ന്ത്യയിലും കാറുകളുടെ ഇ-യുഗം ആരംഭിക്കുകയായി. ഹ്യുണ്ടായ് തങ്ങളുടെ കോനയിലൂടെ രാജ്യത്തെ പൂര്‍ണ വൈദ്യുത കാര്‍ രംഗത്തിറക്കിയിരിക്കുകയാണ്. അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തില്‍ ഏറെ ദൂരം പോകാനുണ്ടെങ്കിലും ഭാവിയുടെ വാഹനം എന്ന നിലയില്‍ വൈദ്യുതവാഹനങ്ങള്‍ക്ക് രാജ്യത്ത് പ്രചാരം ലഭിച്ചുവരികയാണ്. ടാറ്റയും മഹീന്ദ്രയുമടക്കമുള്ള കമ്പനികള്‍ വൈദ്യുത കാറുകളുടെ ചെറുപതിപ്പുകള്‍ പുറത്തിറക്കിത്തുടങ്ങിയിട്ടുണ്ട്.

തങ്ങളുടെ പ്രചാരംനേടിയ വാഹനങ്ങളുടെ വൈദ്യുത പതിപ്പുകളാണ് അവര്‍ സാമ്പിളായി കൊണ്ടുവരുന്നത്. എന്നാല്‍, ദീര്‍ഘദൂരമെന്ന വലിയ കടമ്പയിലാണ് ഇവര്‍ക്ക് കാലിടറുന്നത്. എന്നാല്‍, ഭാവിയില്‍ മികച്ച മൈലേജും അതോടൊപ്പം പെട്ടെന്ന് ചാര്‍ജാകുന്നതുമായ വാഹനങ്ങള്‍ നിരത്തിലേക്ക് വരുന്നതോടെ ആവശ്യക്കാരുടെ എണ്ണവും കൂടും. ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നതോടെ ഒരുപരിധിവരെ പ്രശ്‌നങ്ങള്‍ക്ക് അവസാനമാകുമെന്നാണ് കരുതുന്നത്. 

സര്‍ക്കാറും അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നത് ശുഭസൂചകമായിട്ടാണ് കമ്പനികള്‍ കാണുന്നത്. എന്തായാലും അടുത്തവര്‍ഷം വൈദ്യുത വാഹനങ്ങളുടെ പുഷ്‌കല കാലമായിരിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. വരാന്‍പോകുന്ന ഡല്‍ഹി ഓട്ടോ എക്‌സ്പോയിലും താരങ്ങള്‍ വൈദ്യുത വാഹനങ്ങളായിരിക്കും. ഇന്ത്യയിലേക്ക് വരാന്‍ തയ്യാറായിനില്‍ക്കുന്ന ചില വൈദ്യുത വാഹനങ്ങളെ പരിചയപ്പെടാം.

ഔഡി ഇ ട്രോണ്‍

Audi E-Tron


 ഇന്ത്യയിലെ ആദ്യ ആഡംബര വൈദ്യുത എസ്. യു.വി.യായിരിക്കും ഔഡിയുടെ 'ഇ ട്രോണ്‍' എന്നാണ് സംസാരം. ഈ വര്‍ഷം അവസാനമോ അടുത്തവര്‍ഷം ആദ്യമോ ഇ േട്രാണിനെ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള പദ്ധതിയുണ്ട് ഔഡിക്ക്. ഒന്നരക്കോടിയെങ്കിലുമായിരിക്കും വിലയെന്നാണ് കരുതുന്നത്. വൈദ്യുതവാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡിയുണ്ടാവുന്നതിനാല്‍ വില കുറച്ച് താഴേക്കുവരുമെന്ന് പ്രതീക്ഷിക്കാം. 

മുഴുവന്‍ ചാര്‍ജ് ചെയ്താല്‍ 400 കിലോമീറ്ററാണ് കമ്പനിയുടെ വാഗ്ദാനം. ഡി.സി. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് അരമണിക്കൂറുകൊണ്ട് എണ്‍പത് ശതമാനം ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. മുന്നിലും പിന്നിലുമുള്ള രണ്ട് വൈദ്യുത മോട്ടോറുകളാണ് വാഹനത്തിന്റെ കരുത്ത്. 125 കിലോവാട്ടാണ് മുന്നിലെ ആക്‌സിലിലെ മോട്ടോര്‍ ഉത്പാദിപ്പിക്കുന്നത്. പിന്നിലെ ആക്‌സിലിലുള്ളത് 140 കിലോവാട്ടിന്റേതാണ്. 

രണ്ടു മോട്ടോറുകളും ചേര്‍ത്ത് 355 ബി.എച്ച്.പി. കരുത്ത് ഉത്പാദിപ്പിക്കും. വാഹനത്തിന്റെ പരമാവധി ടോര്‍ക്ക് 561 എന്‍.എം. ആണ്. എസ്.യു.വി.ക്ക് നല്‍കിയിരിക്കുന്ന പവര്‍ബൂസ്റ്റര്‍ ഉപയോഗിച്ച് 403 ബി.എച്ച്.പി. വരെ കരുത്ത് ഉയര്‍ത്താന്‍ കഴിയും. പരമാവധി വേഗം 200 കിലോമീറ്ററാണ്.

ജാഗ്വര്‍ ഐ പേസ്

Jaguar F-Pace


 കഴിഞ്ഞവര്‍ഷം പുറത്തിറക്കിയ ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ പൂര്‍ണ വൈദ്യുത എസ്.യു.വി. ഇന്ത്യയിലേക്ക് വരുന്നു. 2020 മധ്യത്തോടെയായിരിക്കും ഈ ആഡംബര എസ്.യു.വി. ഇന്ത്യയിലേക്ക് വരുന്നത്. നാലുവര്‍ഷമാണ് കമ്പനി ഇതിന്റെ സാങ്കല്‍പ്പിക രൂപത്തില്‍നിന്ന് പൂര്‍ണവളര്‍ച്ചയിലെത്തിക്കാന്‍ എടുത്തത്. 

മുന്നിലേയും പിന്നിലേയും ആക്‌സിലുകളില്‍ ഘടിപ്പിച്ച കാന്തിക വൈദ്യുത മോട്ടോറുകളാണ് വാഹനത്തെ ചലിപ്പിക്കുന്നത്. രണ്ടും ചേര്‍ന്ന് 395 ബി.എച്ച്.പി. കരുത്താണ് ഉത്പാദിപ്പിക്കുക. ഓള്‍ വീല്‍ ഡ്രൈവുമുള്ള വാഹനത്തിന് പൂജ്യത്തില്‍നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 4.5 സെക്കന്‍ഡ് മതി. ഒറ്റച്ചാര്‍ജില്‍ 480 കിലോമീറ്റര്‍ ഓടിക്കാനും കഴിയും.

മഹീന്ദ്ര കെ.യു.വി. 100

KUV 100


 ഇന്ത്യയിലെ വൈദ്യുത കാര്‍ നിര്‍മാണരംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന മഹീന്ദ്രയാണ് അടുത്തവര്‍ഷം പുതിയ വൈദ്യുത കാറുമായി വരുന്നത്. മൈക്രോ എസ്.യു.വി.യായ കെ.യു.വി. 100-മായിട്ടായിരിക്കും വരവെന്ന് കമ്പനി പ്രഖ്യാപിച്ചുകഴിഞ്ഞു. പത്തുലക്ഷത്തിനടുത്ത് വിലയുമായിട്ടായിരിക്കും ഇത് എത്തുന്നത്. വാഹനത്തിന്റെ സാങ്കേതികവിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാല്‍, 50 ബി.എച്ച്.പി. കരുത്ത് നല്‍കുന്നതായിരിക്കും ഇതെന്നാണ് നിഗമനം.

ടാറ്റ അള്‍ട്രോസ് ഇ.വി., നെക്‌സണ്‍ ഇ.വി. 

Tata Ev

വൈദ്യുതവാഹന നിര്‍മാണരംഗത്ത് വന്‍ പദ്ധതിയാണ് ടാറ്റ പ്രഖ്യാപിച്ചത്. ഒരുവര്‍ഷത്തിനുള്ളില്‍ നാല് വൈദ്യുതവാഹനങ്ങള്‍ പുറത്തിറക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതില്‍ വരാനിരിക്കുന്ന പ്രീമിയം ഹാച്ച്ബാക്ക് അള്‍ട്രോസ് വരെ ഉള്‍പ്പെടുന്നു. ജനീവ ഓട്ടോഷോയിലാണ് ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്കായ അള്‍ട്രോസിന്റെ വൈദ്യുത പതിപ്പ് അവതരിപ്പിച്ചത്.

ഇതിന്റെ സാധാരണ മോഡല്‍ വരെ ഇന്ത്യയില്‍ ഇറങ്ങാന്‍പോകുന്നതേയുള്ളു. മാസങ്ങള്‍ക്കുള്ളില്‍ അള്‍ട്രോസ് പുറത്തിറങ്ങും. പിന്നാലെ അതിന്റെ വൈദ്യുതപ്പതിപ്പും വരുമെന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്. പത്തു ലക്ഷം മുതലാണ് അള്‍ട്രോസിന് വിലയുണ്ടാകുക എന്നാണ് കരുതുന്നത്. 250 മുതല്‍ 300 കിലോമീറ്റര്‍ വരെ ഒറ്റചാര്‍ജില്‍ ഓടാന്‍ കഴിയുന്ന അള്‍ട്രോസില്‍ ഒരുമണിക്കൂറിനുള്ളില്‍ എണ്‍പത് ശതമാനം ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ഡി.സി. ചാര്‍ജറുമുണ്ടായിരിക്കും.

ടാറ്റയുടെ പ്രഖ്യാപനത്തിലെ മറ്റൊന്ന് നെക്‌സണ്‍ എസ്.യു.വി.യാണ്. കോംപാക്ട് എസ്.യു.വി.കളില്‍ ഹിറ്റായി മാറിയ നെക്‌സണിന് വൈദ്യുതക്കരുത്തുകൂടി നല്‍കിയായിരിക്കും അടുത്തവര്‍ഷം പുറത്തിറക്കുക.

Content Highlights: Upcoming Electric Cars In India