‍സപ്റ്റ് പ്രദര്‍ശിപ്പിച്ചത്.

ആഡംബര വാഹനങ്ങളുടെ തലയെടുപ്പോടെയാണ് ടാറ്റയുടെ പുത്തന്‍ താരോദയം. അടുത്തിടെ പുറത്തിറക്കിയ വാഹനങ്ങള്‍ വിജയമായതിനെ തുടര്‍ന്നാണ് ടാറ്റാ ഹാച്ച്ബാക്ക് ശ്രേണിയില്‍ പരീക്ഷണത്തിനൊരുങ്ങുന്നത്.