ന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ മഹീന്ദ്രയും ഫോര്‍ഡും സഹകരണം പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ ഒരു കോംപാക്ട് എസ്.യു.വി. നിരത്തുകളില്‍ എത്തിക്കുമെന്ന് സംയുക്ത പ്രഖ്യാപനം നടത്തിയിരുന്നു. കേട്ടവര്‍ മറന്ന് തുടങ്ങിയ ഈ വാഗ്ദാനം വൈകാതെ യാഥാര്‍ഥ്യമാകുമെന്ന് സൂചന നല്‍കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

ഫോര്‍ഡ്-മഹീന്ദ്ര കൂട്ടുകെട്ടിലൊരുങ്ങുന്ന വാഹനത്തിന്റേതെന്ന് കരുതുന്ന ചിത്രങ്ങളാണ് നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വാഹനത്തിന്റെ മുന്നിലെ ഹെക്‌സാഗണല്‍ ഗ്രില്ലും ഫോര്‍ഡിന്റെ ലോഗോയും മസ്‌കുലര്‍ ബംബറും ഫോഗ് ലാമ്പും എല്‍.ഇ.ഡി. ഹെഡ്‌ലാമ്പിന്റെ നേരിയ ഭാഗവും ഉള്‍പ്പെടുന്ന ചിത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.  

2021-22 ല്‍ നിരത്തുകളില്‍ എത്താനൊരുങ്ങുന്ന വാഹനമാണിതെന്നാണ് വിലയിരുത്തലുകള്‍. ഫോര്‍ഡിന്റെ മറ്റ് എസ്.യു.വികളുടെ ഡിസൈനില്‍നിന്നും വലിയ മാറ്റവുമായാണ് ഈ എസ്.യു.വി. ഒരുങ്ങുന്നത്. ഫൈവ് സീറ്ററായാണ് എത്തുന്നതെങ്കിലും ഈ ശ്രേണിയിലെ എതിരാളികളെക്കാള്‍ സൗകര്യം ഇതില്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. 

മുമ്പ് പുറത്തുവന്ന വാര്‍ത്തകള്‍ അനുസരിച്ച് മഹീന്ദ്ര-ഫോര്‍ഡ് കൂട്ടുകെട്ടില്‍ എത്തുന്ന ആദ്യ വാഹനത്തിന്റെ 75 ശതമാനവും മഹീന്ദ്ര എക്‌സ്.യു.വി 500-ന് സമാനമായിരിക്കുമെന്നായിരുന്നു. അതേസമയം, ഈ വാഹനത്തിന്റെ ഷാസി, സസ്‌പെന്‍ഷന്‍ തുടങ്ങിയവ ഫോര്‍ഡില്‍ വികസിപ്പിച്ചവയായിരിക്കുമെന്നും ആയിരുന്നു സൂചനകള്‍. 

മെക്കാനിക്കല്‍ ഫീച്ചറുകളെ കുറിച്ചുള്ള വിവരം ലഭ്യമല്ലെങ്കിലും 2.0 ലിറ്റര്‍ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്നീ രണ്ട് എന്‍ജിന്‍ ഓപ്ഷനുകളില്‍ എത്തുമെന്നാണ് അഭ്യൂഹം. മാനുവല്‍ - ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളില്‍ എത്തുന്ന ഈ വാഹനത്തില്‍ ടൂ വീല്‍, ഫോര്‍ വീല്‍ ഡ്രൈവ് മോഡലുകള്‍ നല്‍കുമെന്നുമാണ് വിലയിരുത്തലുകള്‍.

Content Highlights: Upcoming Ford-Mahindra SUV Image Leaked Online